Thursday, June 27, 2019 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 11.42 AM

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പോലീസ്; നീതി തേടി കന്യാസ്ത്രീ കോടതിയെ സമീപിച്ചേക്കും

ഒരു പീഡനക്കേസിലും പ്രതിക്ക് നല്‍കാത്ത ആനുകൂല്യമാണ് പോലീസ് ബിഷപ്പിന് നല്‍കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
bishop Franco mulayckal

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീ ബലാത്സംഗ പരാതിയില്‍ രണ്ടു മാസമായിട്ടും നടപടിയെടുക്കാന്‍ മടിച്ച് പോലീസ്. ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗീക പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 28ന് കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് കാടിളക്കിയുള്ള അന്വേഷണമാണ് പോലീസ് നടത്തിയതെങ്കിലും ബിഷപ്പിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ധൈര്യമില്ലാതെ മുട്ടിടിക്കുകയാണ് ആഭ്യന്തര വകുപ്പ്.

ഒരു പീഡനക്കേസിലും പ്രതിക്ക് നല്‍കാത്ത ആനുകൂല്യമാണ് പോലീസ് ബിഷപ്പിന് നല്‍കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രളയക്കെടുതിയുടെ മറവില്‍ ബിഷപ്പിനെ രക്ഷിക്കാനാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെങ്കില്‍ നീതി തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാരി.

കേരളത്തില്‍ ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കേരള പോലീസിന്റെ നടപടി വളരെ അപഹാസ്യമായിരുന്നു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ മുന്‍കൂര്‍ അനുമതിയോ നടപടിക്രമങ്ങളോ പാലിക്കാതെ അവധി ദിനമാണെന്ന് പോലും ഓര്‍ക്കാതെ വത്തിക്കാന്‍ എംബസിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പോലീസ് നടപടി ഏറെ വിമര്‍ശനം കേട്ടിരുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ച ബന്ധുവില്‍ നിന്നും അവരുടെ ഭര്‍ത്താവില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ബിഷപ്പിനെ സഹായിക്കാന്‍ കഴിയുന്ന എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കമെങ്കിലും അവരും കന്യാസ്ത്രീയെ പ്രതിസന്ധിയിലാക്കുന്ന ഒരു മൊഴിയും നല്‍കിയിരുന്നില്ല. കേസുമായി ബന്ധമില്ലാത്ത പല ഭാഗത്തേക്കും പോലീസിന്റെ അന്വേഷണം വലിച്ചുനീട്ടി.

ബിഷപ്പിനെതിരെ കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയും ശക്തമായ സാക്ഷി മൊഴികളും മറ്റു തെളിവുകളും ഉണ്ടായിരിക്കേയാണ് പോലീസിന്റെ മെല്ലെപ്പോക്ക്. പലതവണ നീട്ടിവച്ച ജലന്ധര്‍ സന്ദര്‍ശനം. ഒടുവില്‍ ഓഗസ്റ്റ് 10നാണ് പോലീസ് സംഘം ജലന്ധറില്‍ എത്തിയത്. കന്യാസ്ത്രീകളില്‍ നിന്നും വൈദികരില്‍ നിന്നും മൊഴിയെടുത്ത പോലീസിന് ബിഷപ്പിന്റെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളും ലഭിച്ചു.

ഓഗസ്റ്റ് 13ന് ബിഷപ്പ് ഹൗസില്‍ മൊഴിയെടുക്കാനെത്തിയപ്പോഴും നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അന്നേ ദിവസം കേരള ഹൈക്കോടതി പരിഗണിച്ച ഒരു ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ ബിഷപ്പ് മുങ്ങുകയായിരുന്നു. ഇതറിയാതെ കേരള പോലീസ് നാലു മണിക്കൂറോളം ബിഷപ്പ് ഹൗസില്‍ പരിശോധന നടത്തി. രാവിലെ 11 മണിയോടെ ഹൈക്കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ പഞ്ചാബ് പോലീസ് ബിഷപ്പ് ഹൗസിനു ചുറ്റും സായുധ പോലീസിനെ നിയോഗിച്ചു. ബാരിക്കേഡ് വച്ച് വഴികളും അടച്ചു. ഈ സമയത്തിനുള്ള ബിഷപ്പ് ഫ്രാങ്കോ മറ്റൊരു വഴിയിലുടെ ജലന്ധറിനു പുറത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിലേക്ക് പോകുകയായിരുന്നു.

പുറത്ത് നാടകീയ നീക്കങ്ങളിലൂടെ മാധ്യമ ശ്രദ്ധതിരിച്ച പഞ്ചാബ് പോലീസ് ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നുവെന്നും ആരോപണം ശക്തമാണ്. ഒരു പൊതുപരിപാടിയുമില്ലാതെ മഠത്തിലേക്ക് പോയ ബിഷപ്പ് അവിടെ കുര്‍ബാന ചൊല്ലിയ ശേഷം മറ്റൊരു മഠത്തില്‍ എത്തി ഉച്ചഭക്ഷണവും കഴിച്ച് ഉറക്കം പിടിച്ചു. വൈകിട്ടോടെ ജലന്ധറിലുള്ള ഒരു മഠത്തില്‍ എത്തി പോലീസ് പോകുന്നതും കാത്തിരുന്നു. ഇതൊന്നുമറിയാതെ 3.30 ഓടെ ബിഷപ്പ് ഹൗസില്‍ എത്തിയ പോലീസ് സംഘം ഹൗസിലെ പരിശോധനയും വൈദികരില്‍ നിന്നുള്ള മൊഴിയെടുപ്പും ഊര്‍ജിതമായി നടത്തി. തുടര്‍ന്ന് ഏഴുമണിയോടെ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് അദ്ദേഹം സ്ഥലത്തില്ലെന്നതുതന്നെ അറിയുന്നത്.

കേരള പോലീസിനെ മടക്കിയയക്കാന്‍ പഞ്ചാബ് പോലീസും പല അടവുകളും പ്രയോഗിച്ചു. എന്നാല്‍ ചോദ്യം ചെയ്യാതെ മടങ്ങില്ലെന്ന് കേരള പോലീസും വാശിപിടിച്ചതോടെ പിന്നെനടന്നത് ശക്തമായ വിലപേശല്‍. ഒടുവില്‍ അറസ്റ്റ് ഉണ്ടാവില്ലെന്ന ഉറപ്പില്‍ 7.45 ഓടെ ഫ്രാങ്കോ തിരിച്ച് ബിഷപ്പ് ഹൗസില്‍ എത്തി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പഞ്ചാബ് പോലീസിന്റെ മൗന സമ്മതത്തോടെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ട് 'വിശ്വാസി ഗുണ്ടകളുടെ' മര്‍ദ്ദനവും. പുലര്‍ച്ചെ 4.45 വരെ നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ ചോദ്യം ചെയ്യല്‍.

ഒടുവില്‍ ഓഗസ്റ്റ് 14ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കേരള പോലീസ് പുറത്തേക്ക് പോയി. പിറ്റേന്ന് ഡല്‍ഹിവഴി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകളും ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകളും പോലീസിന് ലഭിച്ചിട്ടും 'അന്തരീക്ഷം മോശമായതിനാല്‍' പോലീസ് തടികേടാക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് അവിടെനിന്നുള്ള ചില വൈദികരും പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് 15ന് പോലീസ് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും സംസ്ഥാനം മഹാപ്രളയത്തെ നേരിടുന്ന സമയമായതിനാല്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ മുഴുവന്‍ ആവഴിക്ക് തിരിഞ്ഞു. ഈ അവസരം ബിഷപ്പ് ഫ്രാങ്കോയും ആഭ്യന്തര വകുപ്പും ശരിക്കും മുതലെടുക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇനിയും ഈ നില തുടര്‍ന്നാല്‍ കോടതിയില്‍ ആശ്രയിക്കുക മാത്രമാണ് രക്ഷയെന്നാണ് കന്യാസ്ത്രീയുടേയും കുടുംബത്തിന്റെയും നിലപാട്.

Ads by Google
Ads by Google
Loading...
TRENDING NOW