ഇടുക്കി: അതിവൃഷ്ടി മൂലം ഇടുക്കി ജില്ലയിലുണ്ടായത് 278 ഉരുള്‍പൊട്ടലും 1800 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും. കാലവര്‍ഷക്കെടുതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന് ബാബുവാണ് കണക്കുകള്‍ നിരത്തിയത്. 19 ഉരുള്‍പൊട്ടലിലായി 46 പേര് ഉള്‍പ്പെടെ ജില്ലയില്‍ മരണം 56. ഏഴു പേരെ കാണാതായി. 56 പേര്‍ക്കു പരുക്കേറ്റു. ഏകദേശം 1200 വീടുകള്‍ക്കു പൂര്‍ണമായും 2266 വീടുകള്‍ക്കു ഭാഗികമായും നാശനഷ്ടമുണ്ടായി.
ഈയിനത്തില്‍ 46.40 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കി താലൂക്കില്‍ 564, ദേവികുളം 131, ഉടുമ്പന്‍ചോല 210, പീരുമേട് 248, തൊടുപുഴ 47 എന്നിങ്ങനെയാണു പൂര്‍ണമായും തകര്‍ന്ന വീടുകളുടെ എണ്ണം. ഇടുക്കി താലൂക്കില്‍ 232, ദേവികുളം 753, ഉടുമ്പന്‍ചോല 700, പീരുമേട് 25, തൊടുപുഴ 331 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
11339.64 ഹെക്ടറില്‍ കൃഷി നശിച്ചു, 61.64 കോടി രൂപയുടെ നാശനഷ്ടം. നിരവധി കര്‍ഷകരുടെ ഭൂമി വീണ്ടും കൃഷി ചെയ്യാനാകാത്ത വിധത്തില്‍ നശിച്ചുപോയി. 11 സ്കൂളുകള്‍ക്കും 11 അംഗന്‍വാടികള്‍ക്കും നാശനഷ്ടമുണ്ടായി. ആനവിരട്ടി എല്‍.പി സ്കൂള്‍, വിജ്ഞാനം എല്‍.പി സ്കൂള്‍ മുക്കുടം എന്നിവ പൂര്‍ണമായും തകര്‍ന്നു. 148 കി.മീ. ദേശീയ പാതയ്ക്കും 1145.78 കി.മീ. പൊതുമരാമത്ത് റോഡുകള്‍ക്കും 865.93 കി.മീ. പഞ്ചായത്ത് റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. 13 ട്രാന്സ്ഫോര്മറുകള്ക്കാണ് നാശനഷ്ടമുണ്ടായത്. 1500 പേര്‍ക്കുള്ള െവെദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ശേഷിക്കുന്നു. കുത്തുങ്കല്‍, സേനാപതി സബ് സ്റ്റേഷനുകളുടെ നന്നാക്കല്‍ പുരോഗമിക്കുകയാണ്.
കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാശനഷ്ടക്കണക്ക് വന്‍തോതില്‍ വര്‍ധിച്ചേക്കും. തകര്‍ന്ന പാലങ്ങള്‍ പുതുക്കിപ്പണിയണം. ചെറുതോണി, പെരിയവര പാലങ്ങളുടെ താല്‍ക്കാലിക പണി ആരംഭിച്ചിട്ടുണ്ട്. മിക്ക റോഡുകളിലൂടെയും ചെറിയ വാഹനങ്ങള്‍ മാത്രമാണു കടത്തിവിടുന്നത്. തൊടുപുഴ-പുളിയന്മല, കൊച്ചി-ധനുഷ്കോടി അടക്കമുള്ള പാതകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാകണമെങ്കില്‍ മാസങ്ങളെടുക്കും. മണ്ണിടിച്ചിലില്‍ മൂന്നാറിലും തേക്കടിയിലുമടക്കം വിനോദസഞ്ചാര മേഖലയിലെ നഷ്ടവും ഭീമമാണ്.
ഉരുള്‍പൊട്ടലില്‍ പന്നിയാര്‍കുട്ടിയെന്ന ഗ്രാമം ഇല്ലാതായി. ഇവിടെയടക്കം നിരവധി സ്ഥലങ്ങളില്‍ തകര്‍ന്ന റോഡുകളുടെ അെലെന്മെന്റില് തന്നെ മാറ്റം വരുത്തി റോഡുകള്‍ പുനരുദ്ധരിക്കേണ്ട അവസ്ഥയാണ്. നാട് കാല് നൂറ്റാണ്ടെങ്കിലും പിന്നിലായെന്ന വിലയിരുത്തലിലാണ് ഇടുക്കിക്കാര്.