Tuesday, November 13, 2018 Last Updated 16 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.38 AM

നവ കേരളത്തിന്‌ നയം പിറക്കട്ടെ

uploads/news/2018/08/244474/editorial.jpg

കേരളം പ്രളയക്കെടുതി നേരിട്ടതിനു ശേഷം ഇന്നാദ്യമായി നിയമസഭ ചേരുകയാണ്‌. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യചുവടുകളാണ്‌ ഇന്നത്തെ യോഗം. 13 ജില്ലകളും കെടുതി നേരിട്ട പ്രളയത്തിനുശേഷം വലിയതോതിലുള്ള പുനര്‍നിര്‍മാണമാണു വേണ്ടിവരുന്നത്‌. ഇരുപതിനായിരം കോടിരൂപയുടെ നാശനഷ്‌ടം കേരളത്തിലുണ്ടായി എന്നായിരുന്നു ആദ്യം കണക്കുകൂട്ടിയിരുന്നത്‌. എന്നാല്‍, ഇതിലും അധികമായിരിക്കും നഷ്‌ടമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം അതിഭീമമായ പുനര്‍നിര്‍മാണമാണ്‌ വേണ്ടിവരുന്നത്‌. ഇടുക്കി, വയനാട്‌ ജില്ലകളില്‍ പേമാരിയും പ്രളയവും വരുത്തിവച്ച നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. ഇടുക്കി അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കാല്‍നൂറ്റാണ്ട്‌ പിന്നിലേക്ക്‌ പോയ അവസ്‌ഥയിലാണ്‌. ജില്ലയില്‍ അനവധി റോഡുകള്‍ അപ്പാടെ തകര്‍ന്നു. ചില കൊച്ചു പട്ടണങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറം നാശം നേരിട്ടു. കൃഷിയും വീടുകളും തകര്‍ന്നത്‌ ഇതിനൊക്കെ പുറമേയാണ്‌. വയനാടും കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളും പാലക്കാട്‌ ജില്ലയിലെ നെല്ലിയാമ്പതി പോലെയുള്ള പ്രദേശങ്ങളും ഇതേ അവസ്‌ഥ നേരിടുകയാണ്‌.

ഈ സാഹചര്യത്തില്‍ ഇന്നത്തെ നിയമസഭാ യോഗത്തിനു പ്രാധാന്യമേറെയാണ്‌. കാലവര്‍ഷക്കെടുതിയെ മറികടക്കാനുള്ള കൂടിയാലോചനാ യോഗമാണ്‌ ഇന്നു നടക്കുന്നത്‌. ഇതിന്റെ പ്രാധാന്യം മനസിലാക്കി അംഗങ്ങള്‍ നിയമസഭാ യോഗത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുമെന്നും തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നുമാണു കേരളീയര്‍ പ്രതീക്ഷിക്കുന്നത്‌. കേരളം ഇതുവരെ കാണാത്ത സഹകരണമായിരുന്നു പ്രളയനാളുകളില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായിരുന്നത്‌. മഹാപ്രളയം ഉണ്ടാകുന്നതിനുമുമ്പ്‌ മഴ നാശം വിതച്ചതു കാണാന്‍ മുഖ്യമന്ത്രി പോയപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുകയും അദ്ദേഹം കൂടെപ്പോവുകയും ചെയ്‌തു. ദുരന്തബാധിതരെ കണ്ടതും അവര്‍ ഒരുമിച്ചാണ്‌. മഴക്കെടുതിയുടെ സമയത്തും പ്രളയദിനങ്ങളിലും പ്രതിപക്ഷം തികഞ്ഞ ഉത്തരവാദിത്വത്തോടെ സര്‍ക്കാരിന്‌ തുണയാവുന്നതാണ്‌ കണ്ടത്‌.

എന്നാല്‍, പ്രളയം കഴിഞ്ഞ്‌ മാനം തെളിഞ്ഞതോടെ കാര്യങ്ങള്‍ പഴയപടിയായി. പ്രളയത്തിനു കാരണം അണക്കെട്ടുകള്‍ സമയത്തിനു തുറക്കാതെ ഒരുമിച്ച്‌ തുറന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനെ എതിര്‍ത്തുകൊണ്ട്‌ ഭരണപക്ഷവും വന്നു. അടിസ്‌ഥാനമില്ലാത്ത ആരോപണമാണ്‌രാഷ്‌ട്രീയലക്ഷ്യത്തോടെ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന നിലപാടാണ്‌ സര്‍ക്കാര്‍ കൈക്കൊണ്ടത്‌. പ്രളയ ദുരിതത്തെ ഒരേ മനസോടെ കേരളീയര്‍ നേരിട്ട ശേഷം ഇടഞ്ഞുനില്‍ക്കുന്ന നിലപാടായിരുന്നു പ്രധാന രാഷ്‌്രടീയകക്ഷികളുടേത്‌. അതിപ്പോഴും തുടരുകയുമാണ്‌.

നിയമസഭയില്‍ ഇത്തരം രാഷ്‌്രടീയ ആരോപണപ്രത്യാരോപണങ്ങള്‍ ഉണ്ടാവുകയില്ലെന്നു കേരളം ആഗ്രഹിക്കുന്നു. നവകേരളം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച്‌ നവീനമായ ആശയങ്ങള്‍ ഉരുത്തിരിയാനുള്ള ചര്‍ച്ചയാണ്‌ ഇന്നു നിയമസഭയില്‍ നടക്കേണ്ടത്‌. ഏതെങ്കിലും രാഷ്‌്രടീയപ്പാര്‍ട്ടിയുടെ വിജയമോ പരാജയമോ ആവരുത്‌ നിയമസഭാ യോഗത്തിന്റെ ലക്ഷ്യം. ഇതു മറന്നുകൊണ്ടുള്ള ഏതൊരു നിലപാടും കേരളത്തിന്റെ ഉത്തമ താല്‍പര്യത്തിനു വിരുദ്ധമായിരിക്കും.

Ads by Google
Thursday 30 Aug 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW