Saturday, April 20, 2019 Last Updated 19 Min 15 Sec ago English Edition
Todays E paper
ബൈജു ഭാസി
Tuesday 28 Aug 2018 12.25 AM

ജനത്തിന്‌ ദുരിതം, ഒറ്റയ്‌ക്ക്‌ ഒന്നും ചെയ്യാനാകാതെ വകുപ്പുകള്‍

uploads/news/2018/08/243815/keralaflod280818.jpg

പ്രളയം വിതച്ച കെടുതികളില്‍നിന്നു ജനത്തെ മോചിപ്പിക്കാന്‍ കൂട്ടായ യത്‌നം വേണമെങ്കിലും ഭാരിച്ച ചുമതല റവന്യൂ, തദ്ദേശ, കൃഷി വകുപ്പുകള്‍ക്ക്‌. നഷ്‌ടത്തിന്റെ കൃത്യമായ കണക്കെടുപ്പും നഷ്‌ടപരിഹാര വിതരണവും അത്‌ അര്‍ഹരായവര്‍ക്കു മാത്രം ലഭ്യമാക്കുന്നതും വലിയ കീറാമുട്ടി.
വീടുകളുടെ പുനര്‍നിര്‍മാണവും നവീകരണവും സ്‌ഥാവരജംഗമ വസ്‌തുക്കളുടെ നഷ്‌ടക്കണക്കെടുപ്പും ഈ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ.

ഒറ്റയ്‌ക്ക്‌ ഒന്നും ചെയ്യാനാകാത്ത ചുമതലാഭാരമാണു വകുപ്പുകള്‍ക്കുള്ളത്‌. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച്‌ കൃത്യമായി ഇവ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന സംശയവുമുണ്ട്‌. സന്നദ്ധ സംഘടനകള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ്‌ വേണ്ടതെന്നും ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക മേഖലയ്‌ക്കുണ്ടായ നഷ്‌ടം കോടികളുടേതാണ്‌. നഷ്‌ടത്തിന്റെ കണക്ക്‌ തിട്ടപ്പെടുത്തുന്നതിന്റെ ചുമതല പൂര്‍ണമായും കൃഷി വകുപ്പിന്റേതാണ്‌. മാലിന്യ നിര്‍മാര്‍ജനം തദ്ദേശസ്‌ഥാപനങ്ങളുടെ മാത്രം ചുമതലയായതുകൊണ്ട്‌ പ്രളയത്തിന്റെ ബാക്കിയായ ടണ്‍ കണക്കിനു മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജനം ചെയ്യുമെന്നറിയാതെ അമ്പരക്കുകയാണ്‌ വകുപ്പ്‌. നിലവില്‍ പുഴയിലും കായലിലും കടലിലും മാലിന്യങ്ങള്‍ തള്ളുകയാണ്‌.

അതിലേറെ സംസ്‌കരിക്കാന്‍ കഴിയാതെ കൂട്ടിയിട്ടിരിക്കുന്നു. മാലിന്യങ്ങള്‍ പെരിയാര്‍ മണപ്പുറത്ത്‌ തള്ളാനെത്തിയ ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ സംഭവവുമുണ്ടായി. ചിലയിടത്ത്‌ മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയാണ്‌. മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്നറിയാതെ വലയുന്നവരുമുണ്ട്‌.

പുതിയ വീടുകളുടെ നിര്‍മാണത്തിന്‌ അനുമതി നല്‍കേണ്ടതു പഞ്ചായത്തുകളാണ്‌. പ്രളയത്തില്‍ നിശേഷം തകര്‍ന്നവയ്‌ക്കു പകരം പുതിയ വീടുകള്‍ നിര്‍മിക്കേണ്ടിവരും. തകര്‍ന്ന വീടുകള്‍ നദിയോരങ്ങളിലാണെങ്കില്‍ പുതിയവയുടെ നിര്‍മാണം തലവേദനയാണ്‌. ചട്ടങ്ങളും നിയമങ്ങളും പ്രാബല്യത്തില്‍ വരുംമുമ്പ്‌ പുഴയില്‍നിന്നും കായലോരങ്ങളില്‍ നിന്നും മിനിമം ദൂരം പോലും പാലിക്കാതെ നിര്‍മിച്ച വയുണ്ട്‌.

വരട്ടാര്‍, പെരിയാര്‍ എന്നിവയുടെ തീരങ്ങളില്‍ നിരവധി നിര്‍മാണങ്ങള്‍ ഇക്കുട്ടത്തില്‍പ്പെടുന്നു. കൈയേറ്റ ഭൂമിയിലാണെങ്കിലും പ്രശ്‌നമാകും. വീടുകളും ബഹുനിലപാര്‍പ്പിട സമുച്ചയങ്ങളും ഒരിക്കല്‍ നിര്‍മിച്ചാല്‍ പിന്നീട്‌ നിയമപരമായി ക്രമപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്‌. 2010 നു മുമ്പ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പണിത ബഹുനില കെട്ടിടങ്ങള്‍ ആറുമാസം മുമ്പ്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ ക്രമപ്പെടുത്തി നല്‍കിയത്‌ ഇതിനുദാഹാരണമാണ്‌.

Ads by Google
ബൈജു ഭാസി
Tuesday 28 Aug 2018 12.25 AM
YOU MAY BE INTERESTED
Loading...
TRENDING NOW