Monday, April 22, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

ഒളിക്യാമറാ ദൃശ്യങ്ങളെ തുടര്‍ന്നു മലയാളി ജവാന്റെ ആത്മഹത്യ: മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കുറ്റം നിലനില്‍ക്കുമോയെന്നു കോടതി

മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ്‌ നായിക്‌ റോയ്‌ മാത്യുവിന്റെ ആത്മഹത്യയുടെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരായ കേസ്‌ നിലനില്‍ക്കുമോയെന്നു വാക്കാല്‍ സംശയം അറിയിച്ചു ബോംബൈ ഹൈക്കോടതി.
ദ്‌ ക്വിന്റ്‌ വാര്‍ത്താ പോര്‍ട്ടലിന്റെ അസോസിയേറ്റ്‌ എഡിറ്റര്‍ പൂനം അഗര്‍വാളിനെതിരെയാണു നാസിക്‌ പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌(എഫ്‌.ഐ.ആര്‍.) സമര്‍പ്പിച്ചിരുന്നത്‌. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂനമാണു കോടതിയെ സമീപിച്ചത്‌. റോയ്‌ മാത്യൂ ജീവനൊടുക്കാന്‍ കാരണം മാധ്യമ പ്രവര്‍ത്തകയല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ ശകാരമാണെന്നും ജസ്‌റ്റിസ്‌ രഞ്‌ജിത്‌ മോറേയും ജസ്‌റ്റിസ്‌ ഭാരതി ദാഗ്രേയും അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു. കേസില്‍ നേരത്തെ കോടതി പൂനത്തിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഏഴിനാണു റോയ്‌ മാത്യു ജീവനൊടുക്കിയത്‌. നിരോധിത മേഖലയില്‍ അനധികൃതമായി കടന്നതിനും ജവാനുമായി അഭിമുഖം സംഘടിപ്പിച്ചതിനുമാണു പോലീസ്‌ കേസെടുത്തത്‌. ജവാന്റെ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തിയതിനും കേസുണ്ട്‌. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ദീപ്‌ചന്ദ്‌ സിങ്ങിന്റെ സഹായത്തോടെയാണു പൂനം ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌.
പൂനം അഗര്‍വാളിന്റെ ഒളിക്യാമറയ്‌ക്ക്‌ മുന്നില്‍ റോയ്‌ തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു വീഡിയോ പുറത്തുവന്നത്‌. റോയിയുടെ മുഖം ഭാഗികമായി മറച്ചശേഷമാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.ഒളിക്യാമറയുണ്ടെന്ന്‌ അറിയാതെയാണ്‌ സംസാരിച്ചതെന്നും തന്റെ ജോലി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്ത പുറത്തുവന്നതിന്‌ പിന്നാലെ അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നു. കേണലിന്റെ ഡ്രൈവറായ തനിക്ക്‌ അദ്ദേഹത്തിന്റെ വീട്ടുജോലികളും ചെയ്യേണ്ടിവരുന്നുണ്ടെന്നാണു പൂനത്തോട്‌ റോയി മാത്യു പറഞ്ഞത്‌.
വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത സൈനികനെ മാനസികമായി തകര്‍ത്തെന്നും സൈനികന്‍ ഒളിക്യാമറയുടെ ഇരയാണെന്നുമാണു സൈന്യത്തിന്റെ വാദം. എന്നാല്‍, തനിക്ക്‌ അഭിമുഖം നല്‍കിയതിനെ തുടര്‍ന്നു റോയി മാത്യുവിനെതിരേ സൈന്യം അന്വേഷണം നടത്തിയെന്നും അതാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമായതെന്നുമാണു പൂനം അഗര്‍വാളിന്റെ വിശദീകരണം.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW