Thursday, July 11, 2019 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 30 Aug 2018 01.36 AM

പ്രളയത്തിനുമേലുയര്‍ന്ന കേരളപ്പെരുമ

uploads/news/2018/08/244473/bft1.jpg

കേരളപ്പെരുമ. പ്രളയജലത്തിനുമേല്‍ അതിങ്ങനെ ഉയര്‍ന്നുനില്‍ക്കുകയാണ്‌. കേരളത്തെമുക്കിയ ദുരിതക്കയത്തില്‍ ആ പെരുമയുടെ തിളക്കം കണ്ട്‌ മാലോകര്‍ അത്ഭുകപ്പെടുകയാണ്‌. മഴവെള്ളം സംഹാരഭാവത്തോടെ ആര്‍ത്തലച്ചു കുത്തിയൊഴുകിയെത്തിയപ്പോള്‍ ഒന്നു പകച്ചുനിന്ന മലയാളി അടുത്ത നിമിഷം ശക്‌തി സംഭരിച്ചു. പ്രളയത്തെ ഒന്നിച്ചൊന്നായി നേരിട്ടു. ജാതി, മത, രാഷ്ര്‌ടീയ ചിന്തകള്‍ക്കാതീതമായി ഉയര്‍ന്നു വന്ന ആത്മശക്‌തിക്കുമുന്നില്‍ പ്രളയത്തിനു പിന്‍വാങ്ങേണ്ടി വന്നു. എങ്കിലും ഏല്‍പ്പിച്ച ക്ഷതം താങ്ങാവുന്നതിലപ്പുറമാണ്‌.
നാശങ്ങള്‍ നിരവധിയാണ്‌. പ്രളയം കേരളമണ്ണിനെ മുക്കിശ്വാസം മുട്ടിക്കാനെത്തിയത്‌ ഓണനാളിലാണെന്നത്‌ യാദൃശ്‌ചികമാകാം. അല്ലെങ്കില്‍ നിരന്തരം കൈയേറ്റവും കയ്യാങ്കളിയും നടത്തികൊണ്ടിരിക്കുന്ന മക്കളുടെ അതിക്രമത്തിന്‌ ചെറിയ താക്കീതുകള്‍ നല്‍കിയിട്ടും പ്രയോജനം കാണാത്തതില്‍ മനംനൊന്ത്‌ കേരളാംബ കണ്ണീര്‍വാര്‍ത്തതാകാം. ഓണനാളില്‍ അഹംഭാവങ്ങള്‍ താഴെവച്ച്‌ ഒരു പാഠം പഠിക്കട്ടെയെന്നു നിശ്‌ചയിച്ചതുമാകാം. എന്തായാലും കേരളമക്കളുടെ പ്രധാന സന്തോഷദിനത്തില്‍ ജലംകൊണ്ട്‌ മുറിവേറ്റപ്പോള്‍ ആ വേദനയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിസഹായരായി കുത്തിയിരിക്കാന്‍ മലയാളികള്‍ തയാറായില്ല.
കേരളത്തിലുള്ള മലയാളികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ സടകുടഞ്ഞെഴുന്നേറ്റു. ഇനി ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നേരമാണ്‌. കരയാനുള്ളതല്ലെന്ന്‌ അവര്‍ തിരിച്ചറിഞ്ഞു. മുങ്ങിത്താണുകൊണ്ടിരുന്ന മലയാള മണ്ണിനെ, അതിലെ വലപ്പെട്ട ജീവനുകളെ മലയാളികള്‍ ഒന്നിച്ചൊന്നായി കൈപിടിച്ചു മുകളിലേക്കുയര്‍ത്തി. പ്രളയത്തോടു മല്ലടിക്കുമ്പോള്‍ സഹജീവികളായ അയല്‍സംസ്‌ഥാന നിവാസികളും ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള മനുഷ്യരുടെ പിന്തുണയും സഹായങ്ങളും ലഭിച്ചതു മലയാളികള്‍ക്ക്‌ പ്രചോദനവും കരുത്തുമായി.
അതിനൊപ്പം അതിജീവിക്കും നമ്മള്‍ എന്ന്‌ പാടിക്കൊണ്ട്‌ ഓരോചുവടും ആത്മവിശ്വാസത്തോടെ ദൃഢമായൂന്നി മുന്നേറി. അതിനു മലയാളിക്കു സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും സന്നദ്ധപ്രവര്‍ത്തകരുടേയും കടലിന്റെ മക്കളുടേയും നിര്‍ലോഭ സഹായങ്ങളും സഹകരണവും ലഭിച്ചു. എല്ലാവരും കൂടി ഒത്തു പിടിച്ചപ്പോള്‍ അതിന്റെ ഫലം കണ്ടു. ദുരിതക്കയത്തെ അതിജീവിച്ച കേരളീയര്‍ ജലംകൊണ്ട്‌ ഏറ്റ മുറിവിന്റെ വേദനയില്‍നിന്നു പുനരുജ്‌ജീവിക്കാനുള്ള പരിശ്രമത്തിലാണ്‌.

ഓണാഘോഷം മാറ്റിവച്ച്‌ ഐക്യദാര്‍ഢ്യം

ഓണാഘോഷം ഓരോ മലയാളിയുടേയും ജീവനില്‍ ലയിച്ച സന്തോഷമാണ്‌. പ്രവാസിമലയാളികള്‍ക്ക്‌ ഗൃഹാതുരതയുണര്‍ത്തുന്ന സുദിനവും. എന്നാല്‍ കേരളത്തിലും ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഇത്തവണ ഓണാഘോഷം വേണ്ടെന്നുവെച്ചു. ഇത്തവണ എല്ലാവരും ഓണാഘോഷത്തിനായി മാറ്റിവച്ചതും സംഭരിച്ചതുമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്‌തു.
നാട്ടിലേക്കാള്‍ പെരുമയോടെ ഓണം ആഘോഷിക്കുന്ന പ്രവാസി മലയാളികളും ആഘോഷം വേണ്ടെന്നുവെച്ചു. അതിനുവേണ്ടി മാറ്റിവച്ച തുകയെല്ലാം അവര്‍ ഇത്തവണ കേരള സര്‍ക്കാറിന്‌ കൈമാറി. ഇവിടെയാണു മലയാളിപ്പെരുമ ഉയര്‍ന്നു നില്‍ക്കുന്നത്‌.
സമൃദ്ധിയുടെ കഥകള്‍ മാത്രം പറയുന്ന മലയാളികളുടെ ഇത്തവണത്തെ ഓണത്തിന്‌ നിറമോ മണമോ ഒന്നുമില്ലായിരുന്നു. ഇത്‌ ഒരു മലയാളിക്കും ആരും പറഞ്ഞുകൊടുക്കുകയോ മനസിലാക്കികൊടുക്കുകയോ ചെയ്യേണ്ടതില്ലായിരുന്നു. അവരോരുത്തരും സ്വയമറിഞ്ഞു പ്രവര്‍ത്തിച്ചു. പ്രവാസി മലയാളിസംഘടനകളും പ്രളയത്തിനു ശേഷം രൂപംകൊണ്ട കൂട്ടായ്‌മകളും കൂടി കോടിക്കണക്കിന്‌ രൂപയും അതിനെക്കാള്‍ നിരവധി മടങ്ങ്‌ വിലപിടിപ്പുള്ള സാധനസാമഗ്രികളുമാണ്‌ കേരളത്തിലെത്തിച്ചത്‌.

തലസ്‌ഥാന നഗരത്തിന്റെ കൈത്താങ്ങ്‌

തലസ്‌ഥാന നഗരമായ തിരുവനന്തപുരം ചെയ്‌ത സേവനം വിലമതിക്കാനാകാത്തതാണ്‌. ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ നൂറുകണക്കിന്‌ ചെറുപ്പക്കാരാണു ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി സാധനങ്ങള്‍ ശേഖരിക്കാനും അവ തരംതിരിക്കാനും സജീവമായി ഉണ്ടായിരുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ആയിരത്തോളം വിദ്യാര്‍ഥികളാണു ദുരന്തമുഖത്തേക്കു ഭക്ഷണവും വെള്ളവുമെത്തിക്കുന്ന കര്‍മപദ്ധതിയുടെ ഭാഗമാകാന്‍ ഒഴുകിയെത്തിയത്‌. കലക്‌ടര്‍ ഡോ. കെ. വാസുകി നേതൃത്വം നല്‍കുന്ന വൊളന്റിയര്‍ഷിപ്‌ പ്രോഗ്രാമിലും ഇന്റേണ്‍ഷിപ്‌ പ്രോഗ്രാമിലും പങ്കെടുക്കുന്നവരാണ്‌ സന്നദ്ധ പ്രവര്‍ത്തകരാകാനെത്തിയവരില്‍ പലരും. കോളജുകളിലെ എന്‍.എസ്‌.എസ്‌. യൂണിറ്റുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങി.
നാലിടത്താണ്‌ കളക്‌ഷന്‍ സെന്ററുകള്‍ ഉണ്ടായിരുന്നത്‌. ഡെപ്യൂട്ടി കലക്‌ടര്‍ സാംക്ലീറ്റസ്‌, സബ്‌ കലക്‌ടര്‍ ഇന്ദുശേഖര്‍, അസിസ്‌റ്റന്റ്‌ കലക്‌ടര്‍ പ്രിയങ്ക, ഹരിത ഹരികുമാര്‍ എന്നിവരാണ്‌ രാപ്പകലില്ലാതെ കേന്ദ്രങ്ങള്‍ നിയന്ത്രിക്കാനുണ്ടായിരുന്നത്‌. കോ-ഓര്‍ഡിനേറ്റര്‍മാരായി പി.ആര്‍. വിഷ്‌ണു, ഭരത്‌ ഗോവിന്ദ്‌, കിരണ്‍ ശ്രീരാജ്‌ തുടങ്ങിയവരും. കളക്ഷന്‍ സെന്ററിലേക്ക്‌ എത്തിയ സാധനങ്ങള്‍ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ്‌ സാധങ്ങള്‍ ഇനങ്ങളാക്കി തരംതിരിച്ചു.
ഓരോ ഇനം പായ്‌ക്കറ്റുകളും ഉള്‍ക്കൊള്ളുന്ന വലിയ ബോക്‌സാക്കി ഇന വിവര ലേബല്‍ ഒട്ടിച്ച്‌ ട്രക്കിലേക്കു കയറ്റി. ഇത്തരത്തില്‍ നൂറിലധികം ട്രക്കുകളാണ്‌ സാധനങ്ങളുമായി ദുരിതമുഖത്തേക്കു പോയത്‌. തിരുവനന്തപുരംമാത്രമല്ല കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ ഇത്തരം കളക്ഷന്‍ സെന്ററുകള്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്നു.

ജീവഹാനി കുറച്ചത്‌ മലയാളികളുടെ ഐക്യം

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ദുരന്തമുണ്ടാകുമ്പോള്‍ മനുഷ്യരുടെ ജീവഹാനി എപ്പോഴും ഉയര്‍ന്നതായിരിക്കും. എന്നാല്‍, ഇവിടെ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി അതു നന്നേ കുറയ്‌ക്കാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ജനങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നു. മറ്റു സംസ്‌ഥാനങ്ങളില്‍ ഇത്തരത്തിലുള്ള വന്‍ ജനകീയപങ്കാളിത്തം കാണാറില്ലെന്നാണ്‌ അവിടങ്ങളില്‍നിന്നും ഇവിടെയെത്തിയ പല പ്രമുഖരും പറഞ്ഞത്‌. ദുരിതബാധിതര്‍ക്ക്‌ എത്തിക്കാനുള്ള ഭക്ഷ്യസാധനങ്ങളുടെയും മരുന്നുകളുടെയും മറ്റും ശേഖരണവും അതു വേര്‍തിരിച്ചു കൃത്യമായി പാക്ക്‌ ചെയ്‌ത്‌ ലക്ഷ്യസ്‌ഥാനങ്ങളിലേക്ക്‌ അയച്ചതുമെല്ലാം ശാസ്‌ത്രീയമായും ചിട്ടയായുമാണ്‌ നടന്നതെന്നും അവര്‍ പറയുന്നു.
കേരളം പുതിയൊരു ആശയം കൂടി ലോകത്തിന്‌ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. പ്രളയമെഴുത്ത്‌. പ്രളയത്തില്‍ പുസ്‌തകങ്ങളും നോട്ടുബുക്കുകളും നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക്‌ അതു പകര്‍ത്തിയെഴുതി നല്‍കുക എന്ന ആശയം. മികച്ച പ്രതികരണമാണ്‌ സംസ്‌ഥാനത്തുടനീളം ഉണ്ടായത്‌. പ്രളയത്തില്‍ അകപ്പെട്ട കൂട്ടുകാര്‍ക്കായി നോട്ടുകള്‍ എഴുതിക്കൊടുക്കാന്‍ തയാറായി നൂറുകണക്കിന്‌ വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നു. അവര്‍ കൂടിയിരുന്ന്‌ നോട്ടുകളെഴുതി.പ്രളയത്തില്‍ ദുഃഖിക്കുന്ന സഹപാഠികളോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇതിനെക്കാള്‍ മറ്റെന്ത്‌ മാര്‍ഗമാണു കുട്ടികള്‍ക്കു മുന്നിലുള്ളത്‌.

പുനരധിവാസ പ്രവര്‍ത്തനം മാതൃകാപരം

പ്രളയാനന്തരം വെള്ളമിറങ്ങിയ വീടുകളില്‍ തിരികെ വസിക്കാനെത്തിയവരെ കേരളജനത തനിയെ വെറുംകൈയോടെ വിടുകയായിരുന്നില്ല. ആ വീടുകള്‍ വൃത്തിയാക്കാന്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും സന്നദ്ധപ്രവര്‍ത്തകരെത്തി. വീടുകള്‍ മാത്രമല്ല, സ്‌കൂളുകളും ആശുപത്രികളുമെല്ലാം അവര്‍ ഉപയോഗയോഗ്യമാക്കി.
സമുദ്രനിരപ്പിലും താഴെയുള്ള കുട്ടനാടിനെ പ്രളയക്കെടുതിയില്‍നിന്ന്‌ കൈപിടിച്ചുയര്‍ത്താന്‍ നാടിന്റെയാകെ കൈത്താങ്ങാണുണ്ടായത്‌. ഈ മഹാഉദ്യമം ഇപ്പോഴും തുടരുകയാണ്‌. ഈ ദുരിതകാലത്ത്‌ ഞങ്ങളും നിങ്ങളുമില്ല; നമ്മള്‍ മാത്രമേയുള്ളൂവെന്ന്‌ ലോകത്തോടു വിളിച്ചുപറഞ്ഞു മലയാളിപ്പെരുമ.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 30 Aug 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW