Thursday, June 20, 2019 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.25 AM

ആവര്‍ത്തിക്കരുത്‌, പ്രളയത്തിനു വഴിയൊരുക്കിയ വീഴ്‌ചകള്‍

uploads/news/2018/08/244199/bft2.jpg

ഈ നൂറ്റാണ്ടു കണ്ട വലിയ പ്രളയക്കെടുതിയാണു കേരളം നേരിട്ടത്‌. നാനൂറോളം ജീവനുകള്‍ നഷ്‌ടമായി. 35,000 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ദുരന്തത്തെ നേരിടാന്‍ രാഷ്‌ട്രീയ, ജാതി, മത ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചത്‌ മലയാളികളുടെ ഒരുമയുടെ പ്രതിഫലനമായി. ദുരന്തത്തിന്റെ കെടുതികളില്‍നിന്നും കരകയറി പുതിയ കേരളം സൃഷ്‌ടിക്കാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ ഈ ദുരന്തം ഒഴിവാക്കാമായിരുന്നോ എന്നും പരിശോധിക്കപ്പെടണം. ഭാവിയില്‍ ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലിനും ജാഗ്രതക്കും ഇത്‌ അനിവാര്യം.
സംസ്‌ഥാനത്ത്‌ ജൂണ്‍ ഒന്നു മുതലാണു സാധാരണയായി കാലവര്‍ഷം വരാറുള്ളത്‌. ഇതു പരിഗണിച്ച്‌ കെ.എസ്‌.ഇ.ബി. പവര്‍ഹൗസുകളിലെ ജനറേറ്ററുകള്‍ ഉള്‍പ്പെടെ യന്ത്രങ്ങള്‍ക്ക്‌ അറ്റകുറ്റപ്പണികള്‍ ചെയ്ുയന്നത്‌ സാധാരണയാണ്‌. എന്നാല്‍ ഇത്തവണ മുന്‍കരുതല്‍ നടപടി വേണ്ടപോലെ ചെയ്‌തതായി കാണുന്നില്ല. എന്തുകൊണ്ടാണിതെന്നു പ്രത്യേകം പരിശോധിക്കപ്പെടണം. സാധാരണ ഇക്കാര്യത്തെക്കുറിച്ചുള്ള പഠനത്തിനും വിലയിരുത്തലിനും വാട്ടര്‍ മാനേജ്‌മെന്റ്‌ സെല്‍ രൂപീകരിക്കും. ലോഡ്‌ ഡിസ്‌പാച്ച്‌ സെന്റര്‍, സിവില്‍ എന്‍ജിനീയറിങ്‌ വിഭാഗം എന്നിവയെല്ലാം ചേര്‍ന്ന വാട്ടര്‍ മാനേജ്‌മെന്റ്‌ സെല്ലാണു പ്രാഥമികമായി ഇക്കാര്യം വിലയിരുത്തുന്നത്‌. ഇത്തവണ അങ്ങനെയൊരു സെല്‍ രൂപീകരിച്ചതായോ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നതായോ വിവരമില്ല.
കാലവര്‍ഷക്കാലത്ത്‌ ശക്‌തമായ മഴ ലഭിച്ചു ജലനിരപ്പുയരുമ്പോള്‍ ചെറുകിട ഡാമുകള്‍ യഥാസമയം തുറന്നുവിടുകയും ഇടുക്കി, ഇടമലയാര്‍, ശബരിഗിരി തുടങ്ങിയ ഡാമുകളില്‍നിന്നും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണു പതിവ്‌. ഇങ്ങനെ ചെയ്യുമ്പോള്‍ വന്‍കിട ഡാമുകളിലെ ജലനിരപ്പ്‌ താഴ്‌ത്താനാകും. എന്നിട്ടും വൃഷ്‌ടിപ്രദേശത്തുനിന്നും നീരൊഴുക്ക്‌ കൂടുകയാണെങ്കില്‍ ഡാം കുറേശെ തുറന്നുവിടും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ്‌ വെള്ളത്തിന്റെ അളവ്‌ വര്‍ധിച്ചിട്ടും ഇക്കുറി ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രവചനം സാധാരണയായി കേന്ദ്ര ജലസേചന കമ്മിഷന്റെ സ്‌റ്റാന്റേഡ്‌ ഓപ്പറേറ്റിങ്‌ പ്ര?സീജ്യര്‍ ഫോര്‍ ഫ്‌ളഡ്‌ ഫോര്‍കാസ്‌റ്റിങാ(എസ്‌.ഒ.പി)ണു നടത്താറ്‌. ഇതിനുള്ള വിവരങ്ങളും വസ്‌തുതകളും നല്‍കേണ്ടത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. എന്നാല്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കാത്ത ഏക സംസ്‌ഥാനമാണു കേരളം.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ ഒന്നിന്‌ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ്‌ 1077 മില്യണ്‍ ക്യുബിക്‌ മീറ്ററായിരുന്നു. ഈ വര്‍ഷം അത്‌ 3,828 മില്യണ്‍ ക്യുബിക്‌ മീറ്ററായി വര്‍ധിച്ചു. ഈ വര്‍ധന ഒറ്റയടിക്കുണ്ടായതല്ല. ജൂണ്‍ മാസം മുതല്‍ തുടങ്ങിയതായിരുന്നു. ക്രമാനുഗതമനായി വര്‍ധിച്ചുവരുന്ന വെള്ളം അതതു ഘട്ടത്തില്‍ തുറന്നുവിട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം ഒഴിവാക്കാമായിരുന്നു.
സാധാരണയായി ജലനിരപ്പ്‌ കൂടിവരുമ്പോള്‍ ഗ്രീന്‍ അലര്‍ട്ട്‌, ഓറഞ്ച്‌ അലര്‍ട്ട്‌, റെഡ്‌ അലര്‍ട്ട്‌ എന്നിവ പ്രഖ്യാപിക്കും. ഓറഞ്ച്‌ അലര്‍ട്ട്‌, റെഡ്‌ അലര്‍ട്ട്‌ എന്നിവ പ്രഖ്യാപിക്കുമ്പോള്‍ അപകട സാധ്യത മൈക്കുവഴിയും മറ്റും ജനങ്ങളെ അറിയിക്കും. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചാല്‍ 24 മണിക്കൂര്‍ ജനങ്ങള്‍ക്ക്‌ ഒഴിഞ്ഞുപോകാന്‍ സമയമുണ്ട്‌. ഇതിനു ശേഷം മാത്രമേ അണക്കെട്ട്‌ തുറന്നുവിടാന്‍ പാടുള്ളൂ. ഈ നടപടിക്രമം യഥാസമയം പാലിച്ചിരുന്നെങ്കില്‍ ഒരു പരിധിവരെ അത്യാഹിതം ഒഴിവാക്കാമായിരുന്നു.
ചരിത്രത്തിലെ ഏറ്റവും ശക്‌തമായ മഴ ലഭിച്ചിട്ടും കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം മാത്രമാണ്‌ പ്രവര്‍ത്തിപ്പിച്ചത്‌. ഇടമലയാറില്‍ രണ്ട്‌ ജനറേറ്ററുകളും തകരാറിലായിരുന്നു. ജൂണിനു മുമ്പ്‌ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനം സാധ്യമാവുകയും അതുവഴി ഡാമിലെ ജലനിരപ്പ്‌ കുറക്കുകയും ചെയ്യാമായിരുന്നു. ജൂണ്‍ ഒന്നിനു മുമ്പ്‌ തന്നെ ജനറേറ്ററുകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍ണസജ്‌ജമാക്കണമെന്ന വ്യവസ്‌ഥ നടപ്പാക്കാത്തതു വീഴ്‌ചയാണ്‌. കേരളത്തിലെ പ്രധാന ഡാമുകള്‍ ഒന്നിച്ചു തുറന്നതും തമിഴ്‌നാട്ടിലെ അപ്പര്‍ഷോളയാറിലെ വെള്ളം മുന്നറിയിപ്പില്ലാതെ കേരളത്തിലേക്കു തുറന്നുവിട്ടതുമാണു സ്‌ഥിതിഗതി രൂക്ഷമാക്കിയത്‌. ഇക്കാര്യത്തില്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ അധികാരമുള്ള ഇന്റര്‍സ്‌േറ്ററ്റ്‌ വാട്ടര്‍ റഗുലേറ്ററി കമ്മിഷന്‍ നിലവിലുണ്ട്‌. ഈ കമ്മിഷന്റെ ചെയര്‍മാന്‍ സ്‌ഥാനം കേരളത്തിന്റെ ഇറിഗേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ക്കാണ്‌. ഈ കമ്മിഷന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ സാധിക്കുമായിരുന്നു.
ചെറുതോണി, ഇടമലയാര്‍, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്‌, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ ഡാമുകള്‍ ഒന്നിച്ചു തുറന്നതാണ്‌ ആലുവയിലും ചാലക്കുടിയിലും ഇത്രയും വലിയ പ്രളയത്തിന്‌ കാരണമായത്‌. ചാലക്കുടി പുഴയില്‍ ആറു ഡാമുകളാണ്‌ ഒന്നിച്ചുതുറന്നത്‌. പമ്പയില്‍ ഒമ്പതു ഡാമുകള്‍ ഒന്നിച്ചു തുറന്നത്‌ ചെങ്ങന്നൂരിനെ പ്രളയത്തില്‍ മുക്കി. വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ട്‌ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുപോലുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ്‌ ഇത്രയും വലിയ കെടുതിക്ക്‌ കാരണമായത്‌. ഇതെല്ലാം കാണിക്കുന്നത്‌ നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഒന്നും പരിഗണിക്കാതെയുള്ള നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലെങ്കിലും സംഭവിക്കാതിരിക്കാനുള്ള അടിയന്തിര നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എങ്കില്‍ മാത്രമേ ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും കേരളത്തിന്റെ പുനഃസൃഷ്‌ടി ഫലപ്രദമാകൂ.

ആര്യാടന്‍ മുഹമ്മദ്‌

(വൈദ്യുതി വകുപ്പ്‌ മുന്‍ മന്ത്രി)

Ads by Google
Wednesday 29 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW