Tuesday, July 16, 2019 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.23 AM

മഹാത്മാ അയ്യന്‍കാളി: അതുല്യനായ നവോത്ഥാന നായകന്‍

uploads/news/2018/08/243813/3.jpg

ജാതിവ്യവസ്‌ഥയുടെ കൊടും ക്രൂരതകള്‍മൂലം അടിച്ചമര്‍ത്തപ്പെട്ട അധഃസ്‌ഥിതരുടെ വിമോചനത്തിനായി ചുടുചോര ചീന്തി ഇതിഹാസം രചിച്ച അതുല്യ നവോത്ഥാന നായകന്‍ മഹാത്മാ അയ്യന്‍കാളിയുടെ 155-ാം ജന്മദിനമാണിന്ന്‌. അധഃസ്‌ഥിതര്‍ക്കു പൊതുവഴികളില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട്‌ അയ്യന്‍കാളി 1893ല്‍ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികവുമാണ്‌ 2018. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കോട്ടുകാല്‍ വില്ലേജില്‍ വെങ്ങാനൂര്‍ പെരുങ്കാറ്റുവിളയില്‍ അയ്യന്റെയും മാലയുടെയും മൂത്തപുത്രനായി 1863 ഓഗസ്‌റ്റ്‌ 28നാണ്‌ (1039 ചിങ്ങം 14. അവിട്ടം നാള്‍) അയ്യന്‍കാളി ജനിച്ചത്‌. മാതാപിതാക്കള്‍ കാളി എന്ന പേരാണ്‌ മകനു നല്‍കിയത്‌. പിതാവിന്റെ പേരുകൂടി ചേര്‍ത്ത്‌ അയ്യന്‍കാളിയെന്നു മറ്റുള്ളവര്‍ വിളിച്ചു.
പുലയ ജാതിയിലാണ്‌ അയ്യന്‍കാളി ജനിച്ചത്‌. വെങ്ങാന്നൂരിലെ പ്രാമാണിക നായര്‍ ജന്മി കുടുംബമായ പുത്തളത്തെ അടിയാനായിരുന്നു അയ്യന്‍കാളിയുടെ പിതാവ്‌ അയ്യന്‍. സവര്‍ണ കുട്ടികളോടൊപ്പം കളികളില്‍ പങ്കെടുത്തതിനു ചെറുപ്പത്തില്‍ത്തന്നെ മേല്‍ജാതിക്കാരുടെ വഴക്കും ശകാരവും വിലക്കുകളും അനുഭവിക്കേണ്ടിവന്നു. ഇക്കാരണത്താല്‍ താനിനിയും തന്റെ വിഭാഗത്തില്‍പ്പെട്ട കുട്ടികളുമായേ സഹകരിക്കുകയുള്ളൂവെന്നു തീരുമാനമെടുത്തു. ഇതായിരിക്കണം അയ്യന്‍കാളിയില്‍ കൂട്ടായ്‌മ എന്ന ആശയത്തിന്റെ വിത്തുപാകിയത്‌.
അധഃസ്‌ഥിതര്‍ക്ക്‌ പൊതുവഴികളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ അയ്യന്‍കാളി 1893ല്‍ വെങ്ങാനൂര്‍ തെരുവിലൂടെ കാളകളെ കെട്ടിയ വില്ലുവണ്ടിയിലൂടെ നടത്തിയ സഞ്ചാരസ്വാതന്ത്ര്യ യാത്ര ജാതി-ജന്മിവാഴ്‌ചയുടെ ചക്രവാളത്തില്‍ ഇടിമുഴക്കം സൃഷ്‌ടിച്ചു. വെങ്ങാനൂരിലേയും പരിസരപ്രദേശങ്ങളിലെയും സവര്‍ണജാതിക്കാര്‍ അയ്യന്‍കാളിയേയും സംഘത്തെയും തടയാന്‍ ശ്രമിച്ചതു സംഘട്ടനങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയാക്കിയെങ്കിലും അയ്യന്‍കാളിയും സംഘവും വിജയം കൈവരിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനായി ലോകചരിത്രത്തില്‍ ആദ്യമായി നടത്തിയ സമരവും ഇതെന്നാണു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌. വില്ലുവണ്ടിയാത്രയിലൂടെ അധഃസ്‌ഥിതര്‍ക്ക്‌ സഞ്ചാരസ്വാതന്ത്ര്യം നേടിയതോടെ അയ്യങ്കാളിയുടെ ആത്മവിശ്വാസം വര്‍ധിക്കുകയും എല്ലാത്തരം അസമത്വങ്ങള്‍ക്കുമെതിരേ പോരാട്ടം നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തു.
സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചതോടെ ആറാലുംമൂല്‌ നെടുമങ്ങാട്‌ ചന്തകളില്‍ പുലയ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള അധഃസ്‌ഥിതര്‍ പോകാന്‍ തുടങ്ങി. എന്നാല്‍ മേല്‍ജാതിക്കാര്‍ ആക്രമണങ്ങളും മര്‍ദനങ്ങളും നടത്തി. ബാലരാമപുരത്തുനിന്ന്‌ അയ്യങ്കാളി വില്ലുവണ്ടിയില്‍ ഈ ചന്തകളിലെത്തി മേല്‍ജാതിക്കാരുടെ ധിക്കാരത്തിനു തിരിച്ചടി നല്‍കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ അധഃസ്‌ഥിതര്‍ക്ക്‌ സ്‌കൂള്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട്‌ 1913 മുതല്‍ 1914 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക സമരം നടത്തി. "അയിത്തജാതിക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം നല്‍കുന്നില്ലെങ്കില്‍ പാടങ്ങളില്‍ മുട്ടിപ്പുല്ലു കിളിര്‍പ്പിക്കും" എന്ന പ്രഖ്യാപനത്തോടെ നടത്തിയ സമരം അന്നു മജിസ്‌ട്രേട്ടായിരുന്ന കുണ്ടള നാഗന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിലെത്തി. സ്‌കൂള്‍ പ്രവേശനം, അര്‍ഹമായ കൂലി, വിശ്രമ സമയം, സ്‌ത്രീകള്‍ക്കു മാറുമറയ്‌ക്കാനുള്ള സ്വാതന്ത്ര്യം, സ്‌ത്രീകള്‍ കല്ലുമാല ധരിക്കുന്നത്‌ അവസാനിപ്പിക്കല്‍, പുരുഷന്മാര്‍ക്ക്‌ വൃത്തിയുള്ള വസ്‌ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ അംഗീകരിപ്പിച്ചുകൊണ്ടാണ്‌ സമരം അവസാനിപ്പിച്ചത്‌. 1917ലെ ഒക്‌ടോബര്‍ സോഷ്യലിസ്‌റ്റു വിപ്ലവത്തിനു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഈ സമരം.
സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവ്‌ പുറപ്പെടുവിച്ചെങ്കിലും അയിത്തജാതിക്കാരെ സ്‌കൂളില്‍ പ്രവേശിപ്പിക്കുവാന്‍ മേലാളന്മാര്‍ തയ്യാറായില്ല. ഇതിനെതിരേ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുല്ലാട്‌ നടത്തിയ സ്‌കൂള്‍ പ്രവേശന സമരമാണ്‌"പുല്ലാട്‌ കലാപം". അധഃസ്‌ഥിത സ്‌ത്രീകള്‍ അടിമത്തത്തിന്റെ അടയാളമായി കല്ലുമാല ധരിക്കണമെന്നുള്ള അനാചാരത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ (1091 തുലാം 8) കൊല്ലം ജില്ലയിലെ പെരിനാട്ട്‌ വിപുലമായി നടത്തിയ സമ്മേളനം സവര്‍ണ ജാതിക്കാര്‍ ആക്രമിച്ച്‌ അലങ്കോലപ്പെടുത്തി. ഇതിനെ തുടര്‍ന്ന്‌ 1915 ഡിസംബര്‍ 15-ാം തീയതി പെരിനാട്ടുവച്ച്‌ വീണ്ടും യോഗം ചേര്‍ന്നു. ഈ സമ്മേളനത്തില്‍വെച്ച്‌ കല്ലുമാല പൊട്ടിച്ചെറിയാന്‍ ആയിരക്കണക്കിന്‌ സ്‌ത്രീകള്‍ തയ്യാറായി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള അയിത്തജാതിക്കാരുടെ പ്രഖ്യാപനത്തെ പിന്തുണച്ചു പ്രസംഗിച്ചു. ചങ്ങനാശ്ശേരി, കുട്ടനാട്‌, തിരുവല്ല, മാരായമുട്ടം, പെരുമ്പഴതൂര്‍, കുന്നത്തുകാല്‍, ഉരുട്ടമ്പലം, ബാലരാമപുരം, കോട്ടയം, വെങ്ങാനൂര്‍, ചാവടിനട, കണിയാപുരം തുടങ്ങിയ ആയിരത്തിലധികം ദേശങ്ങളില്‍ അയ്യന്‍കാളി സമാനതകളില്ലാത്ത പോരാട്ടം നടത്തി നൂറ്റാണ്ടുകളുടെ ജാതിവിലക്കുകളെ പൊരുതി തോല്‍പ്പിച്ചു.
അയ്യന്‍കാളിയുടെ സാമൂഹ്യപരിവര്‍ത്തന പോരാട്ടങ്ങളേക്കുറിച്ച്‌ നല്ല അഭിപ്രായമുണ്ടായിരുന്ന ദിവാന്‍ രാജഗോപാലാചാരി അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേക്ക്‌ 1911 ഡിസംബര്‍ 5ന്‌ അധഃസ്‌ഥിതരുടെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്‌തു. ശ്രീമൂലം പ്രജാസഭയുടെ എട്ടാമതു സമ്മേളനം ചേര്‍ന്നത്‌ 1912 ഫെബ്രുവരി 26 നായിരുന്നു. അന്നു രാവിലെ 10 മണിക്കു വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ കറുത്ത കോട്ടും കസവും തയിച്ചു ചേര്‍ത്ത തലപ്പാവും ധരിച്ച്‌ അയ്യന്‍കാളി തിരുവനന്തപുരം വി.ജെ.ടി ഹാളിന്റെ മുമ്പില്‍ വന്നിറങ്ങി. ചരിത്രം തിരുത്തിക്കുറിക്കുന്നതായിരുന്നു ആ വരവ്‌.
അവശജനതയെ താമസ കൃഷിഭൂമികളില്‍നിന്നും ഉദ്യോഗസ്‌ഥരുടെ പിന്തുണയോടെ ഇറക്കിവിടുന്നത്‌ ഒഴിവാക്കാന്‍ ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന്‌ പ്രജാസഭയില്‍ അദ്ദേഹം ധീരമായി ആവശ്യപ്പെട്ടു. പുതുവല്‍തറവിലയില്ലാതെ പതിച്ചു നല്‍കണം, തിരുവനന്തപുരം നഗരത്തില്‍ അധഃസ്‌ഥിതര്‍ക്കു പൊതുമന്ദിരത്തിനായി ഒരേക്കര്‍ സ്‌ഥലം നല്‍കണം, തിരുവിതാംകൂറിലെ എല്ലാ സ്‌കൂളുകളും അയിത്തജാതിക്കാര്‍ക്കു പ്രവേശനം നല്‍കണം, സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിട്ടും കീഴ്‌ജാതിയില്‍പ്പെട്ട കുട്ടികളെ പല സ്‌കൂളിലും പ്രവേശിപ്പിക്കാതിരിക്കുന്നത്‌ സംബന്ധിച്ച്‌ അന്വേഷിക്കുക, താമസിക്കാന്‍ വീടും കുടിവെള്ളവും ആരാധനയ്‌ക്കായി ക്ഷേത്രങ്ങളും നല്‍കുക, അയിത്തജാതിയില്‍പ്പെട്ട എല്ലാ ജാതി വിഭാഗത്തില്‍നിന്നും പ്രജാസഭയിലേക്ക്‌ അംഗങ്ങളെ നിയമിക്കുക-അയ്യങ്കാളി പ്രജാസഭയില്‍ ആവശ്യപ്പെട്ട ചില കാര്യങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചത്‌. ആധുനിക കേരളത്തിന്റെയും ഇന്ത്യയുടെയും മണ്ണില്‍ അധഃസ്‌ഥിതന്റെ അവകാശങ്ങള്‍ക്കു വേണ്ടി അയ്യന്‍കാളി നടത്തിയ സാമൂഹ്യ വിപ്ലവത്തിന്റെ ചരിത്രവും പ്രജാസഭാ പ്രവര്‍ത്തനവും സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മാതൃകയും പാഠവുമാക്കണം.

ഐ.കെ. രവീന്ദ്രരാജ്‌

(സോഷ്യലിസ്‌റ്റ്‌ എസ്‌.സി/എസ്‌.ടി സെന്റര്‍ സംസ്‌ഥാന പ്രസിഡന്റാണു ലേഖകന്‍.
ഫോണ്‍: 9947019647)

Ads by Google
Tuesday 28 Aug 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW