Tuesday, November 13, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
ഫാ.ഡോ. പോള്‍ തേലക്കാട്ട്‌
Friday 31 Aug 2018 01.52 AM

സാഹസത്തിന്റെ ബലി തീര്‍ത്ത കേരളീയ കൂട്ടായ്‌മ

uploads/news/2018/08/244766/bft3.jpg

കേരളത്തെ വലച്ച വെള്ളപ്പൊക്കത്തിന്റെ സംഹാരതാണ്‌ഡവത്തിനിടയില്‍ അത്ഭുതകരമായി പൊട്ടിമുളച്ചു പൊങ്ങിയതു സാഹസികതയുടെയും സംരക്ഷണത്തിന്റെയും വലിയ കൂട്ടായ്‌മയായിരുന്നു. ഈ അത്ഭുതത്തിന്റെ സുന്ദരവും ഉദാത്തവുമായ കഥകള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ഈ ദിനങ്ങളില്‍ വിളമ്പുകയായിരുന്നു. ഓണം വെള്ളത്തില്‍ ഒലിച്ചുപോയി എന്നു നമുക്കു തോന്നി. പക്ഷേ, ഒരിക്കലും കാണാത്ത, മാനുഷരെല്ലാം ഒന്നുപോലെ എന്നത്‌ സാര്‍ത്ഥകമായത്‌ ഈ ഓണത്തിനാണ്‌. അത്‌ എന്തുകൊണ്ട്‌, എങ്ങനെ എന്നു ചിന്തിക്കണം.

സോഫോക്ലിസ്‌ എന്ന ഗ്രീക്ക്‌ നാടകക്കാരന്‍ നമുക്ക്‌ ഏതാണ്ട്‌ 2500 വര്‍ഷം അകലെയാണ്‌. അദ്ദേഹമാണ്‌ ഒരു യുവതിയെ മുഖ്യകഥാപാത്രമാക്കി ആ ദുരന്തനാടകം രചിച്ചത്‌. പരസ്‌പരം യുദ്ധംവെട്ടി മരിച്ച തന്റെ സഹോദരന്മാരില്‍ ഒരുവനെമാത്രം രാജകീയമായി അടക്കുകയും അപരനെ കാട്ടിലേക്കു വലിച്ചെറിയുകയും ചെയ്‌തപ്പോള്‍ അവനെ എടുത്തു താന്‍ അടക്കും എന്നു നിശ്‌ചയിച്ച ആന്റിഗണിയെ രാജാവ്‌ മരണംകൊണ്ടു ഭയപ്പെടുത്തുന്നു.
രാജാവ്‌ തീര്‍ത്ത വിധിയെ ധിക്കരിക്കാന്‍ അവള്‍ തീരുമാനിച്ചു. വിധിയോട്‌ ഏറ്റുമുട്ടുന്നതിന്റെ അപകടം മനസിലാക്കി ഉപദേശിക്കുന്ന സഹോദരിയോട്‌ ആന്റിഗണി പറഞ്ഞു: എന്നില്‍ വസിക്കുന്ന ഭീകരതയുടെ ശക്‌തിയാല്‍ എന്തു സഹനവും ഞാന്‍ നേരിടും. അതാണ്‌ അവളെ സാഹസികതയുടെ വീരവനിതയാക്കിയത്‌.

മരണംകൊണ്ടു ഭയപ്പെടുത്തിയ രാജാവിനെ അവള്‍ ധിക്കരിക്കുന്നതു മരണാതീതമായ ഒരു ബന്ധത്തിന്റെ, സാഹോദര്യത്തിന്റെ ബലത്തിലാണ്‌. ദുരന്തനാടകങ്ങള്‍ വിധിയെ ധിക്കരിക്കുന്ന സാഹസികതയുടെയും മരണത്തിന്റെയും വീരകഥകളാണ്‌. ദുരന്തനാടകങ്ങള്‍ എന്തുകൊണ്ട്‌ ആളുകള്‍ ഇഷ്‌ടപ്പെടുന്നു എന്ന ചോദ്യം ജീവിതത്തിന്റെ സമസ്യയുമായി ബന്ധപ്പെട്ടതാണ്‌. വിധികള്‍ പല വിധത്തില്‍ ജീവിതത്തെ ദുരന്തപൂര്‍ണമാക്കാം. പ്രളയങ്ങള്‍ പ്രകൃതി അഥവാ ഭരണാധികാരികള്‍, സമൂഹങ്ങള്‍ എന്നിവ സൃഷ്‌ടിക്കുന്നതാണ്‌. ഏതു വിധിയെയും തട്ടിനിരത്തുന്ന വീരസാഹസികരുടെ കഥകള്‍ ആളുകള്‍ ഇഷ്‌ടപ്പെടുന്നത്‌ അവരുടെ ജീവിതവും വിധിയുടെ പന്തുകളിയായി മാറുന്നതുകൊണ്ടാണ്‌. ഈ ജീവിതകേളിയുടെ വിധി െവെപരീത്യങ്ങള്‍ എല്ലാവരെയും ഭീകരതയുടെ അനുഭവക്കാരാക്കുന്നു.

വിധികളില്‍ വീണു ജീവന്റെ രക്‌തമൊലിക്കുന്നവന്‍ ജീവിതം ഒറ്റയ്‌ക്കു സഹിക്കാനാവില്ല എന്നു തിരിച്ചറിയുന്നു. 25 വര്‍ഷം അജ്‌ഞാതമായ ദ്വീപില്‍ കഴിഞ്ഞ റോബിന്‍സന്‍ ക്രൂസോ മനസിലാക്കുന്നത്‌, അജ്‌ഞാതമായ സാന്നിധ്യവുമായി സഹവസിക്കാതെ ജീവിക്കാനാവില്ല എന്താണ്‌. മരണപരാജയങ്ങളുടെ-വിധിയുടെ-പ്രളയം ജീവിതത്തിന്റെ പടിവാതില്‍ക്കലെത്തുമ്പോള്‍ മനുഷ്യന്‍ അമ്പരക്കുന്നു, െകെനീട്ടുന്നു, നിലവിളിക്കുന്നു. അവിടെ അവന്‍ കാതു കൂര്‍പ്പിച്ചു കാത്തിരിക്കുന്നു.

കാത്തിരിക്കുന്നതു ലോകാവസാനത്തിന്റെ വേലിയിലാണ്‌. ഭൂകമ്പവും ജലപ്രളയവും വലിയ വിപ്ലവങ്ങളാണ്‌, ലോകാവസാനങ്ങളാണ്‌. അവിടെ അപ്പോള്‍ എല്ലാവരും തുല്യരാക്കപ്പെടുന്നു. അവിടെ എന്റെ... നിന്റെ എന്ന എല്ലാ വേലികളും മതിലുകളും ഇടിഞ്ഞുവീഴുന്നു. അഹത്തിന്റെ അഹങ്കാരപത്രാസുകള്‍ ഒന്നും നിലനില്‍ക്കാതെ സ്വന്തമെന്ന പദത്തിന്‌ അര്‍ത്ഥം നഷ്‌ടപ്പെടുന്നു. എന്റേത്‌, നിന്റേത്‌ എന്നീ പദങ്ങള്‍ എവിടെയോ അലിഞ്ഞ്‌ ഇല്ലാതാകുന്നു. രക്ഷാപ്രവര്‍ത്തകരെ പ്രതീക്ഷിച്ചിരുന്നവന്റെ തലയിലേക്ക്‌ ആകാശം ഇടിഞ്ഞു വീണു. അവനെ തെരഞ്ഞെടുത്തപ്പോള്‍ ആ ശവത്തിന്റെ െകെയില്‍ ലക്ഷക്കണക്കിനു പണവും അതുപോലെ സ്വര്‍ണവുമുണ്ടായിരുന്നു. ലോകം തകര്‍ന്നടിയുമ്പോള്‍ അവിടെ മനുഷ്യര്‍ ലോകം സൃഷ്‌ടിക്കാനുള്ള കര്‍മ്മങ്ങള്‍ക്കായി നിലവിളിക്കുന്നു. െവെവിദ്ധ്യത്തിന്റെയും കൂട്ടായ്‌മയുടെയും പാരസ്‌പര്യമാണു ലോകം ഉണ്ടാക്കുന്നത്‌. അതു വെറും ഭൗതികലോകമല്ല, മനുഷ്യന്റെ ലോകമാണ്‌. അതുണ്ടാക്കുന്നതു തൊടാനും കേള്‍ക്കാനും കാണാനുമുള്ള അടിസ്‌ഥാന ആവേശത്തിലാണ്‌. എനിക്ക്‌ ഒരു ഇടമുണ്ടായാല്‍ അപരന്‍ വേണമെന്ന ബോദ്ധ്യം. എന്റെ സ്‌ഥലം എന്റെ ശരീരമാണ്‌, അതു കെട്ടിപ്പിടിക്കാന്‍, െകെപിടിക്കാന്‍ അന്വേഷിക്കുന്നു - ഒന്നാകാന്‍, ചുംബിക്കാന്‍. ചുംബിക്കാന്‍ ശ്രമിക്കുന്നതു വെറും ജഡമല്ല, ആത്മാവിനെ തൊടാനാണു ശരീരത്തെ പുല്‍കുന്നത്‌. അസാദ്ധ്യമായതുമായി ഒന്നിക്കാനാണു െകെപിടിക്കുന്നത്‌. കൂട്ടായ്‌മ എന്നതു ഒരു കോമണ്‍സെന്‍സാണ്‌-സാമാന്യബോധമെന്ന ചിന്ത.

നിന്നിലേക്കു വ്യാപിക്കാതെ എന്റെ ഇടം നിലനില്‍ക്കില്ല എന്ന ബോദ്ധ്യം സൃഷ്‌ടിക്കുന്നത്‌ ഒരു കമ്യൂണിയനാണ്‌. നിനക്കുവേണ്ടിയുള്ള എന്നിലെ വ്രണമാണു നിലവിളിക്കുന്നത്‌. ഈ ഭൂമിയില്‍നിന്നു പറന്നുപോയ പുണ്യങ്ങളെ ഈ കൂട്ടായ്‌മയുടെ ശാസ്‌ത്രത്തിലേക്കു കുടിയിരുത്തി ജീവിക്കണം. അതു വേലികള്‍ പൊളിക്കുന്നു; മറകള്‍ മറികടക്കുന്നു. മറ്റൊരു ക്രമം സൃഷ്‌ടിക്കാന്‍ ക്രമങ്ങള്‍ തകര്‍ക്കുന്ന അക്രമം അനിവാര്യമാണ്‌. അക്രമം അനിവാര്യമാകുമ്പോള്‍ അതു ന്യായവുമാകും. ഇത്തരം മുഹര്‍ത്തങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കും. ആന്റിഗണി അങ്ങനെയൊരു ഗര്‍ത്തത്തിന്റെ പ്രതിസന്ധിയിലായിരുന്നു. ക്രയേണ്‍ രാജാവുണ്ടാക്കിയ വിധി. പ്രകൃതി അതുപോലുള്ള വിധി ഇവിടെ ഉണ്ടാക്കുന്നു. മരണത്തിന്റെ വെപ്രാളത്തില്‍ െകെനീട്ടുകയും കരയുകയും ചെയ്യുന്നവരിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതില്‍ അപകടമുണ്ട്‌. അക്രമത്തിലേക്കുള്ള എടുത്തുചാട്ടം. സാഹസത്തിന്റെ വിളി കേള്‍ക്കുന്നവര്‍ മരണഭയമില്ലാത്തവരായി ധീരനായി മാറുന്നു.

അതാണു ബലി എന്ന പദംകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ആരെയും മലവെള്ളത്തിനു ബലി നല്‍കാതിരിക്കാനാണ്‌ ഈ സാഹസത്തിനു തയാറാകുന്നത്‌. അങ്ങനെ സ്വന്തം ജീവന്‍ അപകടപ്പെടുത്താന്‍ തീരുമാനിച്ചവരുടെ ബലിയിലാണു ലക്ഷങ്ങള്‍ പ്രളയത്തില്‍ കര പറ്റിയത്‌.
ഈ കൂട്ടായ്‌മ ഒരു ദാനത്തില്‍നിന്നാണ്‌ ഉണ്ടാകുന്നത്‌ അതു ബലിയുടെ ഫലമാണ്‌. മരണകരമായ സാഹസവുമായി ബന്ധപ്പെടുമ്പോള്‍ ഒരുവന്‍ കാഴ്‌ചവയ്‌ക്കുന്നത്‌ അവന്റെ മരണമാണ്‌. ഈ മരണത്തിന്റെ ദാനത്തില്‍ നിന്നാണ്‌ അനേകര്‍ ജീവിക്കുന്ന കൂട്ടായ്‌മ ഉണ്ടാക്കുന്നത്‌. ഈ സാഹസത്തിനും അതുണ്ടാക്കുന്ന കൂട്ടായ്‌മയുടെ വിശുദ്ധമായ കമ്യൂണിസത്തിനും നമുക്കു ശക്‌തികിട്ടുന്നത്‌ അകത്തുകത്തുന്ന അഗ്നിയില്‍നിന്നാണ്‌. അതാണ്‌ എനിക്കു െദെവം. പ്രളയത്തില്‍പ്പെട്ട നോഹ പറത്തിവിട്ട പ്രാവ്‌ തിരിച്ചുവന്നു മഴവില്ലിന്റെ പ്രതീക്ഷയുമായി.

Ads by Google
ഫാ.ഡോ. പോള്‍ തേലക്കാട്ട്‌
Friday 31 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW