Saturday, April 20, 2019 Last Updated 16 Min 21 Sec ago English Edition
Todays E paper
ബീന സെബാസ്റ്റിയന്‍
Thursday 30 Aug 2018 08.17 AM

കന്യാസ്ത്രീകളെ വില്‌ക്കെടുക്കാന്‍ ശ്രമിച്ച സഭാബന്ധമുള്ള കോതമംഗലത്തെ വമ്പന്‍ ആര്? ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കോതമംഗലം സ്വദേശിയുടെ ഉറപ്പിന്റെ പേരില്‍; പോലീസിനു മുന്നില്‍ മനസ്സുതുറന്ന് ഫാ.ജെയിംസ് എര്‍ത്തയില്‍

ജലന്ധര്‍ രൂപതയില്‍ നിന്നുള്ള സ്വാധീനത്തിന്റെ ഫലമായി കോതമംഗലം സ്വദേശിയായ ഒരാളാണ് തനിക്ക് ഈ ഓഫര്‍ നല്‍കിയതെന്നും ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നുമാണ് ഫാ.എര്‍ത്തയില്‍ നല്‍കിയിരിക്കുന്ന മൊഴി.
Bishop Franko abuse case

കോട്ടയം: ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐ കുറവിലങ്ങാട് മഠത്തില്‍ എത്തിയതും കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് ഓഫര്‍ നല്‍കിയതും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി തന്നെ. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഫാ.എര്‍ത്തയില്‍ തന്റെ ഇടപെടലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും വ്യക്തമായ വിവരം കൈമാറിയെന്നാണ് സൂചന.

ജലന്ധര്‍ രൂപതയില്‍ നിന്നുള്ള സ്വാധീനത്തിന്റെ ഫലമായി കോതമംഗലം സ്വദേശിയായ ഒരാളാണ് തനിക്ക് ഈ ഓഫര്‍ നല്‍കിയതെന്നും ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നുമാണ് ഫാ.എര്‍ത്തയില്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതോടെ കേസില്‍ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്ന സാഹചര്യമാണ്. ഇത്രയും വലിയൊരു ഓഫര്‍ മുന്നോട്ടുവയ്ക്കാന്‍ പ്രാപ്തിയുള്ള സഭയുമായി ബന്ധമുള്ള കോതമംഗലം സ്വദേശി ആരാണെന്നതും പുറത്തുവരേണ്ടിയിരിക്കുന്നു.

ബുധനാഴ്ച വൈകിട്ടാണ് ഫാ. എര്‍ത്തയിലിനെ പോലീസ് സംഘം ചോദ്യം ചെയ്തത്. ഏറ്റുമാനൂര്‍ സേവാഗ്രാമില്‍ വൈകിട്ട് 4.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ടു മണിവരെ നീണ്ടുനിന്നു. ചോദ്യം ചെയ്യലിനോട് ഫാ.എര്‍ത്തയില്‍ പൂര്‍ണ്ണമായും സഹകരിച്ചു.

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ഫാ.എര്‍ത്തയിലിനെതിരെ സി.എം.ഐ കോട്ടയം പ്രൊവിന്‍സ് നടപടി സ്വീകരിക്കുകയും കുര്യനാട്ടെ ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് നീക്കി ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നിന്ന് പിന്മാറിയാല്‍ 10 ഏക്കര്‍ സ്ഥലവും അതിനുള്ളില്‍ മഠവും പണിത് നല്‍കാമെന്നായിരുന്നു ഫാ.എര്‍ത്തയില്‍ മുന്നോട്ടുവച്ച വാഗ്ദാനം. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപതയില്‍ എവിടെയെങ്കിലും താമസിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിഫലം വാഗ്ദാനം ചെയ്തും കുറച്ചൊക്കെ ഭീഷണിയുടെ സ്വരത്തിലുമായിരുന്നു ഫാ.എര്‍ത്തയിലിന്റെ സംസാരം. ഈ സംഭാഷണം പുറത്തുവന്നതോടെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ഫാ.എര്‍ത്തയില്‍ ചോദ്യം ചെയ്യിന് നേരത്തെ വിളിപ്പിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു.

ഇതോടെ എര്‍ത്തയിലിനെ ചോദ്യംചെയ്യാനുള്ള ശ്രമം മാറ്റിവച്ച് പോലീസ് സംഘം ഡല്‍ഹിയിലേക്ക് പോയി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തും അനുബന്ധ മൊഴികളും തെളിവുകളും ശേഖരിച്ചശേഷം ഈ മാസം 15നാണ് അന്വേഷണസംഘം തിരിച്ചെത്തിയത്.

ഇതിനിടെ സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയതോടെ മാധ്യമശ്രദ്ധ മാറുകയും ബിഷപ്പ് രക്ഷപ്പെട്ടതായി സ്വയം ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാട്ടില്‍ വിശദമായ അന്വേഷണം ഈ ദിവസങ്ങളിലും തുടരുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചുംകഴിഞ്ഞുവെന്നാണ് വിവരം.

-ബീന സെബാസ്റ്റിയന്‍

ബീന സെബാസ്റ്റിയന്‍
Thursday 30 Aug 2018 08.17 AM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW