Monday, September 10, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.08 AM

ഒടുവില്‍ റിസര്‍വ്‌ ബാങ്ക്‌ എണ്ണിപ്പറഞ്ഞു 99. 3 % നോട്ടും തിരിച്ചെത്തി

uploads/news/2018/08/244398/d1.jpg

മുംബൈ: നിരോധിച്ച നോട്ടുകള്‍ ഒടുവില്‍ റിസര്‍വ്‌ ബാങ്ക്‌ എണ്ണിത്തിട്ടപ്പെടുത്തി; 99.3 ശതമാനം. നോട്ട്‌ നിരോധിച്ച്‌ 21 മാസങ്ങള്‍ക്കുശേഷമാണ്‌ മടങ്ങിയെത്തിയ നോട്ടുകള്‍ എത്രയെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ തീര്‍ച്ചപ്പെടുത്തിയത്‌. നിരോധിച്ച 500, 1000 നോട്ടുകളുടെ 99.3 ശതമാനവും ബാങ്ക്‌ സമ്പ്രദായത്തിലേക്കു മടങ്ങിയെത്തിയെന്ന്‌ വാര്‍ഷികറിപ്പോര്‍ട്ടിലൂടെയാണ്‌ വെളിപ്പെടുത്തിയത്‌. നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തിയെന്ന്‌ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന കണക്കുകള്‍ ശരിവച്ചുകൊണ്ടാണ്‌ റിസര്‍വ്‌ ബാങ്കിന്റെ സ്‌ഥിരീകരണം. നോട്ട്‌ നിരോധിച്ച്‌ ഏതാണ്ട്‌ രണ്ടുവര്‍ഷത്തോളം നീണ്ടതു കേന്ദ്രസര്‍ക്കാരിനും റിസര്‍വ്‌ ബാങ്കിനുമെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ബാങ്കിങ്‌ സംവിധാനത്തിലേക്കു തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിക്കഴിഞ്ഞെന്നും ഈ പ്രക്രിയ അവസാനിച്ചെന്നും റിസര്‍വ്‌ ബാങ്ക്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.
കള്ളപ്പണവും കള്ളനോട്ടും തടയാനാണു നോട്ട്‌ നിരോധിച്ചത്‌ എന്ന മോഡി സര്‍ക്കാരിന്റെ വാദത്തിന്‌ നേര്‍വിപരീതമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഇന്നലെ പുറത്തുവിട്ട വാര്‍ഷികറിപ്പോര്‍ട്ടിലെ നോട്ട്‌ നിരോധനകണക്ക്‌. 2016 നവംബര്‍ എട്ട്‌ രാത്രി എട്ടുമണിക്കാണ്‌ അപ്രതീക്ഷിത തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്‌. അന്നുവരെ പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യത്തിനുമുള്ള നോട്ടുകള്‍ തിരിച്ചെത്തിയതായാണ്‌ റിസര്‍വ്‌ ബാങ്ക്‌ കണക്ക്‌. അതായത്‌ നിരോധിക്കപ്പെട്ടവയില്‍ 10,720 കോടി രൂപയുടേതു മാത്രമാണ്‌ ഇനി തിരിച്ചെത്താനുള്ളത്‌. നിരോധിച്ചശേഷം ഈ നോട്ടുകള്‍(എസ്‌.ബി.എന്നുകള്‍) ബാങ്കില്‍ തിരികെ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ഇത്തരം നോട്ടില്‍ 15,310,73 കോടി നോട്ട്‌ തിരികെയെത്തിയെന്നാണു റിസര്‍വ്‌ ബാങ്ക്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. ഇവ ഹൈ സ്‌പീഡ്‌ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ്‌ പ്രോസസിങ്‌ സംവിധാന(സി.വി.പി.എസ്‌)ത്തിലൂടെ പരിശോധിച്ച്‌ യഥാര്‍ഥ നോട്ടാണ്‌ എന്ന്‌ ഉറപ്പുവരുത്തിയെന്നും റിസര്‍വ്‌ ബാങ്ക്‌ പറയുന്നു.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധമെന്നാണു നോട്ട്‌ നിരോധനത്തെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ തിരിച്ചെത്തിയ എസ്‌.ബി.എന്നുകളില്‍ 500 രൂപയുടെ കള്ളനോട്ടില്‍ 59.7 ശതമാനത്തിന്റെയും 1000 രൂപയുടെ കള്ളനോട്ടില്‍ 59.6 ശതമാനത്തിന്റെയും കുറവാണ്‌ ഉണ്ടായത്‌ എന്ന്‌ ആര്‍.ബി.ഐ. വ്യക്‌തമാക്കുന്നു. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 100 രൂപയുടെ കള്ളനോട്ടില്‍ 154.3 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്‌. അതേപോലെ തന്നെ പുതിയ 500, 2000 രൂപയുടെ വ്യാജനുകള്‍ 9,892 എണ്ണവും 2000 രൂപയുടേത്‌ 17,929 എണ്ണവും ഈവര്‍ഷം കണ്ടെത്തിയിട്ടുണ്ട്‌. മുന്‍വര്‍ഷം ഇത്‌ യഥാക്രമം 199, 638 എന്നിങ്ങനെ ആയിരുന്നു.
നോട്ട്‌ നിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2016-17 വര്‍ഷത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ചെലവിട്ടത്‌ 7,965 കോടി രൂപയാണ്‌; മുന്‍വര്‍ഷം ചെലവിട്ട 3,421 കോടി രൂപയുടെ ഇരട്ടി. 2017-18 വര്‍ഷത്തില്‍ നോട്ടുകള്‍ അച്ചടിക്കുന്നതിനായി മറ്റൊരു 4,912 കോടി രൂപയും ചെലവിട്ടതായി റിസര്‍വ്‌ ബാങ്ക്‌ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.

2000 രൂപ നോട്ടിന്റെ അച്ചടി കുറഞ്ഞത്‌ 95%

ന്യൂഡല്‍ഹി: 2000 രൂപാ നോട്ടിന്റെ അച്ചടി കുറയ്‌ക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ട്‌ ആകെ അച്ചടിച്ചത്‌ 15.1 കോടി എണ്ണം മാത്രം. മുന്‍വര്‍ഷം അച്ചടിച്ച 2000 രൂപാ നോട്ടുകളുടെ എണ്ണം 350 കോടി ആയിരുന്നു. അച്ചടിയില്‍ ഏകദേശം 95 ശതമാനത്തിന്റെ കുറവ്‌. വിനിമയത്തിലുള്ള 2000 രൂപാ നോട്ടുകള്‍ 43 ശതമാനത്തില്‍നിന്ന്‌ 23 ശതമാനമായി കുറഞ്ഞു.

Ads by Google
Thursday 30 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW