Thursday, June 20, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 12.23 PM

വീടു വൃത്തിയാക്കുന്നതിന് 15,000 വരെ, കിണര്‍ വൃത്തിയാക്കാന്‍ 20,000 രൂപയും ; വെള്ളപ്പൊക്കം മുതലെടുത്ത് കരാര്‍ ജീവനക്കാരുടെ പകല്‍ക്കൊള്ളയും ; പ്‌ളാസ്റ്റിക് ബോട്ടിലുകളും അടിഞ്ഞുകൂടുന്നു

uploads/news/2018/08/244522/cleaning-job.jpg

തിരുവനന്തപുരം: കേരളത്തെ അമ്പരപ്പിച്ച ജലപ്രളയത്തിന് ചെളിയും മണ്ണുമടിഞ്ഞ് മലിനമായിപ്പോയ വീടുകള്‍ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കരാറില്‍ എടുക്കുന്നവരുടെ പകല്‍കൊള്ളയ്ക്ക് ഇരയാകുന്നു. കരാര്‍ പ്രകാരം ശുചീകരണം നടത്താന്‍ എത്തുന്നവര്‍ വീടു വൃത്തിയാക്കുന്നതിന് 15,000 രൂപ വരെയും കിണര്‍ വൃത്തിയാക്കാന്‍ 20,000 രൂപ വരെയും വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വീടുകളില്‍ പലതിലും വൈദ്യൂതിയോ വെള്ളമോ കിട്ടാത്ത സാഹചര്യത്തില്‍ പ്‌ളാസ്റ്റിക്കും പെരുകുന്നു.

ആറന്മുള ഭാഗത്തെ വീടുകളില്‍ ഒന്ന് വൃത്തിയാക്കാന്‍ കരാര്‍ നല്‍കിയയാള്‍ക്ക് നല്‍കേണ്ടി വന്നത് 3000 മുതല്‍ 7000 രൂപ വരെയാണ്. അഞ്ചു അന്യസംസ്ഥാന തൊഴിലാളികളുമായി എത്തിയ കരാറുകാരന്‍ ഓരോ പണിക്കാര്‍ക്കും 1000 രൂപ വീതം കൂലിയും കിണര്‍ വൃത്തിയാക്കാന്‍ മറ്റൊരു 3000 രൂപയുമാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒട്ടനേകം സന്നദ്ധ പ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ ശുചിയാക്കാന്‍ എത്തുമ്പോഴാണ് മറ്റൊരു വശത്ത് ഒര കൂട്ടര്‍ ഇത് പണമുണ്ടാക്കാനുള്ള ആയുധമാക്കി മാറ്റുന്നത്. തദ്ദേശ സ്വയംഭരണ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം പ്രളയം കെടുതി വിതച്ച എട്ടു ജില്ലകളിലായി ഏകദേശം 5.78 വീടുകള്‍ ശുചിയാക്കേണ്ടതുണ്ട്. ഇതില്‍ 3.43 ലക്ഷം വീടുകള്‍ ഇതുവരെ സന്നദ്ധ പ്രവര്‍ത്തകര്‍ വൃത്തിയാക്കിക്കൊടുത്തു. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ല.

ഒരു വീട് വൃത്തിയാക്കുമ്പോള്‍ ഓരോ മുറികള്‍ക്കു പ്രത്യേകം പ്രത്യേകമായും കിണറിന് വേറെയുമാണ് പ്രതിഫലം വാങ്ങുന്നത്. റൂമുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് കൂലി കൂടിക്കൂടി വരും. കോഴഞ്ചേരിയില്‍ 1,500-2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വീട് വൃത്തിയാക്കാന്‍ വേണ്ടി വന്നത് 15,000 രൂപയായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുമാറിയ പലരും ഇതുവരെ ബന്ധുവീടുകളില്‍ നിന്നും തിരിച്ചെത്തിയിട്ടില്ല. നാട്ടിലെ കടകളെ കൂടി പ്രളയം ബാധിച്ചതോടെ പലര്‍ക്കും വെള്ളം കുടിക്കണമെങ്കില്‍ പോലും കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്ത് ചെന്ന് കുപ്പിവെള്ളം വാങ്ങിക്കൊണ്ടുവരേണ്ട സ്ഥിതിയുണ്ട്. അനേകം പേരുടെ വാഹനങ്ങളും വെള്ളം കയറി നശിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്ത് പോയി ആഹാരമോ വെള്ളമോ വാങ്ങാനും കഴിയാത്ത സ്ഥിതിയുണ്ട്.

എറണാകുളത്തെ കോടനാട്ട് ഒരു വൃദ്ധ ദമ്പതികള്‍ക്ക് കിണര്‍ വൃത്തിയാക്കാന്‍ നല്‍കേണ്ടി വന്നത് 20,000 രൂപയാണ്. ഒരാഴ്ചയായി പണിക്കാര്‍ക്കായുള്ള തെരച്ചിലില്‍ ആയിരുന്ന ഇവര്‍ക്ക് കരാറുകാരനെ പിടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ആരോഗ്യപ്രശ്‌നം വരെയുണ്ടാക്കുന്നതും കഷ്ടപ്പാട് കൂടുതലാണെന്നതുമാണ് ഉയര്‍ന്ന കൂലിക്ക് കാരണമെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. തൊഴിലാകളെ വെച്ചുള്ളതോ ഹൈ പ്രഷര്‍ പമ്പുകള്‍ ഉപയോഗിക്കണോ എന്നതിനെ ആശ്രയിച്ചാണ് റേറ്റുകള്‍.

മൂന്ന് പേര്‍ ചേര്‍ന്നാണ് ഹൈപ്രഷര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിന് പുറമേ ജനറേറ്റര്‍ ചാര്‍ജ്ജും അതിന്റെ ഇന്ധനവും കൂടി ചേരുമ്പോള്‍ ദിവസം 7000 രൂപയാകുമെന്നാണ് കരാറുകാരുടെ വാദം. കിണര്‍ ശുദ്ധീകരിക്കാനാണ് വന്‍ തുക വേണ്ടി വന്നത്. കിണറ്റിലെ വെള്ളം ഉപയോഗിക്കണമെങ്കില്‍ ഈ തുക നല്‍കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാണ് വീടുകള്‍. കിണര്‍ വൃത്തിയാക്കിയാലും അത് പരിശോധന നടത്തിയ ശേഷമേ ഉപയോഗിക്കാന്‍ തുടങ്ങാവു എന്നാണ് അധികൃതര്‍ വീട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നല്ലവെള്ളം കിട്ടാത്ത സ്ഥിതിയായതോടെ പ്‌ളാസ്റ്റിക് ബോട്ടിലുകളും അടിഞ്ഞുകൂടുകയാണ്. പലരും കുടിവെള്ളത്തിനായി പുറത്തു നിന്നും കൊണ്ടുവരുന്ന കുപ്പിവെള്ളമാണ് കുടിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാ വീടുകളിലും വെള്ളക്കുപ്പികള്‍ ധാരാളമായി ചിതറിക്കിടക്കുകയുമാണ്. ചെളിയടിഞ്ഞ പ്‌ളാസ്റ്റിക് കസേരകളും പായകളും തുണികളും ആള്‍ക്കാര്‍ കത്തിച്ചു കളയുന്നത് വായൂമലിനീകരണത്തിനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW