Wednesday, June 12, 2019 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
സജിത്ത് പരമേശ്വരന്‍/ കെ. കൃഷ്ണകുമാര്‍
Friday 31 Aug 2018 07.54 AM

പ്രളയദുരന്തം അണക്കെട്ടുകള്‍ തുറന്നത് കൊണ്ടെന്നു പരിസ്ഥിതി സംഘടനകള്‍ ; െവെദ്യുതി വകുപ്പിന്റെ ശ്രദ്ധ ഇടുക്കിയില്‍ മാത്രമായി, പമ്പയെയും കക്കിയെയും അവഗണിച്ചു

uploads/news/2018/08/244775/flood.jpg

പത്തനംതിട്ട/തൃശൂര്‍: കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണമായും അവഗണിച്ചതും െവെദ്യുതി വകുപ്പിന്റെ ശ്രദ്ധ ഇടുക്കിയില്‍ മാത്രമായി കേന്ദ്രീകരിച്ചതും സംസ്ഥാനത്ത് പ്രളയം രൂക്ഷമാകാന്‍ കാരണമായെന്നു സൂചന. അണക്കെട്ടുകള്‍ നിരീക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് ആരോപണം. ഇടുക്കിയടക്കം 22 അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് കേരളം മഹാപ്രളയത്തില്‍ മുങ്ങാന്‍ കാരണമായതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

ഇത്രയേറെ അണക്കെട്ടുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയിട്ടും ഡാം സുരക്ഷ അതോറിറ്റി പ്രതികരിച്ചതുമില്ല. ശബരിഗിരി പദ്ധതിയുടെ പ്രധാന ജലസംഭരണികളായ പമ്പയും കക്കിയും തുറന്നുവിടുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഓഗസ്റ്റ് ആദ്യം അതിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കം അത്ര രൂക്ഷമായിരുന്നില്ല. 13, 14 തീയതികളില്‍ മഴ ശക്തമായതോടെ 14 ന് രാത്രി ഏഴിനു ശേഷം മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടര്‍ ആറുമീറ്റര്‍ ഉയര്‍ത്തിയതാണ് പമ്പയില്‍ വെള്ളപ്പൊക്കത്തിനു കാരണമായത്. അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിനു മുമ്പുതന്നെ ഇരുകരയും മുട്ടി പമ്പ ഒഴുകാന്‍ തുടങ്ങിയിരുന്നു.

ജൂെലെ 21 നാണ് മഴ ശക്തമായത്. അന്ന് ഇടുക്കി അണക്കെട്ടില്‍ 79 ശതമാനമായി ജലനിരപ്പുയര്‍ന്നു. പമ്പ-80, ഷോളയാര്‍-92, ഇടമലയാര്‍-80, കുറ്റിയാടി-99, പൊന്മുടി-97 എന്നിങ്ങനെയായിരുന്നു മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഓഗസ്റ്റ് ഒന്നിന് ഇടുക്കിയില്‍ ജലനിരപ്പ് 92 ശതമാനമായി. പമ്പ-94, ഷോളയാര്‍-100, ഇടമലയാര്‍-95, മാട്ടുപ്പെട്ടി-87, കുറ്റിയാടി-98, പൊന്മുടി-97,പൊരിങ്ങല്‍-100 എന്നിങ്ങനെയായിരുന്നു ഇതേസമയം മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.

ഈ സമയം ഒഡീഷയ്ക്ക് സമീപം ശക്തമായ നൂനമര്‍ദമുണ്ടാകുകയും തമിഴ്‌നാട്ടിലെ മധുരയില്‍ താപനില 38 ഡിഗ്രിയായി ഉയരുകയും ചെയ്തു. താപം കൂടുന്ന മേഖലയിലേക്ക് മഴമേഖങ്ങള്‍ പറക്കുമെന്ന് വ്യക്തമായതോടെ മധ്യകേരളത്തിലും ഉത്തരകേരളത്തിലും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മനസിലാക്കി ചെറിയ തോതില്‍ വെള്ളം തുറന്നുവിട്ടിരുന്നുവെങ്കില്‍ പെരിയാര്‍ തീരവും മൂവാറ്റുപുഴയും മുങ്ങുമായിരുന്നില്ല.

uploads/news/2018/08/244775/dams.jpg

ഇടുക്കിയും ഇടമലയാറും ഒന്നിച്ചുതുറക്കുകയും മുതിരപ്പുഴയാര്‍ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് പ്രളയം ശക്തമായത്. മാട്ടുപ്പെട്ടി നിറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അണക്കെട്ട് തുറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അണക്കെട്ട് തുറന്നതോടെ മൂന്നാര്‍ മുങ്ങി. വെള്ളം കുത്തിയൊലിച്ച് പൊന്മുടി, കല്ലാര്‍കുട്ടി,ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലുടെ പെരിയാറിലെത്തി. ഇതുതന്നെയാണ് പമ്പയുടെ തീരത്തും സംഭവിച്ചത്. ശബരിഗിരി പദ്ധതി പ്രദേശത്തെ കനത്ത മഴയ്ക്കു പുറമെ പീരുമേടിലെ അതിശക്തമായ മഴയില്‍ അഴുതയാര്‍ കവിഞ്ഞെത്തിയിരുന്നു.

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകള്‍ ജലസമൃദ്ധമായിട്ടും പുഴകളില്‍ നീരൊഴുക്കു കുറഞ്ഞു. ഷട്ടറുകള്‍ അടച്ചതാണു കാരണം. ഡാം മാനേജുമെന്റിലെ പോരായ്മ കൊണ്ടാണിതെന്നു പരിസ്ഥിതി സംഘടനകള്‍ വിലയിരുത്തുന്നു. കര കവിഞ്ഞൊഴുകിയ മിക്ക നദികളിലും പെട്ടെന്ന് ജലനിരപ്പ് സാധാരണമായി. ഭാരതപ്പുഴയില്‍ പലേടത്തും മണല്‍പ്പരപ്പു ദൃശ്യമായി. ഇതു സൂചിപ്പിക്കുന്നതു മഴയേക്കാളും ഡാമുകളിലെ വെള്ളമൊഴുക്കാണ് പ്രളയ കാരണമെന്നാണ്.

അതിശക്തമായ മഴയാണു പ്രളയദുരിതത്തിനു കാരണമെന്ന കേന്ദ്ര ജലക്കമ്മിഷന്റെ നിഗമനത്തെ അവര്‍ ചോദ്യം ചെയ്യുന്നു. അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതിനെക്കുറിച്ചു ജനകീയ ഏജന്‍സിയുടെ സ്വതന്ത്രാന്വേഷണം വേണമെന്നു ചാലക്കുടി പുഴ സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി എസ്.പി. രവി ആവശ്യപ്പെട്ടു. ഡാമുകളില്‍ നിന്നുള്ള അമിത ജലമൊഴുക്ക് പെരിയാറിലും ചാലക്കുടിപ്പുഴയിലും നിയന്ത്രിക്കാനായിരുന്നുവെങ്കില്‍ കുറേക്കൂടി ആശ്വാസം ലഭിക്കുമായിരുന്നു. മഴയുടെ തോതു വര്‍ധിക്കുമെന്നു മുന്‍കൂട്ടിക്കണ്ട് അണക്കെട്ടുകളില്‍നിന്നു നേരത്തേ വെള്ളം ഒഴുക്കാതിരുന്നതാണ് വന്‍ വീഴ്ചയുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന നദികളായ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍, കടലുണ്ടി, ചാലക്കുടി, അച്ചന്‍കോവില്‍, കുറുമാലി എന്നിവിടങ്ങളിലൊക്കെ വെള്ളം കാര്യമായി കുറഞ്ഞിട്ടുണ്ട്. നദികളില്‍ ജലനിരപ്പുയര്‍ന്നത് സ്വാഭാവികമായി ഒഴുകിയെത്തിയ വെള്ളം മൂലമല്ല. ഭുമിക്കടിയില്‍ വെള്ളം ഉരുള്‍പൊട്ടി പുറത്തേക്ക് ഒലിച്ചുപോകുന്നതായി ചില കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തിനുശേഷം ഭൂജലത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സംബന്ധിച്ചു വിശദമായ പഠനം വേണ്ടിവരും. ഭാരതപ്പുഴയുടെ താഴെയും മുകളിലും നീര്‍ച്ചാലുകളും കാടുകളും ഇല്ലാത്തതാണ് അവിടെ ജലമൊഴുക്കു കുറയുന്നതിന്റെ കാരണമായി പറയുന്നത്. ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പ് ഇടമലയാര്‍ തുറന്നിരുന്നുവെങ്കില്‍ വന്‍ വെള്ളക്കെട്ട് ഒഴിവാക്കാനാകുമായിരുന്നെന്ന് ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ എം.മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.

ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ പുതുക്കാട് മുതല്‍ ആലുവ വരെയുള്ള വെള്ളക്കെട്ട് കുറയുമായിരുന്നു. ഇവിടെ ദിവസങ്ങളോളം വെള്ളക്കെട്ടു രൂക്ഷമായി. ഡാമുകള്‍ ഒരുമിച്ചു തുറക്കുന്നതിലെ അപകടത്തെക്കുറിച്ച് അധികൃതര്‍ക്കു ജൂണില്‍ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഷോളയാറിന്റെ മുകള്‍ഭാഗത്ത് കനത്ത മഴയുണ്ടാകാറുളളതും കണക്കിലെടുക്കേണ്ടതായിരുന്നു. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നു 36 ടി.എം.സി വെള്ളം ഓഗസ്റ്റ് 14 നും 19 നും ഇടയില്‍ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമെന്നാണ് തമിഴ്‌നാടിന്റെ ആക്ഷേപം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് ഓഗസ്റ്റ് 15ന് 1.24 ടി.എം.സിയും പിറ്റേന്ന് 2.02 ടി.എം.സിയും വെള്ളം മാത്രമാണ് തുറന്നുവിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി ഡാമിന്റെ പരമാവധി ജലനിരപ്പ് 2403 അടിയും മുല്ലപ്പെരിയാര്‍ ഡാമിന്റേത് 139 അടിയുമാണ്. സുപ്രീംകോടതി ഇടപെടതോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ നിരപ്പ് താഴ്ത്തിയത്. ഇടുക്കിയില്‍ ഇന്നലെ ജലനിരപ്പ് 2396.46 അടി. മുല്ലപ്പെരിയാറില്‍ ഇന്നലെ 137.9 അടി ജലനിരപ്പ്. ഇതുവ്യക്തമാക്കുന്നത് ഇവിടങ്ങളിലൊന്നും ജലനിരപ്പു ക്രമംവിട്ടു കുറഞ്ഞിട്ടില്ല എന്നാണ്.

Ads by Google
സജിത്ത് പരമേശ്വരന്‍/ കെ. കൃഷ്ണകുമാര്‍
Friday 31 Aug 2018 07.54 AM
Ads by Google
Loading...
TRENDING NOW