Friday, April 19, 2019 Last Updated 53 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

കായംകുളം കട്ടച്ചിറ പള്ളി ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക്‌ അനുകൂല വിധി

ന്യൂഡല്‍ഹി: കായംകുളം കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയിലെ ആരാധനാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ അനുകൂലമായി സുപ്രീം കോടതിവിധി. മലങ്കര സഭയ്‌ക്കു കീഴിലെ പള്ളികള്‍ 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2007 ജൂലൈയിലെ വിധി കട്ടച്ചിറ പള്ളിക്കും ബാധകമാണ്‌.
സഭാ ഭരണഘടന പ്രകാരം അധികാരമേറ്റ ബിഷപ്പിനു മാത്രമേ വികാരിയെ നിയമിക്കാനാകൂ എന്നും ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗോഗോയ്‌, ആര്‍. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്‌തമാക്കി. സഭാ തര്‍ക്കങ്ങള്‍ സംബന്ധിച്ച്‌ 1958, 1995, 2017 വര്‍ഷങ്ങളില്‍ വന്ന സുപ്രീംകോടതി വിധികള്‍ക്ക്‌ അനുസൃതമായാണു മൂന്നംഗ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി. ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ്‌, അഡ്വ. ഇ.എം.എസ്‌. അനാം എന്നിവരും യാക്കോബായ സഭയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഡ്വ. എ. രഘുനാഥ്‌ എന്നിവരും ഹാജരായി.
കട്ടച്ചിറ പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ യാക്കോബായ സഭയ്‌ക്ക്‌ അനുകൂലമായി 2000-ല്‍ കേരള ഹൈക്കോടതി വിധിച്ചിരുന്നു. സഭാ ഭരണഘടന ബാധകമല്ലെന്നും യാക്കോബായ ബിഷപ്പിനു വികാരിയെ നിയമിക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഇതു ചോദ്യംചെയ്‌ത്‌ ഓര്‍ത്തഡോക്‌സ്‌ സഭ നല്‍കിയ ഹര്‍ജിയിയിലാണ്‌ ഇന്നലെ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്‌. ഹൈക്കോടതി വിധി 2000-ല്‍ത്തന്നെ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.
സഭാ ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം വികാരിയെ നിയമിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നായിരുന്നു യാക്കോബായ സഭയുടെ വാദം. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW