Sunday, September 23, 2018 Last Updated 39 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 06.40 PM

മീന്‍ വെട്ടിക്കഴിഞ്ഞപ്പോള്‍ കയ്യില്‍ കിടന്ന സ്വര്‍ണ്ണമോതിരം വെള്ളിയായി

uploads/news/2018/08/244296/gold.jpg

കറുകച്ചാല്‍ : മീന്‍ വില്ലനായതോടെ വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവില്‍ ദീപു വര്‍ഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങളാണു വെള്ളി നിറമായത്. കഴിഞ്ഞ ബുധനാഴ്ച കറുകച്ചാല്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തില്‍നിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്. ഫ്രിജില്‍ സൂക്ഷിച്ച അയല 27ന് രാവിലെ വെട്ടിയപ്പോള്‍ ജിഷയുടെ കൈവിരലിലെ അരപ്പവന്‍ വിവാഹ മോതിരത്തിന്റെ നിറം മാറി. എന്നാല്‍ ഇവര്‍ ഇതു കാര്യമാക്കിയില്ല.

ഇന്നലെ രാവിലെ വെട്ടാനായി കിരിയാന്‍ വെള്ളത്തില്‍ ഇട്ടുവച്ചിരുന്നു. ഇതില്‍ ജിഷയുടെ കുട്ടികളായ അഞ്ച് വയസ്സുകാരന്‍ ഡിയോണും ഒന്നര വയസ്സുകാരി ഡെല്‍നയും കൈയിട്ടതോടെയാണ് ഇവരുടെ സ്വര്‍ണാഭരണങ്ങളുടെയും നിറം മാറിയത്. ദീപുവും ജിഷയും മീനും നിറം മാറിയ സ്വര്‍ണാഭരണങ്ങളുമായി കറുകച്ചാലിലെ മാര്‍ക്കറ്റിലെത്തി ഉടമയെ വിവരം ധരിപ്പിച്ചു. പായിപ്പാട്ടുനിന്നുമാണ് തങ്ങള്‍ക്ക് മീന്‍ ലഭിക്കുന്നതെന്നും മീനിന്റെ ഗുണമേന്മയെക്കുറിച്ച് അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കാനും നിര്‍ദേശിച്ചു. ഇവര്‍ കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നല്‍കി. മീന്‍ സൂക്ഷിച്ചുവയ്ക്കാനാണ് പൊലീസും നിര്‍ദ്ദേശിച്ചത്.

മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുക്കളാണ് നിറമാറ്റത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഡിയോണിന്റെ കൈയിലെ അരപവന്‍ സ്വര്‍ണ ചെയിനും ഡെല്‍നയുടെ രണ്ടു പവന്‍ വീതം തൂക്കം വരുന്ന രണ്ട് വളകളും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൊലുസുമാണ് വെള്ളി നിറത്തിലായത്. നിറം മാറിയ സ്വര്‍ണാഭരണങ്ങളില്‍ വേഗം കളര്‍ ചേര്‍ത്തില്ലെങ്കില്‍ സ്വര്‍ണം ദ്രവിച്ചുപോകുമെന്നും വെള്ളി നിറം കൂടുതല്‍ പടരുമെന്നുമാണ് സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍ നിന്നു ദീപുവിനും ജിഷയ്ക്കും നിര്‍ദേശം ലഭിച്ചത്. മീനിലെ രാസസാന്നിധ്യം മനസ്സിലാക്കുന്നതിനു വിദഗ്ധ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി ഇന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമെന്നും അതേസമയം സമാന കേസുകള്‍ വേറെ വന്നിട്ടില്ലെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു.

Ads by Google
Wednesday 29 Aug 2018 06.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW