Thursday, August 30, 2018 Last Updated 46 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.35 AM

പ്രളയമിറങ്ങി; തട്ടിപ്പുകാരും

uploads/news/2018/08/244472/bft2.jpg

പ്രളയകാലം ചാകരക്കാലമാക്കി മലയാളക്കരയില്‍ വിഷജന്തുക്കളുടെ വിളയാട്ടം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച വസ്‌തുക്കള്‍ കവര്‍ന്നും മറിച്ചുവിറ്റും ഇഷ്‌ടക്കാര്‍ക്കു കൈമാറിയും ഉദ്യോഗസ്‌ഥ, രാഷ്‌ട്രീയ പ്രമാണികളുടെ അരങ്ങുവാഴ്‌ച. മോഷണവും പിടിച്ചുപറിയും കബളിപ്പിക്കലും വ്യാപകം.
ദുരിതാശ്വാസസാമഗ്രികള്‍ അടിച്ചുമാറ്റിയതിനു വയനാട്‌ ജില്ലയില്‍ രണ്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റിലായതിനു പിന്നാലെ എറണാകുളത്ത്‌ ഇന്നലെ ഉപയോക്‌താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്‍ഷുറന്‍സ്‌ സര്‍വേയറും കുടുങ്ങി.
വെള്ളമിറങ്ങിത്തുടങ്ങിയതോടെയാണു ദുരിതബാധിതരുടെ പേരില്‍ വിവേചനവും രാഷ്‌ട്രീയമുതലെടുപ്പും മോഷണവും വര്‍ധിച്ചത്‌ പിന്നാക്ക ജില്ല, ആദിവാസികള്‍ കൂടുതലുള്ള പ്രദേശം എന്നിവ സഹതാപതരംഗമായി മാറിയപ്പോള്‍ അന്യജില്ലകളിലും അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക്‌ സഹായം പ്രവാഹിക്കുകയായിരുന്നു. എന്നാല്‍ വസ്‌ത്രങ്ങളും മറ്റ്‌ വിലപിടിപ്പുള്ള സാമഗ്രികളും ക്യാമ്പുകളില്‍ കുന്നുകൂടാന്‍ തുടങ്ങിയപ്പോഴാണ്‌ മോഷണവും മുതലെടുപ്പും വര്‍ധിച്ചത്‌. ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ അടിച്ചുമാറ്റിയതിന്‌ വയനാട്ടില്‍ മൂന്ന്‌ സര്‍ക്കാര്‍ ജീവനക്കാരാണ്‌ അറസ്‌റ്റിലായത്‌. രാഷ്‌ട്രീയപാര്‍ട്ടികളെയും സംഘടനകളെയും ഏല്‍പ്പിക്കുന്ന ലോഡ്‌ കണക്കിന്‌ സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നു. പല സാധനങ്ങളും സൂക്ഷിച്ചിരിക്കുന്നത്‌ പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും സ്വകാര്യ സ്‌ഥാപനങ്ങളിലും. പോലീസിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെയാണ്‌ പല സംഘടനകളും സാധനങ്ങള്‍ നേരിട്ട്‌ വിതരണം ചെയ്ുയന്നത്‌.
നേരിട്ട്‌ വിതരണം ചെയ്യണമെന്ന ആഗ്രഹവുമായി സാധനങ്ങള്‍ കൊണ്ടുവരുന്നവരെ ലക്ഷ്യമിട്ട്‌ രാഷ്‌ട്രീയപാര്‍ട്ടികളുടേതുള്‍പ്പെടെ ആളുകള്‍ രംഗത്തുണ്ട്‌. ഇത്തരം വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നവര്‍ ക്യാമ്പിലേക്ക്‌ പോകാതെ അവരുടെ സ്‌ഥാപനങ്ങളില്‍ ലോഡിറക്കും. ദുരിതബാധിതര്‍ക്കുള്ള സഹായവുമായി എത്തുന്ന കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ രജിസ്‌ട്രേഷനുള്ള ലോറികള്‍ റാഞ്ചാനാണ്‌ ആളുകള്‍ക്ക്‌ താല്‍പര്യം. ഇതരസംസ്‌ഥാനക്കാരുടെ സ്‌ഥലപരിചയമില്ലായ്‌മയും ഭാഷാപ്രശ്‌നവും മുതലെടുത്താണ്‌ ഇടനിലക്കാര്‍ വിലസുന്നത്‌.
മീനങ്ങാടി പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ പാര്‍ട്ടിയുടെ ഓണസമ്മാനം എന്ന പേരിലാണ്‌ മറ്റുപലരും എത്തിച്ചു നല്‍കിയ സാധനങ്ങള്‍ ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ വിതരണം ചെയ്‌തത്‌. അന്യസംസ്‌ഥാനത്തുനിന്നെത്തിയ സാധനങ്ങള്‍ കിറ്റുകളാക്കി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്‌ മാത്രമാണ്‌ നല്‍കിയത്‌.
കിറ്റ്‌ ലഭിച്ചതിലേറെയും പ്രളയക്കെടുതി അനുഭവിക്കാത്തവരാണ്‌. ഇടനിലക്കാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങുന്നത്‌ തടയാനും സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടായിട്ടില്ല. പനമരം ഗവ. ഹൈസ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ സാധനങ്ങള്‍ മോഷ്‌ടിച്ചുവെന്ന്‌ ആരോപിച്ച്‌ ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ച രണ്ട്‌ വില്ലേജ്‌ ഓഫീസ്‌ ഉദ്യോഗസ്‌ഥരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരുടെ കാറില്‍ നിന്ന്‌ പോലീസ്‌ കണ്ടെടുത്തത്‌ പര്‍ദ, അടിവസ്‌ത്രങ്ങള്‍, പഴകിയ തുണികള്‍, ചെരുപ്പുകള്‍, ഉപ്പ്‌ പായ്‌ക്കറ്റുകള്‍ തുടങ്ങിയവയാണ്‌. ഇവരെ ഭരണകക്ഷി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കെണിയില്‍പെടുത്തിയതാണെന്ന്‌ റവന്യൂജീവനക്കാര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്‌.പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ട ചില സാധനങ്ങള്‍ ക്യാമ്പിലെ ഉദ്യോഗസ്‌ഥര്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ അഭിപ്രായ ഭിന്നത മുര്‍ച്‌ഛിച്ചിരിക്കെയാണ്‌ ഉദ്യോഗസ്‌ഥരെ മുറിയില്‍പൂട്ടിയിട്ട്‌ ആളുകള്‍ പോലീസിനെ വിളിച്ചുവരുത്തിയത്‌. വയനാട്‌ കലക്‌ടറേറ്റ്‌ വളപ്പിലെ അക്ഷയകേന്ദ്രത്തിലെ സെക്യുരിറ്റി ജീവനക്കാരനാണ്‌ മോഷണത്തിന്‌ പിടിയിലായ മറ്റൊരാള്‍. വിമുക്‌തഭടനായ ഇയാളുടെ കാറില്‍നിന്ന്‌ പിടികൂടിയത്‌ അടിവസ്‌ത്രങ്ങളടക്കമുള്ള സാധനങ്ങളാണ്‌.
കാസര്‍ഗോഡുനിന്നു പറവൂര്‍, ആലുവ, ഇടുക്കി മേഖലയിലെ ദുരിതബാധിത സ്‌ഥലങ്ങളിലേക്കെത്തിയ സാധനങ്ങള്‍ വഴിയില്‍ തടഞ്ഞു രാഷ്‌ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൈക്കലാക്കി തങ്ങളുടെ ഇഷ്‌ടക്കാര്‍ക്കു വിതരണം ചെയ്‌തു. കാസര്‍ഗോട്ടെയും ബംഗളുരൂവിലെയും വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തി. തങ്ങള്‍ കൊടുത്ത സാധനങ്ങളുടെ കണക്ക്‌ പുറത്തു വിടാനുള്ള ഒരുക്കത്തിലാണ്‌ ഇവര്‍.
ഗുജറാത്ത്‌, സൂറത്ത്‌, ബോംബെ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച വസ്‌ത്രങ്ങളും ധാന്യങ്ങളുമായിരുന്നു മൂന്നു ലോറികളിലുണ്ടായിരുന്നത്‌. ഒരു ലോറിയില്‍ ആറു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണുണ്ടായിരുന്നു. എന്നാല്‍ അങ്കമാലിക്കു ചാലക്കുടിയ്‌ക്കു ഇടയില്‍ മുപ്പതോളം വരുന്ന സംഘം ലോറി തടഞ്ഞുനിര്‍ത്തി കൊടികുത്തി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ്‌ പരാതി. കന്നഡക്കാരായിരുന്നു ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും. ഇവരെ ഭയപ്പെടുത്തിയാണു സാധനങ്ങള്‍ തട്ടിയെടുത്തത്‌. ലോറി ഡ്രൈവര്‍മാര്‍ തിരികെ കാസര്‍ഗോട്ടെത്തിയപ്പോഴാണു സംഘടനകള്‍ വിവരമറിയുന്നത്‌.
ഇതേത്തുടര്‍ന്ന്‌ ഇവര്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കൂടാതെ ഇവര്‍ കേരളത്തിലെ ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ നമ്പറുകള്‍ എടുത്ത്‌ തങ്ങളുടെ ലോഡുകള്‍ വരുന്നതായി അറിയിച്ചിരുന്നു. ഇതു കിട്ടിയില്ലെന്നു പലരും വിവരമറിയിച്ചു.
കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിച്ച വസ്‌തുക്കള്‍ തൃശൂര്‍ ജില്ലയിലെ മുന്‍ എം.എല്‍.എ, മുന്‍ മേയര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴം പച്ചക്കറി മാര്‍ക്കറ്റിങ്‌ സൊസൈറ്റിയുടെ ഗോഡൗണിലേക്ക്‌ വസ്‌തുക്കള്‍ മാറ്റിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. 27ന്‌ വൈകിട്ടാണ്‌ തമിഴ്‌നാട്ടില്‍നിന്ന്‌ ആറുലോഡ്‌ സാധനങ്ങളുമായി വണ്ടികള്‍ എത്തിയത്‌. പച്ചക്കറികളും പഴങ്ങളും വീട്ടുസാധനങ്ങളുമെല്ലാം ഇതിലുണ്ടായിരുന്നു.
എന്നാല്‍ നാലു ലോഡുകള്‍ മാത്രമാണ്‌ കലക്‌ടറേറ്റില്‍ എത്തിയത്‌. മറ്റ്‌ രണ്ട്‌ ലോഡുകള്‍ നടത്തറയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലേക്ക്‌ കൊണ്ടുപോയി എന്നാണ്‌ നാട്ടുകാരുടെ പരാതി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഒല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്‌. ഒല്ലൂര്‍ മേഖലകളിലെ ക്യാമ്പുകളില്‍ വിതരണം ചെയ്യാനായി ഒല്ലൂര്‍ തൊഴിലാളി സഹകരണ സംഘത്തിന്‌ വ്യാപാരികള്‍ നേരിട്ട്‌ കൈമാറിയതാണ്‌ രണ്ടു ലോഡ്‌ സാധനങ്ങളെന്നാണ്‌ സംഘത്തിന്റെ നിലപാട്‌.

Ads by Google
Thursday 30 Aug 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW