Monday, November 12, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Tuesday 28 Aug 2018 12.24 AM

പ്രളയക്കെടുതി കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ഒന്നുപോലും നടപ്പാക്കാതെ കേരളം; ഇടുക്കി അണക്കെട്ടിന്റെ പരിസരത്തുണ്ടായ ഭൂകമ്പങ്ങളെ പോലും ഗൗനിക്കാതെ സംസ്‌ഥാന സര്‍ക്കാര്‍

uploads/news/2018/08/243814/keralaflod280818a.jpg

പ്രളയ ദുരന്തം ഒഴിവാക്കുന്നതിനായി നാഷണല്‍ ഫ്‌ളഡ്‌ കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ 39 വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവം കേരളത്തിന്‌ സമ്മാനിച്ചത്‌ ശതകോടികളുടെ നഷ്‌ടവും കൊടും ദുരിതവും. 1980-ലാണ്‌ വെള്ളപ്പൊക്കം മുന്നില്‍ കണ്ടു കൊണ്ട്‌ വിവിധ സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നടപ്പാക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ നാഷണല്‍ ഫ്‌ളഡ്‌ കമ്മിഷന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ സമര്‍പ്പിച്ചത്‌.

എന്നാല്‍ നിര്‍ദേശങ്ങളില്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാന്‍ മാറിമാറി ഭരിച്ച സംസ്‌ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല.

സംസ്‌ഥാനത്ത്‌ വെള്ളപ്പൊക്ക സാധ്യതയുള്ള സ്‌ഥലങ്ങള്‍?
ഉണ്ടാകാവുന്ന നാശനഷ്‌ടങ്ങള്‍?
ജനങ്ങളുടെ പുനരധിവാസ സാധ്യതകള്‍?
ചെയ്യാവുന്ന മുന്‍കരുതലുകള്‍?
വിവിധ സ്‌ഥലങ്ങളില്‍ ഉയരാവുന്ന ജലത്തിന്റെ അളവ്‌?
അണക്കെട്ടുകള്‍ വ്യത്യസ്‌ത അളവില്‍ തുറന്നുവിട്ടാല്‍ വിവിധ സ്‌ഥലങ്ങളില്‍ ഉയരാവുന്ന ജലത്തിന്റെ അളവ്?

അത്‌ വ്യക്‌തമാക്കുന്ന സ്‌കെയിലുകള്‍ സ്‌ഥാപിക്കല്‍ തുടങ്ങിയവ അടങ്ങുന്നതായിരുന്നു നാഷണല്‍ ഫ്‌ളഡ്‌ കമ്മിഷന്റ നിര്‍ദേശങ്ങള്‍.

ഡാം ബ്രേക്കിങ്‌ അനാലിസിസ്‌ നടത്തണമെന്നതായിരുന്നു ഏറ്റവും പ്രാധാന്യമുള്ള മറ്റൊരു നിര്‍ദേശം. കേരളത്തിലെ ഒരു ഡാമിനും സുരക്ഷാ ഭീഷണിയില്ലെന്ന്‌ കേരള സര്‍ക്കാര്‍ പറയുമ്പോള്‍ ഇടുക്കി അടക്കമുള്ള അണക്കെട്ടുകളുടെ പരിസരത്ത്‌ അടുത്ത കാലത്ത്‌ ഉണ്ടായ ഭൂകമ്പങ്ങളെ പോലും ഗൗനിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.

ഇക്കുറി മൂന്നുമാസമായി തുടര്‍ന്നുവന്ന മഴയില്‍ പമ്പയും പെരിയാറും നിറഞ്ഞൊഴുകിയപ്പോഴാണ്‌ അണക്കെട്ടുകള്‍ തുറന്നുവിട്ടത്‌. വെള്ളപ്പൊക്കം ഇത്രയേറെ രൂക്ഷമാകാനുള്ള കാരണവും ഇതാണ്‌. നദിയുടെ അവസ്‌ഥയും കാലാവസ്‌ഥാ പ്രവചനവും ശ്രദ്ധിക്കാതെ അണക്കെട്ടില്‍ നൂറുശതമാനം സംഭരണം ഉറപ്പാക്കാന്‍ നടത്തിയ ശ്രമമാണ്‌ പ്രളയദുരന്തത്തിനു കാരണം. രാജ്യത്ത്‌ 184 വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ കേന്ദ്രങ്ങളാണ്‌ (ഫ്‌ളഡ്‌ ഫോര്‍കാസ്‌റ്റിങ്‌സെന്ററുകള്‍) ഉള്ളത്‌. എന്നാല്‍, 44 നദികളുള്ള കേരളത്തില്‍ ഒന്നുപോലുമില്ല.

2014 സെപ്‌റ്റംബറില്‍ കശ്‌മീരിലുണ്ടായ പ്രളയവും പിന്നീട്‌ ചെന്നൈയിലുണ്ടായ അതിശക്‌തമായ വെള്ളപ്പൊക്കവും കണക്കിലെടുത്ത്‌ കേരളത്തില്‍ അതിലും രൂക്ഷമായ പ്രളയം ഉണ്ടാകാനുള്ള സാധ്യത പമ്പാ പരിരക്ഷണ സമിതി അടക്കമുള്ള സംഘടനകള്‍ സംസ്‌ഥാന സര്‍ക്കാറിനെ അറിയിച്ചതാണ്‌. ജലം ഒഴുകി പോകാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളെല്ലാം അടഞ്ഞതാണ്‌ കശ്‌മീരില്‍ പ്രളയം ഉണ്ടാകാനുള്ള കാരണമെന്ന്‌ മുംബൈ നാച്ചുറല്‍ സൊസൈറ്റിയുടെ പഠനം വ്യക്‌തമാക്കുന്നു.

20,200 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള വൂളര്‍ തടാകം 12,000 ഹെക്‌ടറായി ചുരുങ്ങി. പമ്പാ നദിയെ സംബന്ധിച്ചിടത്തോളം പ്രകൃതിദത്ത നീരൊഴുക്കുകള്‍ അടഞ്ഞതും നീര്‍ച്ചാലുകളും വയലുകളും അപ്രത്യക്ഷമായതും വേമ്പനാട്ട്‌ കായലിന്റെ വിസ്‌തൃതി കുറഞ്ഞതും പ്രളയം ശക്‌തമാകാന്‍ കാരണമായിട്ടുണ്ട്‌. നാഷണല്‍ ഫ്‌ളഡ്‌ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ്‌ ഇതിനു കാരണമെന്ന്‌ പരിസ്‌ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

Ads by Google
സജിത്ത്‌ പരമേശ്വരന്‍
Tuesday 28 Aug 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW