Saturday, April 20, 2019 Last Updated 57 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 02.23 PM

പ്രളയ ബാധിതർക്ക് ദമ്മാം പാലക്കാട് ഒ.ഐ.സി.സിയുടെ സഹായഹസ്തം

uploads/news/2018/08/243962/Gulf280818e.jpg

ദമ്മാം: നൂറ്റാണ്ടുകൾക്കിപ്പുറം കേരളീയർ അനുഭവിച്ച മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സഹോദരീ സഹോദരന്മാർക്ക് ദമാം ഒഐസിസി പാലക്കാട് ജില്ലാകമ്മിറ്റിയുടെ സഹായഹസ്തം. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായ അട്ടപ്പാടി, മൈലമ്പാടം, നെല്ലിയാമ്പതി, നെന്മാറ, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നീ മേഖലയിലുള്ളവർക്കാണ് സഹായഹസ്തം. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായിവരുന്ന വസ്ത്രങ്ങളും മറ്റുമാണ് ദമാമിലെ അഭ്യുതയകാംഷികളിൽനിന്നും സ്വരൂപിച്ചത്. ശേഖരിച്ച 900 കിലോഗ്രാം വരുന്ന സാധനസാമഗ്രികൾ അൽ ഈസാ കാർഗോ കമ്പനിയുടെ സഹകരണത്തോടെ വി.ടി ബൽറാം എം.എൽ.എ യുടെ പേരിൽ അയച്ചു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നേതൃത്വത്തിൽ ഇവ അർഹരായവർക്ക്‌ വിതരണം ചെയ്യും. കൂടാതെ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 250 വിദ്യാർത്ഥികൾക്ക് ബാഗും നോട്ടുപുസ്തകവും നൽകുന്നതാണ്.

ഇതര സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ഒരു വലിയ പ്രകൃതി ദുരന്തത്തിനുമുന്നിൽ പകച്ചുനിൽക്കുകയോ മറ്റുള്ളവരുടെ സഹായത്തിനൊ നിർദേശങ്ങൾക്കോ കാത്തുനിൽക്കുകയോ ചെയ്യാതെ കേരളജനത ഒറ്റക്കെട്ടായി ഒരേമനസ്സോടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ദുരന്തഭൂമിയിലും ഏറെ പ്രതീക്ഷ നല്കുന്ന കാഴ്ചയായിരുന്നു.

എന്നാൽ ഭരണകർത്താക്കളുടെ അപക്വമായ പ്രവർത്തനങ്ങൾ കേരളജനത നേടിയെടുത്ത ഈ പുത്തൻ അദ്ധ്യായത്തിന്റെ മുഴുവൻ ശോഭകെടുത്തുന്നതായിരുന്നു. യുഎഇ യിൽനിന്നുള്ള 700 കോടിയുടെ സഹായവുമായിബന്ധപ്പെട്ട അവകാശവാദങ്ങളും വിവാദങ്ങളും ഒരു നവകേരള സൃഷ്ടിക്കായി മലയാളികൾ നേടിയെടുത്ത ഊർജവും ആവേശവും കെടുത്തുന്നതാണ്. വിറങ്ങലിച്ചുനിൽകുന്ന ഒരുജനതക്ക് കടലിനക്കരെനിന്നും ലഭിച്ച ആശ്വാസവാക്ക് മുഖ്യമന്ത്രി നിരുത്തരവാദപരമായി ഉപയോഗിച്ചതും കേന്ദ്രസർക്കാരാകട്ടെ അതിനോട് രാഷ്ട്രീയമായിപ്രതികരിച്ചതുമാണ് ഇന്നത്തെ വിവാദങ്ങൾക്ക് കാരണം.

കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഭരണ പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായിനിന്നതു കൊണ്ടുകൂടിയാണ് ഇത്രയും വലിയ വെല്ലുവിളിയെ വിജയകരമായി നേരിടാൻ നമുക്കുകഴിഞ്ഞത്. ഉയർന്ന പൗരബോധം കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹം അവസരങ്ങൾക്ക് അനുസരിച്ചു ഉണർന്നു പ്രവർത്തിച്ചത് വലിയ നാശനഷ്ടങ്ങൾ കുറക്കുവാൻ ഏറെ സഹായകരമായി. മത്സ്യ തൊഴിലാളികൾ അർപ്പിച്ച സേവനമനോഭാവത്തിനു കേരളജനത എന്നും അവരോടു കടപ്പെട്ടിരിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ഉദ്യോഗസ്ഥർ കൈ മെയ് മറന്നു പണിയെടുത്തതിനും ഈ നാളുകൾ സാക്ഷിയായി. കൃത്യമായി തങ്ങളുടെ ധർമം നിറവേറ്റിയ മാധ്യമപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നു. ഈ പ്രളയകാലത്തു കേന്ദ്രസൈന്യത്തിന്റെ ഇടപെടലുകൾക്ക് സാക്ഷ്യം വഹിക്കാൻ നമുക്ക് അവസരം ലഭിച്ചു. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ”കേരളമോഡൽ” രക്ഷാപ്രവർത്തനം ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്തത് തീർച്ചയായും ഓരോ മലയാളിക്കും ഈ അവസരത്തിലും അഭിമാനിക്കാൻ വകനൽകുന്നു.

ഈ ദുരന്തകാലത്തു ആദ്യം പ്രാർത്ഥനയോടെ ഇരുന്ന പ്രവാസി മലയാളികൾ പിന്നീട് തങ്ങളാൽ ആവും വിധം രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ദുരന്തത്തിൽ തകർന്നുപോയ തന്റെ നാടിനെ കൈപിടിച്ചുയർത്താൻ ഓരോ മലയാളിയും വിഭവധനസമാഹരണത്തിനു മുന്നിട്ടിറങ്ങുന്നത് കാലാകാലങ്ങളായി അവർ പുലർത്തിപ്പോരുന്ന സേവന മനോഭാവം കൊണ്ടുകൂടിയാണ്. മറ്റുരാജ്യക്കാർ കേരള സംസ്ഥാനത്തോട് കാണിക്കുന്ന സ്നേഹവും കരുതലും വർഷങ്ങളായി ഇവിടുങ്ങളിൽ പണിയെടുക്കുന്ന മലയാളികൾ നേടിയെടുത്ത വിശ്വാസം കൊണ്ടാണ്.

അടിസ്ഥാനമേഖലകളടക്കം സമസ്തമേഖലകളും തകർന്നടിഞ്ഞ കേരളം പടുത്തുയർത്തുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. ഈ അവസ്ഥയെ ഭരണകർത്താക്കൾ തങ്ങളുടെ പ്രശസ്തിക്കും പേരിനും ഉപയോഗിക്കാതെ ഒരു നവകേരളസൃഷ്ടിക്കായ് ഉത്തരവാദത്തോടെ പെരുമാറണമെന്നും ദമാം ഒഐസിസി പാലക്കാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

റിലീഫ് പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡണ്ട് ശ്യാംപ്രകാശ് ജനറൽ സെക്രട്ടറി ഫൈസൽ ഷെരീഫ്, റീജിണൽ കമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ മമ്മുട്ടി പട്ടാമ്പി, അബ്ദുൽ ഗഫൂർ വണ്ടൂർ എന്നിവർ നേതൃത്വം നല്കി. ജില്ലാ ഭാരവാഹികളായ അബ്ദുൽ ഹകീം, സുമേഷ് കാട്ടിൽ , സക്കീർ പറമ്പിൽ, ശശി ആലൂർ, പ്രോമോദ് പൂപ്പാല, ഷമീർ പട്ടാമ്പി, ശിവദാസൻ മാസ്റ്റർ, നൗഫൽ ഷെരീഫ്, രാധിക ശ്യാംപ്രകാശ് ഡോ. ഫൗഷ ഫൈസൽ എന്നിവരും ഈ സദുദ്ധ്യമത്തിൽ പങ്കാളികളായിരുന്നു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 28 Aug 2018 02.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW