Sunday, November 18, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 09.12 AM

ബിപ്ലബ് ദേബിന്റെ 'താറാവ് സിദ്ധാന്തം' ശരിയാണെന്ന് ബിജെപി; മണ്ടത്തരമെന്ന് ഗവേഷകര്‍

uploads/news/2018/08/244493/biplab.jpg

അഗര്‍ത്തല: താറാവ് നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കുമെന്ന പുതിയ സിദ്ധാന്തം അവതരിപ്പിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പിന്തുണച്ച് ബിജെപി രംഗത്ത്. ബിപ്ലബിന്റെ പ്രസ്താവനയ്ക്ക് ശാസ്ത്രിയ തെളിവുണ്ടെന്ന് പാര്‍ട്ടി വക്താവ് അശോക് സിന്‍ഹ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പരമ്പരാഗതമായി തന്നെയുളള ഒരറിവാണിത്. മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ താറാവുകളെ ഉപയോഗിക്കുന്നത് കാലങ്ങള്‍ക്കു മുന്‍പേ ഇന്ത്യയില്‍ ചെയ്തു വരുന്നുണ്ട്. ഗവേഷകരും ഇത് അംഗീകരിച്ചിട്ടുണ്ട് എന്നും അശോക് സിന്‍ഹ പറഞ്ഞു.

എന്നാല്‍ ബിപ്ലബിന്റേത് അബദ്ധ പ്രസ്താവനയാണെന്ന് ത്രിപുര സംസ്ഥാന സയന്‍സ് ആന്റ് ടെക്‌നോളജിയുടെ മുന്‍ ഗവേഷണ ഓഫീസര്‍ ഡോ. മിഹിര്‍ ലാല്‍ റോയ് പറഞ്ഞു. എന്നാല്‍ മിഹിര്‍ ലാല്‍ രാഷ്ര്ടീയം കളിക്കുകയാണെന്നും ശാസ്ത്രീയമായല്ല പ്രതികരിച്ചതെന്നും അശോക് സിന്‍ഹ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും ബിപ്ലബിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

താറാവ് നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്‍ ഉണ്ടാകുമെന്നും ആയതിനാല്‍ എല്ലാവരും താറാവിനെ വളര്‍ത്തണമെന്നും ആയിരുന്നു ബിപ്ലബ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. അവ വെള്ളം ശുദ്ധീകരിക്കുകയും, ജലത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. നീര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. തടാകത്തിനടുത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 50,000 താറാക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

താറാവ് വെള്ളത്തിലൂടെ നീന്തുമ്പോള്‍ വെള്ളത്തിന് മുകളില്‍ ഓക്‌സിജന്‍ വര്‍ധിക്കും. അത്‌കൊണ്ട് തന്നെ എല്ലാ കുടുംബങ്ങളും താറാവിനെ വാങ്ങി വളര്‍ത്തണം, ബിപ്ലബ് ദേബ് പറഞ്ഞു. താറാവ് വെള്ളത്തിലൂടെ നീന്തുമ്പോള്‍ ഓക്‌സിജന്‍ വര്‍ധിക്കുകയും വെള്ളം പുത്തനാവുകയും ചെയ്യുന്നു. വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്‌സിജന്‍ അപ്പോള്‍ ലഭിക്കും. മീനുകള്‍ വളരെ വേഗത്തില്‍ അപ്പോള്‍ വളരും. മീന്‍ വളര്‍ത്തലിന് ഇത് ഏറെ ഗുണകരമാണ്. അതും യാതൊരു രാസസഹായവും ഇല്ലാതെ തന്നെ നമുക്ക് മീന്‍ വളര്‍ത്തല്‍ സാധ്യമാകും, ബിപ്ലബ് ദേബ് പറഞ്ഞു.

രുദ്രസാഗര്‍ തടാകത്തില്‍ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് കഴിഞ്ഞവരല്ല, സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം പറഞ്ഞത്.

Ads by Google
Thursday 30 Aug 2018 09.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW