Sunday, February 17, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.22 AM

ആറന്മുളക്കണ്ണാടിയും മഹാപ്രളയത്തിലുടഞ്ഞു

uploads/news/2018/09/244921/10.jpg

കോഴഞ്ചേരി: പമ്പയിലെ മഹാപ്രളയത്തില്‍ ഉടഞ്ഞു ചിതറിയ രാജ്യാന്തര പ്രശസ്‌തി നേടിയ ആറന്മുളക്കണ്ണാടി കൂടിയാണ്‌. പ്രളയജലം നക്കിത്തുടച്ച പമ്പയുടെ കരയില്‍ നിന്ന്‌ ഇനി എങ്ങനെ കണ്ണാടിയുടെ ലോഹക്കൂട്ട്‌ കണ്ടെത്താന്‍ കഴിയുമെന്ന ആശങ്കയിലാണ്‌ ഇതിന്റെ നിര്‍മാതാക്കള്‍.
പാര്‍ത്ഥസാരഥി ക്ഷേത്ര ഗ്രാമത്തെ ആഗോള പ്രശസ്‌തമാക്കിയതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ ആറന്മുള കണ്ണാടിയാണ്‌. ഇതിന്റെ നിര്‍മാണം തുടരാന്‍ കഴിയാത്ത വിധമാണ്‌ പ്രളയത്തില്‍ കണ്ണാടി നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്‌തു ചെളി കയറി നശിച്ചത്‌.
ആറന്മുളയിലെ പരമ്പരാഗത കുടുംബങ്ങളില്‍പ്പെട്ടവരാണ്‌ കണ്ണാടി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഭൗമസൂചികയിലൂടെ ഇവര്‍ക്ക്‌ ഇതിനുള്ള പേറ്റന്റും ലഭിച്ചു. ആറന്മുളയിലെയും സമീപ പുഞ്ചകളിലെയും മണ്ണാണ്‌ ആറന്മുള കണ്ണാടിനിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്‌തു. പ്രളയജലം കുത്തിയൊഴുകി ഈ പ്രദേശത്തു എത്തിച്ചത്‌ ഡാമുകളില്‍ അടിഞ്ഞു കിടന്ന എക്കലും സിമെന്റ്‌ പൊടിയും ഉരുള്‍ പൊട്ടലിലൂടെ പുറത്തു എത്തിയ പുതു മണ്ണുമാണ്‌. പത്തടി വരെ ഉയരത്തിലാണ്‌ പലയിടത്തും ഇത്തരം മണ്ണ്‌ അടിഞ്ഞിരിക്കുന്നത്‌.
ഇത്‌ മാറ്റിയ ശേഷം വേണം കണ്ണാടി നിര്‍മാണത്തിനുള്ള മണ്ണ്‌ ഉണ്ടോ എന്ന്‌ പരിശോധിക്കാന്‍. പഴയതിനൊപ്പം പുതിയത്‌ കൂടി ചേര്‍ന്നാല്‍ അത്‌ കണ്ണാടിക്ക്‌ ഉതകില്ലെന്ന്‌ മുഖ്യ ശില്‍പികള്‍ പറയുന്നു. മണ്ണു കൊണ്ട്‌ നിര്‍മ്മിക്കുന്ന മൂശയിലാണ്‌ ആറന്മുള കണ്ണാടി വിവിധ തരത്തിലും വലിപ്പത്തിലും രൂപപ്പെടുന്നത്‌. കുറഞ്ഞത്‌ ഒരു മൂശയില്‍ ഒരു വര്‍ഷക്കാലം എങ്കിലും കണ്ണാടി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ പ്രളയത്തില്‍ നിര്‍മാണ ശാലകള്‍ വരെ ഒലിച്ചു പോയതോടെ ഇനി എന്ത്‌ എന്ന അവസ്‌ഥയിലാണ്‌ കണ്ണാടി നിര്‍മ്മാണ മേഖല. ആറന്മുള വള്ളസദ്യ-ജലമേള കാലമായതിനാല്‍ വലിയ തോതില്‍ ആവശ്യക്കാര്‍ വരേണ്ടതാണ്‌.
ഇത്‌ മുന്നില്‍ കണ്ട്‌ നിര്‍മാണം നടത്തി വരവേയാണ്‌ നിര്‍മ്മാണ ശാലകളും താമസ സ്‌ഥലങ്ങളുമടക്കം പ്രളയം തകര്‍ത്തത്‌. ഇതിന്‌ പുറമേയാണ്‌ അസംസ്‌കൃത വസ്‌തുവായ മണ്ണും ചെളിയില്‍ അകപ്പെട്ടത്‌. കണ്ണാടി നിര്‍മാണം പെട്ടെന്ന്‌ ആരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങളും തൊഴിലാളികളും പട്ടിണിയിലേക്ക്‌ നീങ്ങും.

Ads by Google
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW