Friday, September 21, 2018 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.22 AM

ഉരുള്‍ വിഴുങ്ങിയത്‌ ഒരു ഗ്രാമത്തെ; സ്വപ്‌നങ്ങള്‍ കരിഞ്ഞ്‌ പെരുങ്കാല

uploads/news/2018/09/244920/1.jpg

വാഴത്തോപ്പ്‌ (ഇടുക്കി): ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ആദിവാസി ഗ്രാമമായ പെരുങ്കാലയെ വിഴുങ്ങി. ഉരുളെടുത്ത സ്‌ഥലങ്ങളില്‍ ഇനി അവശേഷിക്കുന്നത്‌ പാറകളും തരിശായ ഭൂമിയും. ഒരു കുടുംബത്തിലെ നാലുപേരുടെ ജീവന്‍ കവര്‍ന്നതടക്കം ഒരു ഗ്രാമത്തിന്റെ സ്വപ്‌നങ്ങളിലാണ്‌ കരിനിഴല്‍ വീണത്‌. ജനങ്ങളുടെ വീടും കൃഷിയും അടക്കം സര്‍വവും പെരുമഴ കവര്‍ന്നു. ഇടിയാത്ത കുന്നുകളും റോഡുകളും ഇവിടെയില്ല. ഇതോടെ പലരും വീടും സ്‌ഥലവും ഉപേക്ഷിച്ച്‌ പോകേണ്ട അവസ്‌ഥയിലാണ്‌. ഇനിയെന്തെന്ന ചോദ്യത്തിലാണ്‌ ഈ ഗ്രാമം.
വാഴത്തോപ്പ്‌ പഞ്ചായത്തിലെ 14-ാം വാര്‍ഡ്‌ ഉള്‍പ്പെടുന്ന പ്രദേശമാണ്‌ പെരുങ്കാല. ഇക്കഴിഞ്ഞ 15 നു വൈകിട്ട്‌ അഞ്ചരയോടെ ഉണ്ടായ ഉരുളാണ്‌ നാലുപേരുടെ ജീവന്‍ കവര്‍ന്നത്‌. പുത്തന്‍പുരയ്‌ക്കല്‍ രാമന്‍, ഭാര്യ വത്സല, മകള്‍ ഭാവന, ഭാവനയുടെ മകള്‍ ശ്രുതിബാല എന്നിവരാണ്‌ ഉരുള്‍പൊട്ടലില്‍ മരിച്ചത്‌. ഇതിനു സമീപത്തെ നിരവധി വീടുകള്‍ മണ്ണിനടിയിലായി. വന്‍ ശബ്‌ദത്തോടെ കൂറ്റന്‍ മലയിടിഞ്ഞ്‌ താഴേക്കു പതിക്കുകയായിരുന്നു. അരകിലോമീറ്ററിലേറെ ഒഴുകിയെത്തിയ ഉരുളില്‍ വലിയ പാറക്കഷണം 20 അടിയിലേറെ ഉയരത്തിലുള്ള പെരുങ്കാലാ റോഡിലെത്തി നില്‍ക്കുന്നത്‌ ഭീതിജനിപ്പിക്കുന്നു. രാമന്റെ വീടിരുന്നതിനു താഴെയുള്ള അമ്പാട്ട്‌ ഉമാ മഹേശ്വരി, പാറത്താഴത്ത്‌ ബിനു, കളപ്പുരയ്‌ക്കല്‍ എലിസബത്ത്‌ ജെയ്‌സണ്‍, നീരൊഴുക്കില്‍ തങ്കമ്മ കുമാരന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായി നശിച്ചു. ഇതിന്‌ അന്‍പത്‌ മീറ്റര്‍ മാറി വന്‍മല ഇടിഞ്ഞ്‌ കുന്നുംപുറത്ത്‌ ചെല്ലപ്പന്റെ വീട്‌ മണ്ണിനടിയിലായി.
ഉമാമഹേശ്വരിയും കുടുംബവും ദുരന്തത്തില്‍നിന്നു രക്ഷപെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. ഉരുള്‍പൊട്ടുന്നതിനു മുമ്പ്‌ എതിര്‍വശത്തെ മല ഇടിഞ്ഞിരുന്നു. ഇവിടെനിന്ന്‌ ചെളിയും മണ്ണും ഇവരുടെ വീടുകളിലേക്കാണ്‌ ഒലിച്ചിറങ്ങിയത്‌. ഈ സമയം ഉമാമഹേശ്വരിയും മകന്‍ മനുവും ബന്ധുക്കളുമടക്കം ഏഴുപേര്‍ വീട്ടിലുണ്ടായിരുന്നു. കനത്ത മഴ ആരംഭിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ഇവരോട്‌ മാറാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇവരും സമീപത്തെ കുടുംബവും തൊട്ടപ്പുറത്തേക്ക്‌ മാറി. ഇതിന്‌ തൊട്ടടുത്ത നിമിഷമാണ്‌ പുത്തന്‍പുരയ്‌ക്കല്‍ രാമന്റെ വീടടക്കം ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്‌. വന്‍ ശബ്‌ദം കേട്ട്‌ ഈ സമയം ഭാവനയുടെ മകന്‍ ദേവനന്ദന്‍ ഓടി രക്ഷപെട്ടു. മണിയാറന്‍കുടി ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ദേവനന്ദന്‍.

Ads by Google
Saturday 01 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW