Tuesday, November 13, 2018 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 12.18 AM

സേനാംഗങ്ങളുടെ ഉറ്റവരെ ബന്ദിയാക്കി കശ്‌മീരില്‍ ഭീകരരുടെ വിലപേശല്‍

കുല്‍ഗാം: ജമ്മു കശ്‌മീരില്‍ സേനാംഗങ്ങളുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി വിലപേശലുമായി ഭീകരര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ബന്ദികളാക്കിയത്‌ സേനാംഗങ്ങളുടെ ഉറ്റവരായ 11 പേരെ. ഭീകര സംഘടനകളും വിഘടനവാദ പ്രസ്‌ഥാനങ്ങളുമായി ബന്ധമുള്ളവരുടെ ബന്ധുക്കളെ കസ്‌റ്റഡിയിലെടുത്ത പോലീസിനു മറുപടിയായാണ്‌ സേനാംഗങ്ങളുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയതെന്നാണു സൂചന.
കസ്‌റ്റഡിയിലുള്ളവരില്‍ ഏതാനും പേരെ പോലീസ്‌ വിട്ടയച്ചതിനെത്തുടര്‍ന്ന്‌ ബന്ദികളില്‍ മൂന്നുപേരെ മോചിപ്പിച്ചെന്നും റിപ്പോര്‍ട്ട്‌.
ഹിസ്‌ബുള്‍ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ റെയാസ്‌ നയ്‌കുവിന്റെ പിതാവ്‌ ഉള്‍പ്പെടെയുള്ളവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതോടെയാണു ഭീകരര്‍ മറുതന്ത്രം മെനഞ്ഞത്‌. ജമ്മു കശ്‌മീര്‍ പോലീസിലും സൈന്യത്തിലും സേവനം അനുഷ്‌ഠിക്കുന്നവരുടെ ബന്ധുക്കളെയാണു ബന്ദികളാക്കിയത്‌. ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ്‌, അവന്തിപോറ മേഖലകളില്‍നിന്നുള്ളവരെയാണ്‌ വ്യാഴാഴ്‌ച വൈകുന്നേരത്തോടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്‌. ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ടിന്റെ സഹോദരന്‍, പോലീസുകാരുടെ മക്കള്‍ എന്നിവരടക്കം ഭീകരരുടെ പിടിയിലുണ്ടെന്നാണു സൂചന.
റെയാസ്‌ നെയ്‌കുവിന്റെ പിതാവ്‌ അസദുള്ള നയ്‌കു ഉള്‍പ്പെടെ പോലീസ്‌ കസ്‌റ്റഡിയിലുണ്ടായിരുന്ന പന്ത്രണ്ടോളം പേരെ മോചിപ്പിച്ചതിനു പിന്നാലെയാണു ബന്ദികളില്‍ മൂന്നു പേരെ ഭീകരര്‍ വിട്ടയച്ചത്‌.
എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍, മോചനം തുടങ്ങിയ സംഭവങ്ങളോടു പ്രതികരിക്കാന്‍ പോലീസോ സേനാവിഭാഗമോ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്‌മീരിന്റെ വിവിധ ഭാഗങ്ങളില്‍ സേനയും ഭീകരരുമായി പലവട്ടം ഏറ്റുമുട്ടിയിരുന്നു. ബുധനാഴ്‌ചയുണ്ടായ ആക്രമണത്തിനിടെ നാലു പോലീസുകാര്‍ വീരമൃത്യു വരിച്ചതിനുപിന്നാലെ സേനാനീക്കവും ശക്‌തമാക്കിയിരുന്നു.
ഭീകരര്‍ ഒളിസങ്കേതങ്ങളാക്കിയ വീടുകള്‍ അടക്കമുള്ളവ ആക്രമണത്തില്‍ തകരുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ്‌ ഭീകരര്‍ ദക്ഷിണ കശ്‌മീരില്‍ സേനാംഗങ്ങളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ഉറ്റവരെ തട്ടിക്കൊണ്ടുപോയത്‌. പോലീസുകാരുടെ പ്രവൃത്തിക്കു പകരത്തിനു പകരമാണ്‌ ബന്ദിയാക്കലെന്ന്‌ നയ്‌കു ട്വിറ്ററില്‍ കുറിക്കുകയും ചെയ്‌തിരുന്നു. "കണ്ണിനു പകരം കണ്ണ്‌"എന്ന നിലയിലാണു പ്രതികരണമെന്നായിരുന്നു നയ്‌കുവിന്റെ ട്വീറ്റ്‌.
കഴിഞ്ഞദിവസം ഗാന്ദെര്‍ബാല്‍ പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ ബന്ധുവിനെ മര്‍ദിച്ച്‌ അവശനാക്കി വിട്ടയച്ച സംഭവവും അരങ്ങേറിയിരുന്നു. ഭീകരവിരുദ്ധ ദൗത്യത്തിലുള്ള സേനാംഗങ്ങളെ മാനസികമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്‌ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു വിലയിരുത്തല്‍.

Ads by Google
Saturday 01 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW