Friday, July 12, 2019 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.53 AM

ജനാധിപത്യത്തിന്റെ 'സുരക്ഷാ വാല്‍വു'കള്‍

uploads/news/2018/08/244767/bft2.jpg

വരവര റാവു
വിപ്ലവ കവിയും തെലങ്കാനയിലെ അറിയപ്പെടുന്ന ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്‌ വരവര റാവു. 1970 ല്‍ ആന്ധ്രാപ്രദേശില്‍ രൂപീകരിച്ച ഇടതുപക്ഷ എഴുത്തുകാരുടെ സംഘടനയായ വിപ്ലവ രചയിതല സംഘത്തിന്റെ സ്‌ഥാപക നേതാവ്‌ എന്ന നിലയിലാണ്‌ അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നത്‌. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍നിന്നായിരുന്നു മഹാരാഷ്‌ട്രാ പോലീസ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌.
1973 ല്‍ ആന്ധ്രാ സര്‍ക്കാരും അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യാന്‍ മുതിര്‍ന്നെങ്കിലും ഹൈക്കോടതി തടഞ്ഞു. മാല്‍ക്കംഗിരിയില്‍കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പരസ്യമാക്കണമെന്നും അറസ്‌റ്റ്‌ ചെയ്‌തവരെ വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ സമരം നടത്തിയതിന്‌ 2016 ല്‍ റാവുവിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, രാജ്യത്ത്‌ സമാധാനം നിലനിര്‍ത്താന്‍ മാവോയിസ്‌റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുമായി സമാധാനചര്‍ച്ച നടത്തണമെന്ന ആവശ്യം ഉന്നയിക്കുകമാത്രമേ ചെയ്‌തുള്ളു എന്ന ഹര്‍ജി പരിഗണിച്ച്‌ 71 വയസുകാരനായ റാവുവിനെ പിന്നീട്‌ ഹൈക്കോടതി വിട്ടയച്ചിരുന്നു.
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്‌റ്റ്‌ പ്രളയക്കെടുതിക്കിടെ മലയാളികള്‍ ഗൗരവമായി കണ്ടില്ല. പ്രശസ്‌ത ചരിത്രകാരിയായ റോമില ഥാപ്പര്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്‌, സെപ്‌റ്റംബര്‍ ആറുവരെ ഇവരെ പോലീസ്‌ കസ്‌റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും വീട്ടുതടങ്കല്‍ മതിയെന്നും നിര്‍ദേശിച്ചു. അതോടെ രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന മനുഷ്യാവകാശപ്രശ്‌നമായി ഇതു വളര്‍ന്നുകഴിഞ്ഞു. അഭിപ്രായ ഭിന്നത ജനാധിപത്യത്തിന്റെ സുരക്ഷാവാല്‍വാണെന്നും അതു തടയരുതെന്നുമുള്ള നിരീക്ഷണവും കോടതി നടത്തി.
ആറു നഗരങ്ങളില്‍ റെയ്‌ഡ്‌ നടത്തിയാണ്‌ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌തത്‌. പുനെയ്‌ക്കു സമീപം ഭീമാ കൊറേഗാവില്‍ സവര്‍ണര്‍ ദളിതരെ ആക്രമിക്കുകയും അതേത്തുടര്‍ന്ന്‌ സവര്‍ണ ദളിത്‌ സംഘര്‍ഷമുണ്ടാവുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡും അറസ്‌റ്റും.
തെലുങ്ക്‌ കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്‌, സന്നദ്ധ പ്രവര്‍ത്തകരായ വെര്‍നന്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരീറ, മാധ്യമപ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും അവരെ അറസ്‌റ്റ്‌ ചെയ്യാന്‍ അനുവദിക്കണമെന്നും മഹാരാഷ്‌ട്ര പോലീസ്‌ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍പറയുന്നുണ്ട്‌.

സുധാ ഭരദ്വാജ്‌

അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമാണ്‌ സുധാ ഭരദ്വാജ്‌. 30 വര്‍ഷമായി ചത്തീസ്‌ഗഢില്‍ പ്രവര്‍ത്തിക്കുന്ന സുധ പി.യു.സി.എല്ലിന്റെ ദേശീയ സെക്രട്ടറിയാണ്‌. സംസ്‌ഥാനത്തെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേയും ആദിവാസി-ദളിത്‌ വിഷയങ്ങളിലും നിയമ പോരാട്ടം നടത്തുന്നു. ഡല്‍ഹിയിലെ നാഷണല്‍ നിയമ സര്‍വകലാശാലയില്‍ വിസിറ്റിങ്‌ പ്രഫസറാണ്‌. അമേരിക്കയിലാണു ജനനം. പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്‌ഞരായ രംഗനാഥ്‌ ഭരദ്വാജും കൃഷ്‌ണയുമാണ്‌ മാതാപിതാക്കള്‍. എം.ഐ.ടിയില്‍നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ അമ്മ കൃഷ്‌ണയ്‌ക്കു ഡല്‍ഹി ജെ.എന്‍.യുവില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന്‌ 11-ാം വയസില്‍ സുധ ഇന്ത്യയിലെത്തി. 1984-ല്‍ കാണ്‍പുരിലെ ഐ.ഐ.ടിയില്‍ ഗണിത ശാസ്‌ത്രത്തില്‍ ബിരുദം നേടിയ സുധ, ഭിലായ്‌ സ്‌റ്റീല്‍ പ്ലാന്റ്‌ തൊഴിലാളികളുടെ അവകാശ സമരങ്ങളില്‍ നേതൃത്വം വഹിച്ചാണ്‌ ശ്രദ്ധേയയാകുന്നത്‌. 2013 ല്‍ ബിലാസ്‌പൂരില്‍ നടന്ന കൂട്ട വന്ധ്യംകരണ ശസ്‌ത്രക്രിയയെത്തുടര്‍ന്നുണ്ടായ മരണത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അവര്‍ രംഗത്തു വന്നതോടെ അവര്‍ ഭരണ - രാഷ്‌ട്രീയ കേന്ദ്രങ്ങളുടെ കണ്ണിലെ കരടായി.

വെര്‍നന്‍ ഗോണ്‍സാല്‍വസ്‌

മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്‌ ആദിവാസി, ദളിത്‌ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്‌തിയാണ്‌. മുംബൈയിലെ കോളജ്‌ പ്രഫസറായിരുന്ന ഇദ്ദേഹം മാവോയിസ്‌റ്റ്‌ മുന്‍ കേന്ദ്ര കമ്മിറ്റി അംഗമാണെന്നു മഹാരാഷ്‌ട്ര പോലീസ്‌ പറയുന്നു. രാജ്യദ്രോഹപരമായ പ്രവൃത്തികള്‍ക്കു നേതൃത്വം നല്‍കി എന്ന പേരില്‍ ഇരുപതോളം കേസുകളില്‍ പ്രതിയാക്കി 2007 ല്‍ മഹാരാഷ്‌ട്ര പോലീസ്‌ അദ്ദേഹത്തെ ജയിലിലടച്ചിരുന്നു. ഇതില്‍ 17 കേസുകള്‍ തെളിവില്ലെന്ന്‌ കണ്ടു കോടതി തള്ളി.

അരുണ്‍ ഫെരേര

പൊതുപ്രവര്‍ത്തകനായ അരുണ്‍ ഫെരേരയെ മുംബൈയിലെ വസതയില്‍നിന്നാണ്‌ അറസ്‌റ്റു ചെയ്‌തത്‌. മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ച അരുണിനെതിരേ 2007 ല്‍ നാഗ്‌പൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയും പത്തോളം യു.എ.പി.എ. കേസുകള്‍ ചുമത്തി തടവിലിടുകയും ചെയ്‌തിരുന്നു. പിന്നീട്‌ കുറ്റക്കാരനല്ലെന്നു കണ്ടെത്തി അദ്ദേഹത്തെ വിട്ടയച്ചു.

ഗൗതം നവ്‌ലഖ

മാധ്യമപ്രവര്‍ത്തകനും ആക്‌ടിവിസ്‌റ്റുമായ ഗൗതം നവ്‌ലഖ പി.യു.സി.എല്ലുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു. ഛത്തീസ്‌ഗഢിലെയും കാശ്‌മീരിലെയും മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുള്ള ഇദ്ദേഹം പ്രതിരോധം, രാജ്യാന്തരകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്‌. റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ അദ്ദേഹം ജോലി ചെയ്യുന്ന ന്യൂസ്‌ ക്ലിക്ക്‌ എന്ന സ്‌ഥാപനം പോലീസ്‌ റെയ്‌ഡ്‌ ചെയ്‌തിരുന്നു.
അറസ്‌റ്റിലായ ഈ അഞ്ചുപേര്‍ക്ക്‌ പുറമേ, ഈശോസഭാ വൈദികനായ റാഞ്ചിയിലെ ഫാ. സ്‌റ്റാന്‍സ്വാമി, രാഷ്‌ട്രീയ -മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗോവയിലെ ആനന്ദ്‌ തെന്‍തുംഡെ എന്നിവര്‍ നിരീക്ഷണത്തിലാണ്‌. അവരെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യാന്‍ അനുവദിക്കണമെന്നാണ്‌ മഹാരാഷ്‌ട്ര പോലീസ്‌ സുപ്രീംകോടതിയില്‍ വാദിച്ചത്‌. ഝാര്‍ഖണ്ഡിലെ ആദിവാസികളെ മാവോയിസ്‌റ്റുകളായി മുദ്രകുത്തുന്നതായി കുറ്റപ്പെടുത്തിയും ആദിവാസികള്‍ക്ക്‌ അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ ഭരണകൂടം ചൂഷണം ചെയ്യുന്നതായും ആരോപിച്ച്‌ "അങ്ങനെയെങ്കില്‍ ഞാനും ഒരു രാജ്യദ്രോഹി" എന്ന ലേഖനം ഫാ: സ്‌റ്റാന്‍സ്വാമി എഴുതിയത്‌ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഗോവ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റില്‍ പ്രഫസറായ ആനന്ദ്‌ തെന്‍തുംഡെയുടെ "റിപ്പബ്ലിക്‌ ഓഫ്‌ കാസ്‌റ്റ്‌" എന്ന പുസ്‌തകം ദളിത്‌ ആദിവാസി ചൂഷണത്തിനെതിരേയുള്ള ശക്‌തമായ തുറന്നെഴുത്താണ്‌.

ജോയ്‌ എം. മണ്ണൂര്‍

Ads by Google
Friday 31 Aug 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW