Wednesday, April 24, 2019 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 07.26 AM

നോക്കിനില്‍ക്കെ ഭൂമിയില്‍ വിള്ളല്‍, പതിയെ ഇവ വലുതായി വീടുകളടക്കം നിലംപൊത്തുന്നു; അധികൃതര്‍ക്ക് എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയാത്തത് ഭീതി കൂട്ടുന്നു

uploads/news/2018/08/244773/idukki.jpg

ഇടുക്കി: കഴിഞ്ഞ 16 ന് ഉച്ചയോടെ ജോണിന്റെ വീടിനുള്ളിലൂടെ ചെറിയ വരപോലെ വിള്ളല്‍ കണ്ടു. അല്‍പ്പം കഴിഞ്ഞതോടെ കൈകടത്താവുന്ന രീതിയില്‍ ഇത് വലുതായി. പിന്നീട് വീടിന്റെ പല ഭാഗത്തും വിള്ളല്‍വീണു. ഇതോടെ ഭാര്യ മേഴ്‌സിയേയും മകന്‍ ബിനുവിനേയും കൂട്ടി പുറത്തേക്കോടി.

മണിക്കൂറുകള്‍ക്കുള്ളില്‍ വീട് പൂര്‍ണമായും നിലംപൊത്തി. താന്‍ സര്‍വവും സ്വരുക്കൂട്ടി പണിത വീട് കണ്‍മുന്നില്‍ നിലംപൊത്തിയതിന്റെ ആഘാതത്തിലാണ് പോത്തുപാറ മണ്ണാര്‍കണ്ടത്തില്‍ ജോണ്‍. ഇദ്ദേഹത്തിന്റെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും ഇത്തരത്തില്‍ വിണ്ടുകീറിയിരിക്കുകയാണ്. ഇവിടെയൊന്നും ഇനി വീടുവയ്ക്കാന്‍ കഴിയില്ല. സമീപത്തെ കുന്നേമുറിയില്‍ ജോസഫിന്റെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് വഴിയിലും വിള്ളല്‍ വീണിട്ടുണ്ട്.

ചേന്നാട്ട് കുര്യന്‍, ചേന്നാട്ട് ജോബി എന്നിവരുടെ വീടുകള്‍ക്കും വിള്ളലില്‍ നാശമുണ്ടായി. മേഖലയില്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് വിണ്ടുകീറിയിരിക്കുന്നത്. വാലുപാറയില്‍ സേവ്യറിന്റെ നാലേക്കര്‍ സ്ഥലം ഇത്തരത്തില്‍ നശിച്ചു. ഇടുക്കി ജില്ലയില്‍ പോത്തുപാറ മുതല്‍ നെടുങ്കണ്ടം മാവടിവരെ ഉള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഭൂമി വിണ്ടുകീറിയതിന്റെയും വീടുകള്‍ തകര്‍ന്നതിന്റെയും ഏറെ സംഭവങ്ങള്‍ പറയാനുണ്ട്.

ഇദ്ദേഹത്തിന്റെ സ്ഥലത്തുനിന്നുണ്ടായ വലിയ ഉരുള്‍പൊട്ടലില്‍ മൂന്നുവീടുകള്‍ തകര്‍ന്നു. നോക്കിനില്‍ക്കെ ഭൂമിയില്‍ വിള്ളല്‍, പതിയെ ഇവ വലുതായി വീടുകളടക്കം നിലംപൊത്തുന്നു. മലയോര മേഖലയിലാകെ ബാധിച്ച ഈ പ്രതിഭാസം എന്താണെന്ന് കൃത്യമായി ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്കാകാത്തത് കര്‍ഷക ജനതയെ ഭീതിയിലാഴ്ത്തുന്നു. മാങ്കടവ്, നായ്ക്കുന്ന്, കമ്പിളികണ്ടം കുരിശുകുത്തി, തേക്കിന്‍തണ്ട്, വാഴവര, ഓടയ്ക്കാസിറ്റി, രാജകുമാരി, സേനാപതി, കൊന്നത്തടി, വാത്തിക്കുടി, വെള്ളത്തൂവല്‍, വാഴത്തോപ്പ് എന്നിവിടങ്ങളിലെല്ലാം വീടുകള്‍ നശിക്കുകയും ഭൂമിക്ക് വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. മാങ്കടവ് നായ്ക്കുന്നില്‍ ഇരുപതോളം വീടുകളാണ് നശിച്ചത്.

uploads/news/2018/08/244773/soil-piping.jpg

രാജാക്കാട് അര്‍ച്ചനപ്പടിയില്‍ ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് വിള്ളലുണ്ടായി. ഇവിടെ ഭൂമി പത്തടി താഴ്ന്നു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ കുത്തുപാറയില്‍ ഇരുപതോളം വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. അടിമാലിക്ക് സമീപം മൂന്നുനില വീട് വലിയ താഴ്ച്ചയിലേക്ക് ഇരുന്നുപോയി. മാവടിയില്‍ രണ്ടുനില ആഡംബര വീട് ചെരിഞ്ഞ് ഒരു നില പൂര്‍ണമായും നിലത്തിരുന്നു. കമ്പിളികണ്ടം കുരിശുകുത്തിയില്‍ ഓലിക്കല്‍ െമെക്കിളിന്റെ മൂന്നേക്കര്‍ കൃഷിയിടവും വീടും നശിച്ചു. വാഴത്തോപ്പില്‍ പത്തേക്കറോളം സ്ഥലമാണ് നിരങ്ങിനീങ്ങിയത്.

ദേശീയ-ഗ്രാമീണ റോഡുകളിലടക്കം വിള്ളല്‍ വീഴുകയും ഇടിഞ്ഞുതാഴുകയും ചെയ്തത് ഗതാഗതമേഖലയ്ക്കും തിരിച്ചടിയായി. ഇടുക്കിയില്‍ അന്‍പതിലേറെ സ്ഥലങ്ങളില്‍ െമെനിങ് ആന്‍ഡ് ജിയോളജി വിഭാഗം ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും പരിശോധന തുടരുകയാണ്. നാല്‍പ്പതടിയില്‍ കൂടുതല്‍ കനത്തിലുള്ള മണ്‍പാളികളുള്ള മേഖലയിലാണ് വിള്ളലുകള്‍ കണ്ടെത്തിയിരിക്കുന്നത്. സംഭരിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ വെള്ളം മണ്ണിലിറക്കിയതോടെ ചരിവുള്ള മേഖലയില്‍ ഇവ തെന്നിമാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് െകെമാറിയിട്ടുണ്ട്. കേന്ദ്രസംഘം ഈ പ്രശ്‌നം പഠിക്കണമെന്ന ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.

അധിവൃഷ്ടിയല്ലാത്ത മറ്റെന്തെങ്കിലും കാരണം ഈ പ്രതിഭാസത്തിന് പിന്നിലുണ്ടോയെന്ന് കണ്ടെത്തുകകൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജിയോളജിസ്റ്റ് ഡോ. ബി. അജയകുമാര്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ ഭൂമി വിണ്ടുകീറുകയും വീടുകള്‍ നിലംപൊത്തുകയും ചെയ്ത അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കീരിത്തോട്, വാഴവര, മാവടി, തേക്കിന്‍തണ്ട്, പന്നിയാര്‍കുട്ടി എന്നീ സ്ഥലങ്ങള്‍ പഠനവിധേയമാക്കണമെന്നാണ് നിര്‍ദേശം. ഭൂചലനം ഉണ്ടായതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. എന്നാല്‍ ഇതിന് സ്ഥിരീകരണം നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW