Friday, September 14, 2018 Last Updated 32 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.21 AM

കേന്ദ്രസഹായം വൈകരുത്‌

uploads/news/2018/08/243811/1.jpg

പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ കേരളത്തിനു കേന്ദ്രസഹായം വൈകിക്കൂടാ. ഇപ്പോഴത്തെ നിഗമനമനുസരിച്ചു കേന്ദ്രസഹായം ലഭിക്കാന്‍ സങ്കീര്‍ണമായ നടപടിക്രമമാണുള്ളത്‌. ഇതുപ്രകാരം സഹായം ലഭിക്കാന്‍ ഏറെ സമയം എടുത്തേക്കാം. ചിലപ്പോള്‍ മാസങ്ങളോളം നീളാനും ഇടയുണ്ട്‌. ദുരന്ത പ്രതികരണ നിധിയിലെ പണം ഉപയോഗിച്ചാണ്‌ സംസ്‌ഥാനങ്ങള്‍ ദുരന്ത സാഹചര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നത്‌. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതമാണ്‌.
വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്നാണു പണം അനുവദിക്കുന്നത്‌. ഇതിനായി സംസ്‌ഥാനം പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചാല്‍ വിവിധ നടപടിക്രമങ്ങള്‍ക്ക്‌ ശേഷമാണു പണം അനുവദിക്കുക. ഈ നടപടിക്രമമെല്ലാം പൂര്‍ത്തിയാക്കാന്‍ ആറുമാസമെങ്കിലുമെടുക്കും. നിലവില്‍ പുനരധിവാസ ദൗത്യത്തില്‍ ആയതിനാല്‍ കേരളം വിപുലമായ അപേക്ഷ തയാറാക്കാന്‍ സമയം വേണ്ടിവരും.
കേന്ദ്രത്തില്‍നിന്നു പരമാവധി സഹായം കിട്ടാനുള്ള നടപടിക്രമം സര്‍ക്കാര്‍ ചെയ്യേണ്ടിയിരിക്കുന്നു. നാശനഷ്‌ടങ്ങള്‍ വേഗത്തില്‍ വിലയിരുത്തി വിശദമായ റിപ്പോര്‍ട്ടും അപേക്ഷയും തയാറാക്കാന്‍ വൈകിക്കൂടാ. എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്‌.
എങ്കിലും അതു പൂര്‍ണതോതില്‍ നടക്കണമെന്നില്ല. കുറഞ്ഞത്‌ പത്തുമാസം കൊണ്ട്‌ മാത്രമേ ഈ പണം ദുരിതാശ്വാസ നിധിയിലെത്തൂ. ഇത്രനാള്‍ പുനരധിവാസത്തിനു കാത്തിരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പരമാവധി കേന്ദ്രസഹായം നേടിയെടുക്കാന്‍ കേരളവും കേരളത്തെ മനസറിഞ്ഞു സഹായിക്കാന്‍ കേന്ദ്രവും തയാറാകണം.
ദുരന്തബാധിതരെ സഹായിക്കാന്‍ വിദേശത്തുനിന്ന്‌ ഒരു സഹായവും സ്വീകരിക്കേണ്ടതില്ല എന്ന മുന്‍കാല നയം കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്‌ കേരളത്തിനു വിനയായിരിക്കുകയാണ്‌. യു.എ.ഇയില്‍നിന്നു വലിയ തുക സഹായവാഗ്‌ദാനം ഉണ്ടായെങ്കിലും അതു ലഭിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്‌. രാജ്യം കേരളത്തിനൊപ്പമാണെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോഡി റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞത്‌. ഇത്‌ ആത്മാര്‍ത്ഥമായ പ്രസ്‌താവനയാണെങ്കില്‍ യു.എ.ഇയില്‍നിന്ന്‌ അടക്കമുള്ള സഹായം കേരളത്തിന്‌ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കണം.

Ads by Google
Tuesday 28 Aug 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW