Sunday, July 14, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
വിനോദ് കണ്ണോളി
Thursday 30 Aug 2018 07.48 AM

മലയിടിച്ചിലില്‍ പന്നിയാര്‍കുട്ടി ഗ്രാമം മാഞ്ഞുപോയി ; ആദ്യം ഇരുകരകളെയും പുഴ കവര്‍ന്നു, പിന്നീട് മുകള്‍ഭാഗത്തുനിന്ന് മണ്ണ് ഇടിഞ്ഞു മൂന്നു കടകള്‍ മുതിരപ്പുഴയാറ്റില്‍ വീണു; പിന്നാലെ മലയുടെ ഒരുഭാഗം തെന്നി താഴെയെത്തി

uploads/news/2018/08/244483/panniyarkutty.jpg

ഇടുക്കി: കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പടവെട്ടിയ മനുഷ്യന്റെ മനക്കരുത്തിന്റെ അടയാളമായിരുന്നു പന്നിയാര്‍കുട്ടി. അതു കുത്തിയൊലിച്ചുപോകാന്‍ നിമിഷാര്‍ധമേ വേണ്ടിവന്നുള്ളൂ. രണ്ടാഴ്ച കഴിഞ്ഞു. അടിമാലി-പൂപ്പാറ റോഡിലെ മണ്‍കൂനയായി മാറിയ പന്നിയാര്‍കുട്ടിയില്‍ റോഡ് ഭാഗികമായി തുറന്നു. ഗ്രാമം വീണ്ടും കെട്ടിപ്പടുക്കാന്‍ അധ്വാനം തുടങ്ങിക്കഴിഞ്ഞു. അതിജീവനത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ ഒരടയാളമാകും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പന്നിയാര്‍കുട്ടിയും.

ജനിച്ചുവളര്‍ന്ന ഗ്രാമവും വീടും വന്‍മലയ്‌ക്കൊപ്പം കണ്ണു ചിമ്മുന്ന സമയത്തിലാണ് അപ്രത്യക്ഷമായതെന്ന് അമ്പലത്തിങ്കല്‍ തങ്കച്ചനും വാഴക്കല്ലുങ്കല്‍ ഗിരീഷും നടുക്കത്തോടെ വിവരിക്കും. കഴിഞ്ഞ 17-നാണ് നാട്ടുകാര്‍ ''കൂട്ടി'' എന്നു വിളിച്ചിരുന്ന പന്നിയാര്‍കുട്ടിയുടെ ദുരന്തം. 14 മുതല്‍ കനത്ത മഴയുണ്ടായതോടെ ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ എല്ലാവരും ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധപൂര്‍വമുള്ള നിര്‍ദേശം നല്‍കി. പൊന്മുടി അണക്കെട്ട് തുറന്നതോടെ പന്നിയാറും മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതോടെ മുതിരപ്പുഴയാറും സംഗമിക്കുന്ന പന്നിയാര്‍കുട്ടിയില്‍ പുഴ നിറഞ്ഞുകവിഞ്ഞു. ആദ്യം ഇരുകരകളെയും പുഴ കവര്‍ന്നെടുത്തു. അതോടെ എല്ലാവരും ജാഗരൂകരായി.

17-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ പന്നിയാര്‍കുട്ടി ടൗണിന്റെ മുകള്‍ഭാഗത്തുനിന്ന് മണ്ണ് ഇടിഞ്ഞുവീണു. ടൗണിലെ മൂന്നു കടകള്‍ മുതിരപ്പുഴയാറ്റിലേക്കു പതിച്ചു. രണ്ടരയോടെ വീണ്ടും മലയിടിഞ്ഞു. മലയുടെ വന്‍ പാളി താഴേക്ക് തെന്നിയെത്തി പുഴയിലേക്കു പതിച്ചു. സുനാമിപോലെ ആഞ്ഞടിച്ച വെള്ളം ഇക്കരയില്‍ തന്റെ വീടടക്കം അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് അമ്പലത്തിങ്കല്‍ തങ്കച്ചന്‍ പറയുന്നു. വീട്ടില്‍ ഇനിയൊന്നും ബാക്കിയില്ല. ഉപജീവനമാര്‍ഗമായിരുന്ന പലചരക്കുകടയും നശിച്ചു. 1965-ല്‍ തുടങ്ങിയ നവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് €ബ് കെട്ടിടം ഇവിടെയുണ്ടായിരുന്നതിന്റെ ഓര്‍മയായി സിമെന്റ് കട്ടകള്‍ ചിതറിക്കിടക്കുന്നു.

ഉദ്ഘാടനം ചെയ്യാനിരുന്ന മൃഗാശുപത്രിക്കെട്ടിടം, അംഗന്‍വാടിക്കെട്ടിടം, ഒഴുകയില്‍ ജയിംസിന്റെ വീട്, അമ്പലത്തുങ്കല്‍ ഷാജി വാടകയ്ക്കുകൊടുത്ത വീട് എന്നിവയെല്ലാം നാമാവശേഷമായി. രണ്ടാമത്തെ വരവില്‍ മലയിടിച്ചില്‍ പന്നിയാര്‍കുട്ടി ഗ്രാമത്തെ പൂര്‍ണമായും വിഴുങ്ങി. ബാക്കിയുണ്ടായിരുന്ന കടകളും വെള്ളത്തിനടിയിലായി. റോഡിനു മുകള്‍ഭാഗത്ത് മലയിടിഞ്ഞ ഭാഗത്തിരുന്ന പുത്തന്‍പുരയില്‍ കമലാക്ഷിയുടെയും വാഴക്കല്ലിങ്കല്‍ ഗിരീഷിന്റെയും വീടുകള്‍ പൂര്‍ണമായും നശിച്ചു.

ഇന്നലെ പൊന്മുടി 32-ലെ ക്യാമ്പില്‍ നിന്ന് ഇവിടെയെത്തിയ ഗിരീഷിന്റെ ഭാര്യ അമ്പിളിയുടെ മുഖത്തുണ്ടായിരുന്നത് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം മാത്രം. സബ് കലക്ടറുടെ നിര്‍ദേശാനുസരണം വീട്ടില്‍നിന്നു മാറിയിരുന്നെങ്കിലും വളര്‍ത്തുനായ ജെഗിയെ കൊണ്ടുപോയിരുന്നില്ല. ജെഗിക്കു ഭക്ഷണം നല്‍കാനായി ഇവര്‍ വീട്ടിലേക്കു തിരിച്ചിരുന്നു. പനി ബാധിച്ച മകള്‍ ശ്രീനന്ദനയ്ക്കു മരുന്നു വാങ്ങാനായി ആശുപത്രിയില്‍ കയറിയതിനാല്‍ വീട്ടിലെത്താന്‍ െവെകി. അതിനു നിമിഷങ്ങള്‍ക്കു മുമ്പാണു വീട് അടിച്ചുതകര്‍ത്ത് മല ഇടിഞ്ഞുവീണത്. ജെഗിയെ കെട്ടിയിരുന്നതിന് തൊട്ടടുത്തുകൂടിയാണ് മണ്ണിടിഞ്ഞത്. നായയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വീടിനൊപ്പം 60 സെന്റ് ഭൂമിയും ഒലിച്ചുപോയി. ആശാരിപ്പണിക്കാരനായ ഗിരീഷിന്റെയും കുടുംബത്തിന്റെയും പക്കല്‍ ശേഷിക്കുന്നത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രം. എടയോടിയില്‍ ബോസ്, ബീന, ഓമന എന്നിവരുടെ വീടുകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. െഹെറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഗ്രാമമാണ്. 1957 മുതല്‍ ഇവിടം സജീവമാണ്. െഹെറേഞ്ചില്‍ ആദ്യം ബസ് സര്‍വീസ് എത്തിയ സ്ഥലം. എല്ലക്കല്ലില്‍നിന്നു പൊന്മുടി അണക്കെട്ട് നിര്‍മാണസമയത്ത് മണ്ണെണ്ണ വീപ്പകള്‍ ഉപയോഗിച്ച് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ ചങ്ങാടം വഴിയാണു വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. പിന്നീടു പാലം വന്നു. നാലു വര്‍ഷം മുമ്പ് വലിയ പാലം പണിതീര്‍ന്നതോടെ കൂടുതല്‍ വളര്‍ന്ന ഗ്രാമമാണ് പ്രകൃതി ഒറ്റയടിക്കു തകര്‍ത്തത്.

Ads by Google
വിനോദ് കണ്ണോളി
Thursday 30 Aug 2018 07.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW