Friday, January 18, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

ഭീമാ കൊരേഗാവ്‌ സംഘര്‍ഷം : മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്‌ ആശ്വാസമായി സുപ്രീംകോടതി

uploads/news/2018/08/244399/d2.jpg

ന്യൂഡല്‍ഹി/മുംബൈ: ഭീമാ കൊരേഗാവ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ട അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്‌ ആശ്വാസമായി സുപ്രീംകോടതി. ഇവരെ അടുത്ത മാസം ആറ്‌ വരെ പോലീസ്‌ കസ്‌റ്റഡിയില്‍ നല്‍കേണ്ടതില്ലെന്നും വീട്ടുതടങ്കല്‍ മതിയെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ ബെഞ്ച്‌ നിര്‍ദേശിച്ചു.
തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്‌, സന്നദ്ധപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌.
കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ചീഫ്‌ ജസ്‌റ്റിസിന്റെ ബെഞ്ച്‌ നിര്‍ദേശം നല്‍കി. അഭിപ്രായഭിന്നത ജനാധിപത്യത്തിന്റെ "സുരക്ഷാ വാല്‍വ്‌" ആണെന്നും അതു തടഞ്ഞാല്‍ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുമെന്ന നിരീക്ഷണവും ബെഞ്ചിന്റെ ഭാഗമായ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ നടത്തി. കേസില്‍ അടുത്ത വാദം അടുത്ത മാസം ആറിനുകേള്‍ക്കും. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ ഇവരെ കസ്‌റ്റഡിയിലെടുത്തതിനെതിരേ രാജ്യവ്യാപകമായി വിമര്‍ശനമുയര്‍ന്ന പശ്‌ചാത്തലത്തില്‍ കൂടിയാണു സുപ്രീംകോടതിയുടെ ഇടപെടല്‍.
പ്രദേശിക കോടതികളിലും ഡല്‍ഹി ഹൈക്കോടതിയിലും ഇതു സംബന്ധിച്ചു ഹര്‍ജികളെത്തിയെങ്കിലും സുപ്രീംകോടതി വിധിയാണ്‌ അന്തിമമായത്‌. വിധിക്കു തൊട്ടുപിന്നാലെ സാമൂഹിക പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ മടക്കിയെത്തിക്കാന്‍ പുനെ കോടതി പോലീസിനു നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പാലിച്ചല്ല അറസ്‌റ്റെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷനും വിലയിരുത്തി. ഇതു സംബന്ധിച്ചു മഹാരാഷ്‌ട്ര സര്‍ക്കാരിനു കമ്മിഷന്‍ നോട്ടീസ്‌ നല്‍കി. നാല്‌ ആഴ്‌ചയ്‌ക്കകം മറുപടി നല്‍കാനും നിര്‍ദേശമുണ്ട്‌.
ചരിത്രകാരിയും ആക്‌ടിവിസ്‌റ്റുമായി റോമില ഥാപ്പര്‍, പ്രഭാത്‌ പട്‌നായിക്‌, സതീശ്‌ ദേശ്‌പാണ്ഡേ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീംകോടതി ഇടപെടലുണ്ടായത്‌.
സാമൂഹിക പ്രവര്‍ത്തകരെ ഡല്‍ഹി, പുനെ എന്നിവിടങ്ങളിലെ കോടതിയില്‍ പോലീസ്‌ ഇന്നലെ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്‌ചയാണ്‌ മുംബൈ, ഹൈദരാബാദ്‌, ഫരീദാബാദ്‌ എന്നിവിടങ്ങളില്‍നിന്നായി ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
വരവരറാവുവിനെ ഹൈദരാബാദില്‍നിന്നും വെര്‍നണ്‍ ഗോണ്‍സാല്‍വസ്‌, അരുണ്‍ ഫെരേര എന്നിവരെ മുംബൈയില്‍നിന്നും സുധാ ഭരദ്വാജിനെ ഫരീദാബാദില്‍നിന്നുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തതത്‌. മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഡല്‍ഹിയില്‍നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജൂണില്‍ അറസ്‌റ്റിലായ സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിങ്‌, മഹേഷ്‌ റൗത്ത്‌, റോണ വില്‍സണ്‍ എന്നിവരില്‍നിന്നാണു സാമൂഹിക പ്രവര്‍ത്തകരുടെ മാവോയിസ്‌റ്റ്‌ ബന്ധം തിരിച്ചറിഞ്ഞതെന്നാണു മഹാരാഷ്‌ട്രാ പോലീസിന്റെ നിലപാട്‌.
ഗൗതം നാവ്‌ലാഖയെ അറസ്‌റ്റ്‌ ചെയ്യാനുള്ള പുനെ പോലീസിന്റെ നടപടി പരിശോധിക്കുമെന്നു ഡല്‍ഹി ഹൈക്കോടതിയും വ്യക്‌തമാക്കി. പോലീസ്‌ സമര്‍പ്പിച്ച ട്രാന്‍സിറ്റ്‌ റിമാന്‍ഡ്‌ അപേക്ഷയിലാണ്‌ ഹൈക്കോടതി നിലപാട്‌ വ്യക്‌തമാക്കിയത്‌. പുനെ കോടതിയില്‍ ഹാജരാക്കാനാണു പോലീസ്‌ ട്രാന്‍സിറ്റ്‌ റിമാന്‍ഡിന്‌ അപേക്ഷ നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നു ചേര്‍ന്ന എല്‍ഗാര്‍ പരിഷതുമായി ബന്ധപ്പെട്ട വിഷയത്തിലാണു പുനെ പോലീസ്‌ നാവ്‌ലാഖയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പരിഷത്‌ യോഗം ഭീമ കൊറിഗാവ്‌ കലാപത്തിനിടയാക്കിയെന്നാണു പോലീസിന്റെ വാദം. റിമാന്‍ഡ്‌ അപേക്ഷയുടെ കോപ്പി നാവ്‌ലാഖയ്‌ക്കു നല്‍കാത്തതിനെയും കോടതി വിമര്‍ശിച്ചു. ചൊവ്വാഴ്‌ച വൈകിട്ടാണു പുനെ പോലീസ്‌ ഗൗതം നാവ്‌ലാഖയെ കസ്‌റ്റഡിയിലെടുത്തത്‌. അദ്ദേഹത്തെ ഡല്‍ഹിക്കു പുറത്തു കൊണ്ടുപോകുന്നതു ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ തടഞ്ഞിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ വിമര്‍ശനവുമായി ദേശീയ മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. ചട്ടങ്ങള്‍ പാലിക്കാതെയാണ്‌ അറസ്‌റ്റെന്ന വിലയിരുത്തലാണുള്ളതെന്നു കമ്മിഷന്‍ പ്രതികരിച്ചു. നാല്‌ ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മിഷന്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
അതേ സമയം, മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരില്‍ മഹാരാഷ്‌ട്ര പോലീസിന്റെ പരിശോധന തുടരുകയാണ്‌. ഫാ. സ്‌റ്റാന്‍ സ്വാമി, സൂസന്‍ ഏബ്രഹാം, ക്രാന്തി തകുല, ആനന്ദ്‌ തെല്‍തുംബ്‌ഡേ എന്നിവരുടെ വീടുകളില്‍ പോലീസ്‌ പരിശോധന നടത്തി.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW