Thursday, September 20, 2018 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.12 AM

പീഡനപ്പരാതി അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല; മാര്‍പാപ്പ രാജിവയ്‌ക്കണമെന്നു മുന്‍ ആര്‍ച്ച്‌ ബിഷപ്‌

uploads/news/2018/08/243764/1.jpg

ന്യൂയോര്‍ക്ക്‌: സ്വന്തം സഭയിലെ ഉന്നതരുടെ ലൈംഗിക പീഡനങ്ങളെപ്പറ്റി അറിവുണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകാതിരുന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പ സ്‌ഥാനമൊഴിയണമെന്ന ആവശ്യവുമായി മുന്‍ ആര്‍ച്ച്‌ ബിഷപ്‌. അമേരിക്കയിലെ മുന്‍ വത്തിക്കാന്‍ അംബാസഡര്‍ കൂടിയായ കാര്‍ലോ മരിയാ വിഗാനോയാണു കത്തോലിക്കാ സഭാ പരമാധ്യക്ഷനെതിരേ രംഗത്തെത്തിയത്‌.
ലൈംഗിക പീഡന പരാതികളില്‍ പ്രതിസ്‌ഥാനത്തുണ്ടായിരുന്ന വാഷിങ്‌ടണ്‍ ഡി.സി. മുന്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാരിക്കിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണു വിഗാനോ കലാപക്കൊടി ഉയര്‍ത്തിയത്‌. മക്കാരിക്കിന്റെ വഴിപിഴച്ച യാത്രകളെപ്പറ്റി ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കും മുന്‍ഗാമി ബെനഡിക്‌ട്‌ 16-ാമനും അറിവുണ്ടായിരുന്നുവെന്നാണ്‌ 11 പേജുള്ള കത്തില്‍ വിഗാനോ ആരോപിക്കുന്നത്‌. അഞ്ചുവര്‍ഷം മുമ്പു താന്‍തന്നെ ഇക്കാര്യം മാര്‍പാപ്പമാരെ അറിയിച്ചിരുന്നെങ്കിലും രണ്ടു പേരും മക്കാരിക്കിനെതിരേ നടപടിക്കു മുതിര്‍ന്നില്ല.
അള്‍ത്താരാ ശുശ്രൂഷകനായ കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ എണ്‍പത്തെട്ടുകാരനായ മക്കാരിക്ക്‌ കഴിഞ്ഞമാസമാണ്‌ രാജിവച്ചൊഴിയുന്നത്‌. പ്രതാപകാലത്ത്‌ വാഷിങ്‌ടണ്‍ അതിരൂപതയില്‍ അതിശക്‌തനായിരുന്നു മക്കാരിക്ക്‌. മതപരമായ വിഷയങ്ങളില്‍ മാത്രമല്ല, രാഷ്‌ട്രീയത്തിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മക്കാരിക്കിനെതിരായ പീഡനപ്പരാതികള്‍ മാര്‍പാപ്പമാര്‍ സൗകര്യപൂര്‍വം വിസ്‌മരിക്കുകയായിരുന്നുവെന്ന്‌ വിഗാനോ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കേണ്ട പുരോഹിതര്‍ പ്രതിസ്‌ഥാനത്തുള്ള പീഡനക്കേസുകളില്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാന്‍ മാര്‍പാപ്പ തയാറാകേണ്ടിയിരുന്നു. ആ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ഫ്രാന്‍സിസ്‌ മാര്‍പാപ്പ രാജിവച്ച്‌ മക്കാരിക്കിന്റെ ദുഷ്‌പ്രവൃത്തികള്‍ക്കു കുടപിടിച്ച മറ്റു കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകണം- വിഗാനോ ആവശ്യപ്പെട്ടു.
പുരോഹിതരുള്‍പ്പെട്ട പീഡനക്കേസുകളില്‍ നടപടി സ്വീകരിക്കാത്തതു സഭയ്‌ക്കു മാനക്കേടാണെന്ന്‌ അയര്‍ലന്‍ഡ്‌ സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ്‌ മാര്‍പാപ്പയെത്തന്നെ പ്രതിക്കൂട്ടിലാക്കി വിഗാനോ ആക്ഷേപവര്‍ഷം നടത്തിയത്‌. ദ്വിദിന അയര്‍ലന്‍ഡ്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്‌ച വത്തിക്കാനിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ വിഗാനോയുടെ ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മാര്‍പാപ്പയുടെ ആദ്യമറുപടി. വിഗാനോയുടെ കുറിപ്പ്‌ കണ്ടെന്നും ശ്രദ്ധയോടെ വായിച്ച്‌ നിങ്ങള്‍തന്നെ സ്വയം വിധിയെഴുതാനായിരുന്നു പിന്നീടുള്ള പ്രതികരണം.

Ads by Google
Tuesday 28 Aug 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW