Saturday, April 20, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.19 AM

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റില്‍ മഹാരാഷ്‌ട്ര പോലീസ്‌ "മാവോയിസ്‌റ്റ്‌ ബന്ധത്തിനു തെളിവുണ്ട്‌"

uploads/news/2018/09/244898/5.jpg

മുംബൈ: ഭീമ കൊരെഗാവ്‌ അതിക്രമങ്ങളുടെ പേരില്‍ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മാവോയിസ്‌റ്റ്‌ബന്ധം സ്‌ഥാപിക്കാന്‍ തെളിവുകളുണ്ടെന്നു മഹാരാഷ്‌ട്രാ പോലീസ്‌. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കു മാവോയിസ്‌റ്റുകളുമായി ചേര്‍ന്നു സായുധകലാപത്തിനു സൂത്രധാരത്വം വഹിച്ചവരാണ്‌ അറസ്‌റ്റിലായതെന്നു പോലീസ്‌.
സര്‍ക്കാരിനെതിരേ എതിര്‍ശബ്‌ദം ഉയര്‍ത്തുന്നവരുടെ വായ്‌മൂടിക്കെട്ടാനുള്ള നീക്കങ്ങളുടെ ഭാഗമായാണു മാവോയിസ്‌റ്റ്‌ബന്ധം ആരോപിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തതെന്ന ആക്ഷേപത്തിനിടെയാണു ന്യായീകരണവുമായി മഹാരാഷ്‌ട്രാ പോലീസ്‌ രംഗത്തെത്തിയത്‌.
വിദേശരാജ്യങ്ങളില്‍നിന്നു കൈവശപ്പെടുത്തിയ ആയുധങ്ങളടക്കം ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമാണു പൊളിച്ചതെന്ന്‌ എ.ഡി.ജി.പി: പരംബീര്‍ സിങ്‌ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. റഷ്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്‌ ആയുധങ്ങള്‍ കരസ്‌ഥമാക്കിയത്‌.
ഗ്രനേഡ്‌ ലോഞ്ചര്‍ വാങ്ങാന്‍ പണം അടക്കം ആവശ്യമുന്നയിക്കുന്ന സംഭാഷണം തെളിവായുണ്ട്‌. ലക്ഷ്യം കൈവരിക്കുന്നതിനായി മാവോയിസ്‌റ്റുകളുമായി അറസ്‌റ്റിലായവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതിനു തെളിവായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത കത്തുകളും എ.ഡി.ജി.പി. പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരേ സായുധ കലാപത്തിനാണ്‌ മാവോയിസ്‌റ്റുകള്‍ ലക്ഷ്യമിട്ടതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശം മറയാക്കി പ്രവര്‍ത്തിക്കുന്ന അറസ്‌റ്റിലായവര്‍ ഇവരുടെ ഗൂഢനീക്കങ്ങള്‍ക്ക്‌ ഒത്താശ ചെയ്‌തു. പാരീസ്‌ ഉള്‍പ്പെടെ വിദേശകേന്ദ്രങ്ങളിലടക്കം ഇവര്‍ മാവോയിസ്‌റ്റുകളുമായി കൂടിക്കാഴ്‌ച നടത്തി. രാജ്യാന്തര സംഘടനകളില്‍നിന്നടക്കം ഫണ്ട്‌ സ്വീകരണത്തിനു കളമൊരുക്കി. മണിപ്പുരിലും കശ്‌മീരിലും വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി സജീവമായവരുമായും ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. കശ്‌മീരില്‍ സേനയ്‌ക്കെതിരേ വിഘടനവാദികള്‍ പരീക്ഷിക്കുന്ന കല്ലേറ്‌ ഇതരസംസ്‌ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും ശ്രമം നടത്തി.
ന്യൂഡല്‍ഹിയിലെ ജെ.എന്‍.യു. സര്‍വകലാശാലയില്‍ അരങ്ങേറിയ പ്രക്ഷോഭത്തിനു പിന്നിലും അറസ്‌റ്റിലായവരുടെ ആസൂത്രണമുണ്ട്‌. "മോഡി രാജി"നെതിരേ രാജീവ്‌ ഗാന്ധി വധത്തിന്റെ മാതൃകയില്‍ വമ്പന്‍ പദ്ധതിയാണ്‌ ആസൂത്രണം ചെയ്‌തത്‌. വിവര കൈമാറ്റത്തിനു പരമ്പരാഗത മാര്‍ഗങ്ങള്‍ക്കു പുറമേ ഇ-മെയില്‍ അടക്കമുള്ളവയും അവലംബിച്ചിരുന്നതായി എ.ഡി.ജി.പി. പറഞ്ഞു.
അറസ്‌റ്റിലായവര്‍ക്കെതിരേ ശബ്‌ദ, ദൃശ്യ തെളിവുകളുണ്ടെന്നും പരംബീര്‍ സിങ്‌ വ്യക്‌തമാക്കി. ഫോറന്‍സിക്‌ ലാബ്‌ പരിശോധനയിലൂടെ വരുംദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്‌തത വരും. മാവോയിസ്‌റ്റ്‌ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസര്‍ ജി.എന്‍. സായിബാബയുടെ കേസിനോളം ശക്‌തമാണ്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈവര്‍ഷം ആദ്യം നടന്ന ഭീമ-കൊരെഗാവ്‌ അക്രമങ്ങളുടെ പേരില്‍ തെലുങ്ക്‌ കവി വരവരറാവു, അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജ്‌, അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, ഗൗതം നവ്‌ലാഖ എന്നിവരെയാണു പോലീസ്‌ കഴിഞ്ഞദിവസം കസ്‌റ്റഡിയിലെടുത്തത്‌. അറസ്‌റ്റിലായവരെ ജയിലില്‍ അടയ്‌ക്കേണ്ടെന്നും വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും സുപ്രീം കോടതി ഉത്തരവിട്ടത്‌ പോലീസിനു തിരിച്ചടിയായിരുന്നു. അറസ്‌റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപത്തിന്‍മേല്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനോടു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടുകയും ചെയ്‌തു.

അറസ്‌റ്റ് ആപത്തിന്റെ സൂചന:
സി.പി.എം. മുഖപത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ സി.പി.എം മുഖപത്രം.
മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്‌റ്റ്‌ രാജ്യം ഏകാധിപത്യത്തിലേക്കു പോകുന്നുവെന്ന ആപത്തിന്റെ സൂചനയാണെന്നു സി.പി.എം. മുഖപത്രമായ പീപ്പിള്‍സ്‌ ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വലിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ്‌ കവി വരവരറാവു, സുധ ഭരദ്വാജ്‌, ഗൗതം നവ്‌ലഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെറേറ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തതെങ്കിലും അവര്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ മഹാരാഷ്‌ട്ര പോലീസിനു കഴിഞ്ഞിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിപ്രകാശ്‌ കാരാട്ടാണ്‌ പീപ്പിള്‍സ്‌ ഡെമോക്രസിയുടെ എഡിറ്റര്‍.

Ads by Google
Saturday 01 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW