ന്യൂഡല്‍ഹി: ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് നടത്തുന്ന മൂന്നു ദിവസത്തെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്നു സൂചന.
വ്യത്യസ്ത ആശയസംഹിതകളില്നിന്നുള്ളവരെ പരിപാടിയിലേക്കു ക്ഷണിക്കാനാണ് ആര്.എസ്.എസിന്റെ തീരുമാനം.
ഇതിനുള്ള പട്ടിക തയാറാക്കുകയാണെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നും ആര്.എസ്.എസ്. വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ നാഗ്പൂരിലെ ആര്.എസ്.എസ്. ആസ്ഥാനത്തു നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്തതു വിവാദമായിരുന്നു.
" ഭാരതത്തിന്റെ ഭാവി: ഒരു ആര്.എസ്.എസ്. വീക്ഷണം" എന്ന വിഷയത്തിലാണ് മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തുന്നതെന്ന് ആര്.എസ്.എസ്. പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞു. സെപ്റ്റംബര്‍ 17, 18, 19 തിയതികളില്‍ വിജ്ഞാന് ഭവനിലാണ് പരിപാടി.
തങ്ങളെ "മുസ്ലിം ബ്രദര്‍ഹുഡു"മായി താരതമ്യപ്പെടുത്തിയതിന്റെ പേരില്‍ ആര്.എസ്.എസ്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു സംഘടനയുടെ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നത്. ഇന്ത്യയെ അറിയാത്ത രാഹുല്‍ ഗാന്ധിക്ക് ആര്.എസ്.എസിനെ മനസിലാക്കാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം.