ന്യുഡല്‍ഹി: ആര്.എസ്.എസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആര്.എസ്.എസിന്റെ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചേക്കുമെന്ന് വാര്‍ത്ത. സെപ്തംബര്‍ 17 മുതല്‍ 19വരെ നടക്കുന്ന ആര്.എസ്.എസിന്റെ പരിപാടിയിലേക്കാണ് രാഹുലിനെ ക്ഷണിക്കാന്‍ ആലോചന നടക്കുന്നതെന്ന സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് എടുക്കും.
കഴിഞ്ഞയാഴ്ചയാണ് ആര്.എസ്.എസിനെ കടന്നാക്രമിച്ച് രാഹുല്‍ സംസാരിച്ചത്. ആര്.എസ്.എസിനെ സുന്നി ഇസ്ലാമിക സംഘടനയായ മുസ്ലീം ബ്രദര്ഹൂഡിനോടു ഉപമിച്ച രാഹുല്‍ ഗാന്ധി, ആര്.എസ്.എസ് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംസാരിക്കവേയാണ് രാഹുല്‍ ആര്.എസ്.എസിനെതിരെ ആഞ്ഞടിച്ചത്. ''ഇന്ത്യയുടെ പ്രകൃതം തന്നെ മാറ്റാന്‍ ശ്രമിക്കുന്ന ആര്.എസ്.എസ് എന്ന സംഘടനയ്ക്കെതിരെയാണ് തങ്ങള്‍ പൊരുതുന്നത്. രാജ്യത്തിന്റെ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സംഘടനയും ഇന്ത്യയിലില്ല. മുസ്ലീം ബ്രദര്‍ഹുഡ് പോലെ അറബ് മേഖലയിലുള്ള ആശയങ്ങളുമായാണ് തങ്ങള്‍ ഏറ്റുമുട്ടുന്നത്. അത്തരം ആശയങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും വ്യാപിക്കാനാണ് അവരുടെ ശ്രമം. ഒരു ആശയം മറ്റെല്ലാ ആശയങ്ങളെയും ഇല്ലാതാക്കുന്നു''.
ഇതാദ്യമായല്ല ആര്.എസ്.എസ് പരിപാടിയില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുക്കുന്നത്. അടുത്തകാലത്ത് ആര്.എസ്.എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും വ്യവസായി രത്തന്‍ ടാറ്റയും പങ്കെടുത്തിരുന്നു.