Saturday, April 20, 2019 Last Updated 28 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.55 AM

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റ്‌ അപലപനീയം

uploads/news/2018/08/244769/editorial.jpg

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാനുള്ള അവകാശത്തിനു ഭീഷണി നേരിടുന്നുവെന്നു തെളിയിച്ച സംഭവമായിരുന്നു അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ പുനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഈവര്‍ഷം ആദ്യം മഹാരാഷ്‌്രടയിലെ ഭീമ കൊരേഗാവ്‌ സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ തെലുങ്ക്‌ കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്‌, സന്നദ്ധ പ്രവര്‍ത്തകന്‍ വെര്‍ണ്ണന്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയുടെ ലാഖ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍, സുപ്രീംകോടതിയും വിവിധ പ്രാദേശിക കോടതികളും ഇതിനെതിരേ ശക്‌തമായ നിലപാടെടുത്തതു ശ്രദ്ധേയമായി. ഇവരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിടേണ്ടതില്ലെന്നും അവരുടെ വീടുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളതും സുപ്രധാനമായ നിരീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുന്നതുമാണ്‌.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ചേര്‍ന്ന എല്‍ഗാര്‍ പരിഷത്ത്‌ യോഗത്തില്‍ ഇവര്‍ പങ്കെടുത്തെന്നും ഇത്‌ പിന്നീട്‌ ഭീമ കൊരേഗാവ്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയെന്നുമായിരുന്നു പോലീസിന്റെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കാന്‍ പോലീസിന്‌ ഒരു കോടതിയിലും സാധിച്ചില്ല. ഇക്കാര്യത്തില്‍ പോലീസ്‌ പക്ഷാഭേദം കാട്ടിയെന്ന ആരോപണം അതിശക്‌തമാണ്‌. സമാധാനപൂര്‍വം നടന്നിരുന്ന യോഗത്തെ ശിവ പ്രതിഷ്‌ഠാന്‍, ഹിന്ദു ഏകതാ മഞ്ച്‌ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നെന്ന്‌ അന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഘടനകളുടെ നേതാക്കളായ സംഭാജി ഭീഡെ, മിലിന്ദ്‌ എക്‌ തോബെ എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നെങ്കിലും അവരെ വളരെ വേഗം കേസില്‍നിന്ന്‌ ഒഴിവാക്കി. എന്നിട്ടാണ്‌ കേസുമായി ഒരുതരത്തിലും ബന്ധിപ്പിക്കാന്‍ സാധിക്കാത്ത അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ മുന്‍പ്‌ അറസ്‌റ്റിലായ അഞ്ചുപേരില്‍നിന്ന്‌ കിട്ടിയ വിവരങ്ങളാണ്‌ ഇവരുടെ അറസ്‌റ്റിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറയുന്നു. രാജ്യത്തെ ശിഥിലമാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു ഇവരെന്നാണ്‌ പോലീസിന്റെ നിലപാട്‌. പക്ഷേ, അത്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ ഇതുവരെ സാധിച്ചിട്ടുമില്ല.

ഇവരുടെ അറസ്‌റ്റിനെതിരേ രാജ്യമെമ്പാടും വ്യാപക പ്രതിഷേധമാണുയര്‍ന്നത്‌. ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും രാഷ്‌്രടീയനേതാക്കളും മനുഷ്യാവകാശ പോരാളികളുമെല്ലാം രംഗത്തുവന്നു. സമൂഹത്തില്‍ വിവേചനം നേരിടുന്നവരോട്‌ സഹാനുഭൂതി പ്രകടിപ്പിക്കുന്നതും അവര്‍ക്ക്‌ കരുതലാകാന്‍ രംഗത്തുവരുന്നതും രാജ്യത്തിന്‌ നേരെയുള്ള ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുന്നത്‌ ജനാധിപത്യത്തിന്‌ ഒരിക്കലും ഭൂഷണമല്ല. കേസ്‌ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ ഇക്കാര്യം വ്യക്‌തമാക്കുകയും ചെയ്‌തു. ജനാധിപത്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സേഫ്‌റ്റി വാല്‍വ്‌ ആണെന്നും ഇത്‌ തകരാറിലായാല്‍ ജനാധിപത്യമായ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കും എന്നുമായിരുന്നു ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ അഭിപ്രായപ്പെട്ടത്‌. പത്രപ്രവര്‍ത്തകനായ ഗൗതം നവ്‌ ലാഖയുടെ ഹര്‍ജി പരിഗണനയ്‌ക്ക്‌ എടുത്തപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ഈ കേസിന്റെ നിയമപരമായ നിലനില്‍പിനെ ചോദ്യം ചെയ്യുകയും ചെയ്‌തു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു അറസ്‌റ്റെന്നു ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗതമിനെ ട്രാന്‍സിറ്റ്‌ റിമാന്‍ഡില്‍ ഹാജരാക്കിയപ്പോള്‍ ഡല്‍ഹിയിലെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മഹാരാഷ്‌്രട പോലീസ്‌ ഹാജരാക്കിയത്‌ മറാത്തിയില്‍ എഴുതിയ രേഖകളാണ്‌. ഇതെന്താണെന്ന്‌ മനസിലാക്കുക പോലും ചെയ്യാതെയാണ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഗൗതമിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. യു.എ.പി.എ. ചുമത്തിയുള്ള കേസില്‍ പോലും ഇത്ര ലാഘവത്തോടെ പോലീസും മജിസ്‌ട്രേറ്റ്‌ കോടതിയും പെരുമാറിയത്‌ ഡല്‍ഹി ഹൈക്കോടതിയെ ആശ്‌ചര്യപ്പെടുത്തുകയും ചെയ്‌തു. എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്ന എല്ലാവരെയും ദേശവിരുദ്ധരായി ചിത്രീകരിച്ചുകൊണ്ട്‌ അവരെ നിശബ്‌ദരാക്കാന്‍ നടത്തുന്ന ഓരോ ശ്രമവും ഇന്ത്യന്‍ ജനാധിപത്യത്തെ തളര്‍ത്തുകയേ ഉള്ളൂ. ഇതിനെതിരേ ജാഗരൂകരാകേണ്ടത്‌ ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്‌.

Ads by Google
Friday 31 Aug 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW