Monday, November 19, 2018 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Wednesday 29 Aug 2018 01.25 AM

കിട്ടേണ്ടവര്‍ക്കു കിട്ടാതെ 'ദുരിതാശ്വാസ നിധി' സുനാമി, ഓഖി ഫണ്ടുകളുടെ വഴിയേ പ്രളയദുരിതാശ്വാസ നിധിയും ?

uploads/news/2018/08/244198/mgmsplnews290818.jpg

പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടവരെ സഹായിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധി അര്‍ഹര്‍ക്കു പ്രയോജനപ്പെടുന്നില്ല. ദുരിതാശ്വാസഫണ്ടില്‍നിന്നുള്ള തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്‌. സുനാമി, ഓഖി ദുരിതാശ്വാസനിധിയുടെ കാര്യത്തില്‍ സംഭവിച്ച വകമാറ്റല്‍ പ്രളയ ദുരിതാശ്വാസ നിധിയിലും ആവര്‍ത്തിക്കുമെന്ന്‌ ആശങ്ക.

സുനാമി ഫണ്ട്‌ വകമാറ്റിയത്‌ ഏറെനാള്‍ വിവാദമായിരുന്നെങ്കിലും പിന്നീട്‌ കെട്ടടങ്ങി. കടലില്ലാത്ത ഇടുക്കിയിലും കോട്ടയത്തും സുനാമി ഫണ്ടില്‍നിന്നുള്ള തുക വ്യാപകമായി ചെലവഴിച്ചിരുന്നു. ദുരന്തത്തിന്‌ ഇരയായവരില്‍ പലര്‍ക്കും ഇന്നും നയാപൈസാ കിട്ടിയിട്ടില്ല.

ഓഖിയെ നേരിടാന്‍ കേന്ദ്രം ദേശീയ ദുരന്ത പ്രതികരണനിധിയില്‍നിന്ന്‌ 133 കോടി രൂപ സംസ്‌ഥാനത്തിന്‌ അനുവദിച്ചു. വിശദമായ കണക്കുകള്‍ ലഭ്യമാകുന്ന മുറയ്‌ക്ക്‌ കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുമ്പോള്‍ നേരത്തെ നല്‍കിയ 133 കോടി രൂപ ദേശീയ ദുരന്ത നിവാരണ സമിതി ഇതില്‍ ക്രമീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഏപ്രില്‍ 20 വരെ 104.24 കോടി രൂപയും ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 20 വരെ സംസ്‌ഥാന സര്‍ക്കാര്‍ ഓഖിയുമായി ബന്ധപ്പെട്ടു ചെലവഴിച്ചത്‌ 25,11,45,997 രൂപ മാത്രമാണ്‌. ഇതില്‍ 20 ലക്ഷം രൂപ വീതം ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‌ ട്രഷറി അക്കൗണ്ട്‌ ആയിട്ടാണ്‌ നല്‍കിയത്‌. പരുക്കേറ്റ്‌ മറ്റ്‌ ജോലികള്‍ ചെയ്യാനാകാത്തവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപയ്‌ക്കുള്ള ബദല്‍ ജീവനോപാധി നല്‍കുമെന്ന്‌ കൊട്ടിഘോഷിച്ചെങ്കിലും അതുണ്ടായില്ല.

പ്രളയദുരന്തത്തിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെയേ നടക്കൂവെന്ന നിലയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. സഹായം സംബന്ധിച്ച്‌ ആദ്യം പറഞ്ഞ നിലപാടില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്നോട്ടുപോയി നിബന്ധനകള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കി. സര്‍വവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ കിട്ടുന്നത്‌ നക്കാപിച്ച മാത്രമായിരിക്കും. ഇതിനാകട്ടെ നൂറുകൂട്ടം നൂലാമാലകളും.

ദുരിതബാധിതര്‍ക്ക്‌ മുഴുവന്‍ കിറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലുംപലയിടങ്ങളിലും ക്യാമ്പുകള്‍ വിട്ടവര്‍ക്കും ബന്ധുവീടുകളില്‍ താമസിച്ചവര്‍ക്കും ദുരിതാശ്വാസ കിറ്റുകള്‍ കിട്ടിയിട്ടില്ല.

പ്രളയത്തെത്തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ലഭിച്ച തുക ആയിരം കോടിയോട്‌ അടുക്കുകയാണ്‌. എന്നാല്‍, പ്രളയത്തില്‍ സര്‍വവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇതില്‍നിന്ന്‌ എന്തു നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തത വരുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസക്കും തമ്മിലുള്ള ധാരണപ്പിശകു മൂലം അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല.

ക്യാമ്പ്‌ വിടുമ്പോള്‍ തെന്ന പണം നല്‍കണമെന്നാണു മുഖ്യമന്ത്രിയുടെ നിര്‍ദേശമെങ്കിലും അങ്ങനെ വെറുതേ പണം കൊടുക്കാനാവില്ലെന്നാണു ധനമന്ത്രി പറയുന്നത്‌. ക്യാമ്പ്‌ വിട്ടവര്‍ക്കും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചവര്‍ക്കും ഈ തുക കിട്ടിയിട്ടുമില്ല. പണം ബാങ്ക്‌ അക്കൗണ്ട്‌ വഴിയേ നല്‍കൂവെന്ന നിബന്ധന പാസ്‌ബുക്ക്‌ അടക്കം നഷ്‌ടപ്പെട്ടവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.

സംസ്‌ഥാനത്തെ പുനര്‍നിര്‍മിക്കേണ്ട വലിയൊരു പ്രക്രിയയാണു സര്‍ക്കാരിനു മുന്നിലുള്ളത്‌. അതുകൊണ്ടു തന്നെ സുനാമി, ഓഖി ഫണ്ടുകള്‍ പോയ വഴിയേ പ്രളയഫണ്ട്‌ പോയാല്‍ വലിയവില നല്‍കേണ്ടി വരും. സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രളയഫണ്ടിലുടെ പരിഹരിക്കാനുള്ള അണിയറനീക്കങ്ങളും സജീവമാണ്‌.

Ads by Google
ജി. അരുണ്‍
Wednesday 29 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW