Friday, August 31, 2018 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 03.15 PM

തനി നാടന്‍ ഇറച്ചി വിഭവങ്ങള്‍

uploads/news/2018/08/244830/mdmcokry310818a.jpg

''തനി നാടന്‍ ഇറച്ചി വിഭവങ്ങള്‍ ഒന്നുകൂടി പരീക്ഷിച്ചുനോക്കൂ....''

1. കാട ഇറച്ചി റോസ്റ്റ്


ആവശ്യമുള്ള സാധനങ്ങള്‍
കാട ഇറച്ചി - 1 1/2 കിലോ
സവാള - 6 എണ്ണം ( നീളത്തിലരിയുക. അതില്‍ കുറച്ചെടുത്ത് വറുത്തുകോരി വയ്ക്കുക)
ഇഞ്ചി - ഒരു വലിയ കഷണം (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി - 3 എണ്ണം (ചതച്ചത് )
കറിവേപ്പില - 4 തണ്ട്
കുരുമുളകുപൊടി - 2 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 1/2 ടീസ്പൂണ്‍
ഗ്രാമ്പൂ - 1/2 ടീസ്പൂണ്‍
കറുവാപ്പട്ട - 2 കഷണം
വിനാഗിരി - 4 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കാട ഇറച്ചി നന്നായി കഴുകി വലിയ കഷണങ്ങളായി മുറിയ്ക്കുക. ശേഷം ഇറച്ചിയില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പ്പം ഉപ്പ്, പാകത്തിന് വെള്ളം ഇവ ചേര്‍ത്ത് വേവിച്ചെടുക്കുക. അധികം വേവാതെ സൂക്ഷിക്കണം. അടുപ്പില്‍നിന്നിറക്കി ഗ്രേവി മാറ്റിവച്ചശേഷം കാടയിറച്ചി ചൂടായ എണ്ണയില്‍ വറുത്തുകോരിയെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് (ഇറച്ചി വറുത്തെടുത്ത എണ്ണ ബാക്കിയുണ്ടെങ്കില്‍ അതായാലും മതി) സവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പു, കറുവാപ്പട്ട, കറിവേപ്പില ബാക്കിവന്ന മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് വഴറ്റി മൂപ്പിച്ചെടുക്കുക. നന്നായി മൂത്തുകഴിയുമ്പോള്‍ ഇ
റച്ചി വെന്ത ഗ്രേവിയും വിനാഗിരിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ഇറച്ചിയും ചേര്‍ത്ത് എണ്ണതെളിയുന്നതുവരെ അടുപ്പില്‍വച്ച് ഇളക്കി റോസ്റ്റാക്കിയെടുക്കാം. സവാള വറുത്തുവച്ചത് മുകളില്‍ വിതറി വിളമ്പാം.

2. വറുത്തരച്ച കോഴിക്കറി


ആവശ്യമുള്ള സാധനങ്ങള്‍
കോഴി (എല്ലില്ലാതെ ചെറുതായി മുറിച്ചത്)- ഒരു കിലോ
തേങ്ങ ചിരകിയത് - 2 കപ്പ്
മുളകുപൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
ഗരംമസാല - 1 1/2 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - ഒരു തുടം
പച്ചമുളക് - 10 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
ചുവന്നുള്ളി - 2 കപ്പ്
സവാള അരിഞ്ഞത് - 2 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് - 1 1/2 കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു ഫ്രയിംഗ് പാനില്‍ രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാറിയശേഷം അരച്ചെടുക്കാം.ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ഒരുമിച്ച് അരച്ചുവയ്ക്കുക. ഒരു ഉരുളിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ച് അതിലേക്ക് ചുവന്നുള്ളിക്കൂട്ട് അരച്ചുവച്ചത് ചേര്‍ക്കുക. അല്‍പ്പസമയം ഇളക്കിയ ശേഷം ഇതിലേക്ക് കോഴി കഷണങ്ങളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് പകുതി വേവിക്കുക. ശേഷം പാത്രം തുറന്ന് അതിലേക്ക് സവാള, തക്കാളി ആവശ്യമെങ്കില്‍ കുറച്ചു വെള്ളവും ചേര്‍ത്ത് വീണ്ടും നന്നായി വേവിച്ചെടുക്കുക. വെന്തുവരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്തിളക്കി ചെറുതീയില്‍ പത്ത് മിനിറ്റുകൂടി വേവിക്കുക. അടുപ്പില്‍നിന്നിറക്കി കറിവേപ്പില മുകളില്‍ വിതറി അടച്ചുവയ്ക്കാം.
uploads/news/2018/08/244830/mdmcokry310818b.jpg

3. പോര്‍ക്ക് പെരളന്‍


ആവശ്യമുള്ള സാധനങ്ങള്‍
പോര്‍ക്ക് - ഒരു കിലോ
മല്ലിപ്പൊടി - 6 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 12 അല്ലി (ചതച്ചത്)
ഇഞ്ചി - ഒരു ചെറിയ കഷണം
സവാള - ഒരെണ്ണം (ചെറുതായി അരിഞ്ഞത്)

തയാറാക്കുന്ന വിധം


ഒരു പ്രഷര്‍കുക്കറില്‍ പോര്‍ക്ക്, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, വിനാഗിരി, ഉപ്പ് ഇവയും ഒരു കപ്പ് വെളളവും ചേര്‍ത്ത് അര മണിക്കൂര്‍ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ നാല് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ശേഷം ഇഞ്ചിയും സവാളയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇറച്ചി വേവിച്ചത് ചേര്‍ത്ത് അഞ്ച് മിനിറ്റുകൂടി വഴറ്റിയെടുക്കാം.

4. കക്ക ഇറച്ചി തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
കക്ക ഇറച്ചി - ഒരു കിലോ
ചുവന്നുള്ളി - 6 എണ്ണം (ചതച്ചത്)
പച്ചമുളക് - 4 എണ്ണം (ചതച്ചത്)
ഇഞ്ചി - ഒരു ചെറിയ കഷണം (ചതച്ചത്)
വെളുത്തുള്ളി - 3 അല്ലി(ചതച്ചത്)
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പാടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/2മുറി
ഉപ്പ് - പാകത്തിന്
കടുക് - ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് ചെറുതായി മുറിച്ചത് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


കക്ക ഇറച്ചി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളവും ഒഴിച്ച് വേവിച്ചുവയ്ക്കുക. തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, മല്ലിപൊടി, ജീരകം ഇവ ഒരുമിച്ച് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക.ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളകും മുറിച്ച് ഇടുക.ശേഷം തേങ്ങ അരച്ചത് ചേര്‍ത്തിളക്കാം. തേങ്ങയുടെ പച്ച മണം മാറിയതിനുശേഷം വെന്ത കക്ക ഇറച്ചി ഇട്ട് ഇളക്കുക. ഉപ്പ് ആവശ്യമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. അടുപ്പില്‍നിന്നിറക്കി മുകളില്‍ കറിവേപ്പില വിതറി കുറച്ചുസമയം അടച്ചുവച്ചശേഷം വിളമ്പാം.
uploads/news/2018/08/244830/mdmcokry310818c.jpg

5. കുട്ടനാടന്‍ താറാവ് കറി


ആവശ്യമുള്ള സാധനങ്ങള്‍
താറാവ് - ഒരു കിലോ
തേങ്ങയുടെ ഒന്നാംപാല്‍ - 1/2 കപ്പ്
രണ്ടാംപാല്‍ - 2 കപ്പ്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - ആവശ്യത്തിന്
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്) - 2 ടീസ്പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്) - 2 ടീസ്പൂണ്‍
ചുവന്നുള്ളി (നീളത്തില്‍ അരിഞ്ഞത്)- 2 ടീസ്പൂണ്‍
പച്ചമുളക് - 10 എണ്ണം
സവാള (നീളത്തില്‍ അരിഞ്ഞത്)- 1/2 കപ്പ്
തക്കാളി - 2 എണ്ണം
ഉരുളക്കിഴങ്ങ് (വേവിച്ച് കഷണങ്ങളാക്കി മുറിച്ചത്) - 2 എണ്ണം
പെരുംജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ഒരുമിച്ച് അരച്ചത് - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി - 1 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


പെരുംജീരകം, കുരുമുളക്, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് അരച്ച മസാലയില്‍ ഉപ്പും താറാവ് കഷ്ണങ്ങളാക്കിയതും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഒരു ചെറിയ ഉരുളി അടുപ്പില്‍ വച്ച് ചൂടാക്കി അതില്‍ വെളിച്ചെണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് ഗരം മസാല, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. സവാള മൂത്ത് കഴിഞ്ഞാല്‍ അതിലേക്ക് തക്കാളി, ഉരുളക്കിഴങ്ങ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. നന്നായി തിളച്ച ശേഷം അതിലേക്ക് രണ്ടാംപാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ താറാവ് വേവിച്ച വെള്ളത്തോടു കൂടി ചേര്‍ക്കാം. ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പും ചേര്‍ക്കാം.പത്ത് മിനിറ്റ് വേവിച്ച ശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്തിളക്കി ഉടന്‍തന്നെ കറി അടുപ്പില്‍നിന്നിറക്കാം. കുരുമുളകുപൊടി വിതറി വിളമ്പാം.

6. നാടന്‍ ബീഫ് ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - ഒരു കിലോ
സവാള - മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി - ഒരു വലിയ കഷണം (ചതച്ചത്)
വെളുത്തുള്ളി - 10 എണ്ണം (ചതച്ചത്)
പച്ചമുളക് - 5 എണ്ണം (നീളത്തില്‍ മുറിച്ചത് )
തേങ്ങാക്കൊത്ത് - 3 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
ചുവന്നുള്ളി - 10 (ചെറുതായി അരിഞ്ഞത്)
കുരുമുളക്‌പൊടി - 1/2 ടീസ്പൂണ്‍
പെരും ജീരകം - 1 1/2 ടീസ്പൂണ്‍
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബീഫ് കഴുകി ചെറിയ കഷണങ്ങളായി അരിഞ്ഞ് അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുക്കറില്‍ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ത്ത ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും സവാളയും പച്ചമുളകും വഴറ്റി, മസാലകളും ചേര്‍ത്ത് ചൂടാക്കി അല്‍പ്പം ചൂട് വെള്ളവുമൊഴിച്ച് ബീഫും കൂടി ചേര്‍ത്ത് ഇളക്കുക. നന്നായി വെള്ളം വറ്റി മസാലയെല്ലാം ബീഫില്‍ പിടിയ്ക്കുന്നതുവരെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ശേഷം അടുപ്പില്‍നിന്നിറക്കി വിളമ്പാം.

7. ബീഫ് പെപ്പര്‍ ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - ഒരു കിലോ
സവാള - 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂണ്‍
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - 4 തണ്ട്

തയാറാക്കുന്ന വിധം


ബീഫ് ചെറുതായി മുറിച്ച് കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ കുരുമുള കുപൊടി, മല്ലിപ്പൊടി, മുളകുപൊടി ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. കറി വെന്ത് വെള്ളം വറ്റിച്ചെടുക്കണം.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍മുളക് മൂപ്പിച്ച് ഇതിലേക്ക് സവാളയിട്ട് വഴറ്റണം. സവാള ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങളും കറിവേപ്പിലയും ഇടുക.
ഇത് നല്ലപോലെ ഇളക്കി മസാല ബീഫില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
uploads/news/2018/08/244830/mdmcokry310818d.jpg

8. നാടന്‍ കോഴിക്കറി


ആവശ്യമുള്ള സാധനങ്ങള്‍
കോഴി - 1/2 കിലോ
ചുവന്നുള്ളി - 15 എണ്ണം
സവാള - 3 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
പച്ചമുളക് - 4 എണ്ണം (നീളത്തില്‍ അരിഞ്ഞത് )
വറ്റല്‍ മുളക് - 8 എണ്ണം
മല്ലി - 2 ടീസ്പൂണ്‍
കുരുമുളക് - 10 എണ്ണം
കറുവാപ്പട്ട - ഒരു കഷണം
ഗ്രാമ്പൂ - 3 എണ്ണം
പെരുംജീരകം - 1/4 ടീസ്പൂണ്‍
ഏലയ്ക്ക - ഒരെണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഇഞ്ചി - വെള്ളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍
ഉപ്പ്, എണ്ണ, കടുക് - പാകത്തിന്
തക്കാളി - ഒരെണ്ണം (ചെറുതായി മുറിച്ചത്)
നാരങ്ങാനീര് - 1/4 ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


കോഴി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച് കുരുമുളകുപൊടി, നാരങ്ങാനീര്, ഗരം മസാല, പാകത്തിന് ഉപ്പ്, കുറച്ച് മഞ്ഞള്‍ പൊടി, കുറച്ച് ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് ഇവ നന്നായി തേച്ച് പിടിപ്പിച്ച് മാറ്റി വയ്ക്കുക. പാനില്‍ കുറച്ച് എണ്ണ ചൂടാക്കി ചുവന്നുള്ളി, വറ്റല്‍മുളക്, മല്ലി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം, കുരുമുളകുപൊടി ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴന്ന ശേഷം അടുപ്പില്‍നിന്നിറക്കി ചൂടാറിയ ശേഷം ഈ കൂട്ട് നന്നായി അരച്ച് വയ്ക്കുക. പാന്‍ വീണ്ടും ചൂടാക്കി എണ്ണ ഒഴിച്ച് സവാള, പച്ചമുളക് ഇവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ചെറുതായി വഴന്നു കഴിയുമ്പോല്‍ ബാക്കിവന്ന ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്,മഞ്ഞള്‍പ്പൊടി, ചെറുതായി അരിഞ്ഞ തക്കാളി, പാകത്തിന് ഉപ്പ് ഇവയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റുക. തക്കാളി ഉടഞ്ഞ് കഴിയുമ്പോള്‍ മസാല പുരട്ടിയ കോഴി ചേര്‍ത്തിളക്കി, അരച്ച് വച്ചിരിക്കുന്ന അരപ്പും കൂടി ചേര്‍ത്ത് ഇളക്കി അടച്ചുവച്ച്് വേവിക്കുക. തിളച്ച് എണ്ണ തെളിയുന്ന പരുവത്തില്‍ തീ നിര്‍ത്താം.പാനില്‍ കുറച്ച് എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത് ഇവ മൂപ്പിച്ച് കറിയിലേക്ക് ചേര്‍ത്തിളക്കി വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 31 Aug 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW