Sunday, June 23, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 04.06 PM

പ്രളയകാല പകര്‍ച്ചവ്യാധികളും പ്രതിരോധവും

പകര്‍ച്ചവ്യാധി വ്യാപനം അഞ്ച് ഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു
uploads/news/2018/08/244561/shylaja.jpg

കേരളം വലിയൊരു പ്രളയത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും നടുക്കി ആര്‍ത്തലച്ചു വന്നൊരു പ്രളയത്തില്‍ പകച്ചുനില്‍ക്കുന്ന ജീവിതത്തെ തിരിച്ചു പിടിക്കാന്‍ രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍ നിര്‍മ്മാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതില്‍ ഒന്നാം ഘട്ടമായ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനര്‍നിര്‍മ്മാണവുമാണുള്ളത്. ഒന്നാം ഘട്ടത്തില്‍ എന്ന പോലെ തന്നെ രണ്ടാം ഘട്ടത്തിലും വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തിന്റെ ഈ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങളെ വളരെ കരുതലോടു കൂടി സമീപിക്കേണ്ടിയിരിക്കുന്നു.

പകര്‍ച്ചവ്യാധി വ്യാപനം അഞ്ച് ഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു

1. ഇപ്പോള്‍ നമ്മുടെ സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങള്‍

നിലവിലെ നമ്മുടെ സാഹചര്യം ഒന്ന് വിശകലനം ചെയ്താല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡെങ്കിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തു. അതുപോലെ 2017 ല്‍ എലിപനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും എലിപനി നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2018 ല്‍ ആകട്ടെ കേരളത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ എലിപ്പനി ഒരു സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 520 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രളയാനന്തര കാലത്ത് എലിപനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു. ഇതു കൂടാതെ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം, എന്നിവ കൂടിയ തോതിലും കോളറ, ചിക്കന്‍ഗുനിയ, ഡിഫ്ത്തീരിയ, ചെള്ളുപനി, ജപ്പാന്‍ജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തര കാലത്ത് കൂടുതല്‍ പേരെ ബാധിക്കാന്‍ സാധ്യത ഉണ്ട്.

2. പ്രളയം മൂലം ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളാല്‍ വന്നേക്കാവുന്ന അസുഖങ്ങള്‍

പ്രളയം പോലുള്ള ദുരന്തങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രോഗവ്യാപാനത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നമ്മുടെ നാട്ടില്‍ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്റ്റ്നൈല്‍ ഫീവര്‍, പക്ഷിപനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍, പ്ലേഗ്, ചെള്ളുപനി തുടങ്ങിയവ ആണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തില്‍ പ്രാണിജന്യ രോഗങ്ങളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്സ് എ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.

3. മനുഷ്യ ആവാസ വ്യവസ്ഥയിലെ വ്യതിയാനം

പ്രത്യേക സ്ഥലങ്ങളില്‍ ഉള്ള ജനസാന്ദ്രതാ വര്‍ദ്ധനവ് കാരണം (ഉദാഹരണം ക്യാമ്പുകള്‍) വെള്ളം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ സമ്മര്‍ദ്ദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗ ഹേതുക്കളിലേക്കും രോഗവാഹകരിലേക്കും (Agents & Vectors) കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാമ്പുകളില്‍ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങള്‍ വയറിളക്ക രോഗങ്ങള്‍, അഞ്ചാം പനി, ചിക്കന്‍ പോക്സ്, വില്ലന്‍ ചുമ, മലമ്പനി, ത്വക് രോഗങ്ങള്‍ തുടങ്ങിയവ ആണ്.

4. പൊതു സംവിധാനങ്ങള്‍ക്കും പൊതുജനാരോഗ്യ സേവനങ്ങള്‍ക്കും വരുന്ന പരിമിതികള്‍

ജലവിതരണ പൈപ്പ്ലൈന്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതു വഴി ജലജന്യ രോഗങ്ങളും, വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടര്‍ച്ചയായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍, ചെങ്കണ്ണ്, തൊണ്ട ചെവി മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലില്‍ വളംകടി, തുടങ്ങിയവയും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗ പ്രതിരോധ നടപടികള്‍ കൊണ്ട് തടയാവുന്ന രോഗങ്ങളായ (Vaccine Preventable Diseases) അഞ്ചാംപനി, വില്ലന്‍ചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവക്കാം.

5. വ്യക്തിതല രോഗപ്രതിരോധത്തില്‍ വരുന്ന കുറവ്

ഒരു ദുരന്തം മൂലം പോഷകാഹാരത്തിലുണ്ടായേക്കാവുന്ന കുറവ് കാരണം ക്ഷയരോഗം, മലമ്പനി, രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാംപനി, തുടങ്ങിയ രോഗങ്ങള്‍ സങ്കീര്‍ണ്ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോധം

A. ജലജന്യരോഗങ്ങള്‍ക്കും വയറിളക്ക രോഗങ്ങള്‍ക്കും ഉള്ള പ്രതിരോധം

Ø പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക
Ø കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക
Ø പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം
Ø ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസം ഇല്ലാതെ തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാഴ്സല്‍ വാങ്ങിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
Ø ഭക്ഷണം ശേഖരിച്ച് വയ്ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക
Ø പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്
Ø കൈശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് കൈകഴുകാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകുക (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍).
Ø അടുക്കള വൃത്തിയായി സൂക്ഷിക്കുക
Ø കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക
Ø ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക
Ø ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം തിളപ്പിച്ച് 20 മിനിറ്റ് വെട്ടിത്തിളക്കാന്‍ അനുവദിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
Ø വയറിളക്ക രോഗങ്ങളും, കോളറ, ഹെപ്പറ്റൈറ്റിസ്സ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന്‍ മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്
Ø ക്യാമ്പ്, വീട്, പൊതു സ്ഥലം തുടങ്ങിയവയുടെ പൊതുവില്‍ ഉള്ള വൃത്തിക്കും വലിയ പ്രാധാന്യം ഉണ്ട്

B. പ്രാണിജന്യ രോഗങ്ങള്‍ക്കുള്ള പ്രതിരോധം

Ø കൊതുക് മുട്ടയിടാനുള്ള വളരെ അനുകൂലമായ സാഹചര്യമാണിപ്പോള്‍
Ø ഉറവിട നശീകരണത്തില്‍ ഇപ്പോള്‍ വലിയ പ്രസക്തി ഉണ്ട്
Ø വെള്ളം ഒഴുകാത്തതും, വീടിനു ചുറ്റുമുള്ള കൊതുക്, കൂത്താടി വളരാന്‍ അനുയോജ്യമായ ഇടങ്ങളും കണ്ടെത്തുകയും കൂത്താടികളെ നശിപ്പിക്കുകയും ചെയ്യണം. ചിരട്ട, ടയര്‍ ഉപയോഗിക്കാത്ത കിണറുകള്‍, പാട്ട എന്നീ എല്ലായിടങ്ങളിലും നമ്മുടെ ശ്രദ്ധ ചെന്നെത്തേണ്ടതാണ്. പ്രായോഗികമെങ്കില്‍ ഗപ്പി മീന്‍ വളര്‍ത്തല്‍ കൂത്താടി നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കാം
Ø കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. കൊതുക് വല ഉപയോഗിക്കാം
Ø പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം ചികില്‍സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ സംവിധാനത്തില്‍ ചികില്‍സ തേടേണ്ടതാണ്
Ø ഡെങ്കി പനി, ചിക്കന്‍ ഗുനിയ, ജപ്പാന്‍ ജ്വരം എന്നീ അസുഖങ്ങള്‍ ക്ക് ഈ വിധ പ്രതിരോധം പൊതുവില്‍ ഗുണം ചെയ്യും

C. എലിപ്പനി

Ø രോഗാണു ബാധിച്ച എലി, പൂച്ച, നായ, കന്നുകാലികള്‍, അണ്ണാന്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളുടെ മൂത്രം മൂലം മലിനമായ ജലം കാലിലെയോ ശരീര ഭാഗങ്ങളിലേയോ പോറലിലൂടെയോ, ഭക്ഷ്യ വസ്തുക്കളുമായുള്ള സമ്പര്‍ക്കം മൂലമോ എലിപ്പനി രോഗം പകരാം, അതിനാല്‍ പ്രളയ കാലത്ത് എലിപ്പനി പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്

Ø മലിനജലവുമായി സമ്പര്‍ക്കം ഉള്ള സമയങ്ങളില്‍ വ്യക്തി ശുചിത്വ ഉപാധികള്‍ ഉപയോഗിക്കേണ്ടതാണ് (കൈയുറകളും മുട്ട് വരെയുള്ള പാദരക്ഷകളും)
Ø മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ 100 മി.ഗ്രാം ഡോക്സിസൈക്ലിന്‍ ഗുളികകള്‍ രണ്ടെണ്ണം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കമുള്ള കാലം വരെ കഴിക്കണം

D. പ്രതിരോധ കുത്തിവയ്പ്പ്

Ø പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ സമയമായ കുട്ടികള്‍ക്ക് പ്രളയ ദുരിതത്തിനിടയില്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എടുക്കേണ്ടതാണ്. അഞ്ചാംപനി, ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ് എന്നീ അസുഖങ്ങള്‍ ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വിറ്റാമിന്‍ എ പ്രതിരോധ മരുന്ന് നല്‍കുന്നത് വഴി അഞ്ചാം പനിയുടെ സങ്കീര്‍ണ്ണതകളും മരണങ്ങളും ഒഴിവാക്കാനും കഴിയുന്നതാണ്

E. വ്യക്തി ശുചിത്വം

സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് പൊതുവെ യുള്ള വ്യക്തി ശുചിത്വം അനിവാര്യമാണ്. വ്യക്തി ശുചിത്വ മാര്‍ഗങ്ങളായ കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ചെരുപ്പ് ഉപയോഗിക്കുക, ഭക്ഷത്തിന് മുമ്പും ശേഷവും, മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുക തുടങ്ങിയ നടപടികള്‍ വലിയൊരളവു വരെ രോഗം പകരാതിരിക്കാന്‍ സഹായിക്കും.

രോഗ ചികില്‍സയേക്കാള്‍ ചെലവ് കുറഞ്ഞതും ലളിതവുമാണ് രോഗ പ്രതിരോധം. ഈ പ്രളയാനന്തര രോഗ പ്രതിരോധം കേരളീയരെ സംബന്ധിച്ച് ഒരു ജീവന്‍മരണ പോരാട്ടമാണ്. അതെ നമുക്ക് ഒത്തൊരുമിക്കാം, നമ്മള്‍ അതിജീവിക്കും നല്ല ആരോഗ്യത്തോടെ.

(കെ.കെ ശൈലജ ടീച്ചര്‍
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി)

Ads by Google
Thursday 30 Aug 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW