Sunday, July 07, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
ജോണ്‍ പെരുവന്താനം
Monday 27 Aug 2018 12.51 AM

ആ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയത്‌ ആര്‍ക്കു വേണ്ടി ? ഒഴിവാക്കാമായിരുന്നു, ഈ മനുഷ്യനിര്‍മിത ദുരന്തം

uploads/news/2018/08/243662/3.jpg

കേരളത്തിലുണ്ടായ പ്രളയ ദുരന്തം അണക്കെട്ടുകള്‍ തുറന്നുവിട്ടപ്പോള്‍ സംഭവിച്ചതാണ്‌. അജ്‌ഞതയുടേയും അഹങ്കാരത്തിന്റേയും ആര്‍ത്തിയുടേയും ഫലമാണത്‌. ഉറങ്ങിക്കിടന്ന ജനങ്ങളുടെ മീതെയാണു പ്രളയജലം ഇരമ്പിയെത്തിയത്‌. അണക്കെട്ട്‌ തുറക്കുന്നതിന്‌ 24 മണിക്കൂര്‍ മുമ്പ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു വെള്ളം കയറുന്ന മേഖലയില്‍നിന്നു മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്‌. ഇങ്ങനെ മാറ്റിപ്പാര്‍പ്പിക്കണമെങ്കില്‍ അതിനുമുമ്പായി ജലമൊഴുകുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തണം. അത്തരം മുന്നൊരുക്കങ്ങളൊന്നും നാം നടത്തിയിരുന്നില്ല. അഞ്ച്‌ കാലാവസ്‌ഥാ നിരീക്ഷണ ശാസ്‌ത്ര സ്‌ഥാപനങ്ങള്‍ നിരന്തരമായി മുന്നറിയിപ്പ്‌ നല്‍കിയിട്ടും മുന്‍കൂട്ടി അണക്കെട്ടുകളുടെ ജലനിരപ്പ്‌ താഴ്‌ത്തി നിര്‍ത്താന്‍ ഭരണാധികാരികളുടെ ധനാര്‍ത്തി സമ്മതിച്ചില്ല.

ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഹൈദരാബാദിലെ ഇന്‍കോയിസും ഐ.എസ്‌.ആര്‍.ഒയും കുസാറ്റും നേവല്‍ മെറ്റീരിയോളജി വിഭാഗവും നിരന്തരമായി കാലാവസ്‌ഥാ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി, ഡാം സേഫ്‌റ്റി കമ്മിഷന്‍ തുടങ്ങിയ സ്‌ഥാപനങ്ങളും നിരുത്തരവാദപരമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ശാസ്‌ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി ഇവരാരും തയാറാക്കിയിട്ടില്ല. രാജ്യത്ത്‌ 184 വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഒന്നുപോലുമില്ല. സെന്റര്‍ വാട്ടര്‍ കമ്മിഷന്റെ ചട്ടങ്ങളൊന്നും കേരളം പാലിച്ചിരുന്നില്ല. പ്രളയക്കെടുതിക്കുശേഷം ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും കാണിക്കുന്ന ശുഷ്‌ക്കാന്തി ദുരന്തമുണ്ടാകാതിരിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ആയിരത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. 15 ലക്ഷം ആളുകള്‍ അഭയാര്‍ഥികളാകുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.

ഓരോ ദുരന്തവും പഠിക്കാനും തിരുത്താനുമുള്ള അനുഭവപാഠമാണ്‌. സുനാമിയും ഓഖിയും ഭരണാധികാരികളെ ഒന്നും പഠിപ്പിച്ചില്ല. അണക്കെട്ടുകളുടെ ആധിക്യം കേരളത്തെ ദുരന്തഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌. 55 വന്‍കിട അണക്കെട്ടുകളും ഇരുന്നൂറോളും ചെറുകിട അണക്കെട്ടുകളുമാണ്‌ ഇവിടെയുള്ളത്‌. കേരളത്തില്‍ എത്ര അണക്കെട്ടുകള്‍, അതിലെത്ര വെള്ളം, അണക്കെട്ടുകളുടെ പഴക്കം തുടങ്ങിയ സ്‌ഥിതിവിവര കണക്കുകളുടെ ഒരു ധവളപത്രം നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ബാണാസുരസാഗറാണു വയനാടിനെ പ്രളയക്കെടുതിയിലാക്കിയത്‌. ശബരിഗിരി പദ്ധതിയിലെ ഒമ്പത്‌ അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന്‌ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളെ പ്രളയത്തിലാഴ്‌ത്തി. പെരിയാറിലെ 11 അണക്കെട്ടുകള്‍ ശാസ്‌ത്രീയ പഠനങ്ങളില്ലാതെ തുറന്ന്‌ പെരുമ്പാവൂര്‍, കാലടി, ആലുവ, കളമശേരി, പറവൂര്‍, എറണാകുളം മേഖലകളെ വെള്ളത്തില്‍ മുക്കി. എത്ര അണക്കെട്ടുകള്‍ തുറന്നുവിട്ടു എന്നുപോലും കൃത്യമായ വിവരമില്ല. ചാലക്കുടി പുഴയിലെ ആറ്‌ അണക്കെട്ടുകള്‍ തുറന്ന്‌ 400 ച.കി.മി. പ്രദേശത്ത്‌ ദുരന്തമുണ്ടാക്കിയവര്‍ അതിരപ്പിള്ളി പദ്ധതി ഉണ്ടായിരുന്നെങ്കില്‍ പ്രളയക്കെടുതി തടയാമായിരുന്നു എന്ന വിഡ്‌ഢിത്തമാണ്‌ പുലമ്പുന്നത്‌. അണക്കെട്ടുകള്‍ തുറന്നതിന്റെ ദുരന്തവുംപേറി കുട്ടനാട്‌ ഇപ്പോഴും വെള്ളത്തിനടിയില്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ 60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ ഡി കമ്മിഷന്‍ ചെയ്യണമെന്ന്‌ നിര്‍ദേശമുണ്ട്‌. വയസന്‍മാരായ 28 അണക്കെട്ടുകള്‍ കേരളത്തില്‍ ഏതു നിമിഷവും ദുന്തമുണ്ടാക്കാവുന്ന അവസ്‌ഥയിലാണ്‌.

കാലവര്‍ഷത്തിലെ അതിവൃഷ്‌ടിയുടേയും ഉരുള്‍പൊട്ടലിന്റേയും പ്രത്യാഘാതമാണ്‌ ഈ വെള്ളപ്പൊക്കമെന്നു പറയുന്നത്‌ ലളിതവല്‍ക്കരണമാണ്‌. ആഗോള താപനം മൂലമുള്ള കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഭാഗമായി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി കടലിലെ ജലനിരപ്പ്‌ പത്ത്‌ സെന്റിമീറ്ററോളം ഉയര്‍ന്നിട്ടുണ്ട്‌. ലാറ്റിനമേരിക്കന്‍ പ്രദേശത്തെ പസഫിക്‌ സമുദ്രത്തില്‍ പെറുവില്‍നിന്നു തുടങ്ങുന്ന എല്‍നിനോ സമുദ്രത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന ഉഷ്‌ണജലപ്രവാഹത്തെ വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിച്ചേരുന്ന ഉഷ്‌ണജലപ്രവാഹം സൃഷ്‌ടിക്കുന്ന ന്യൂനമര്‍ദ പാത്തികള്‍ ഇന്ത്യയിലാകമാനം കനത്ത മഴയ്‌ക്ക്‌ കാരണമാകുകയും ചെയ്യുന്നു. ഇതാണു ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയത്‌ ആര്‍ക്കു വേണ്ടി ?

അറബിക്കടലിലേക്ക്‌ 70 ഡിഗ്രിയോളം ചെരിഞ്ഞ്‌ കിടക്കുന്നതാണ്‌ കേരള പശ്‌ചിമഘട്ടം. സവിശേഷമായ ഭൂപ്രകൃതിമൂലം മണ്ണും പാറയും ചേര്‍ന്ന മിശ്രിതം ജലപൂരിതമാകുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം മിന്നല്‍ വേഗത്തില്‍ ജലപ്രവാഹത്തോടെ താഴേക്ക്‌ പതിക്കുന്നതാണ്‌ ഉരുള്‍പൊട്ടല്‍. കേരളത്തിലെ ഉരുള്‍പൊട്ടല്‍ മേഖലകളേയും മലയിടിച്ചില്‍ മേഖലകളേയുംകുറിച്ച്‌ ഭൗമശാസ്‌ത്ര പഠനകേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയും പഠനം നടത്തി സര്‍ക്കാരിന്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. 13,000 ഉരുള്‍പൊട്ടല്‍ മേഖലകളേയും 17,000 മലയിടിച്ചില്‍ മേഖലകളേയും ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കു കിട്ടാന്‍ അവകാശമുള്ളതാണ്‌. എന്നാല്‍ സര്‍ക്കാരിതു പൂഴ്‌ത്തിവച്ചിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഇത്തരം അപകടമേഖലകളിലെ പ്രകൃതിക്ക്‌ ആഘാതമേല്‍പ്പിക്കുന്ന ഇടപെടലുകള്‍ തടയാനും കഴിയുന്നില്ല.

കേരള പശ്‌ചിമഘട്ടത്തിലെ 80 ശതമാനം (14,000 ച.കി.മി.) പ്രദേശവും ഉരുള്‍പൊട്ടല്‍ മേഖലയാണ്‌. എന്നാല്‍ പശ്‌ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട്‌ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ച ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണു കേരളം. പശ്‌ചിമഘട്ടം മാത്രമല്ല, ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭജല സ്രോതസുകളും പുഴകളും കടലുമെല്ലാം മൂലധനതാല്‍പര്യങ്ങള്‍ക്കായി നശിപ്പിക്കുന്ന പ്രക്രിയയായി ഭരണനിര്‍വഹണം മാറിയിരിക്കുന്നു. ഗാഡ്‌ഗില്‍ - കസ്‌തൂരിരംഗന്‍ വിരുദ്ധസമരം ആളിക്കത്തിയ ഇടങ്ങളിലാണ്‌ ഉരുള്‍പൊട്ടലും മലയിടിച്ചിലുംജീവഹാനിയും ഏറെയുണ്ടായത്‌. കേരളം പൂര്‍ണമായി പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ്‌. നമ്മുടെ മഴയും പുഴകളും അന്നവും സ്വാസ്‌ഥ്യവും ഔഷധവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്‌.

മനുഷ്യ നിര്‍മിതകൂട്ടക്കുരുതി

കേരളം എത്തിനില്‍ക്കുന്ന സങ്കീര്‍ണമായ സാമൂഹിക, രാഷ്‌ട്രീയ, പാരിസ്‌ഥിതിക പ്രതിസന്ധി സമഗ്രമായി വിലയിരുത്തിയാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ പ്രകൃതിക്ഷോഭമോ പ്രകൃതി ദുരന്തമോ അല്ല, മനുഷ്യനിര്‍മിതമായ കൂട്ടക്കുരുതിയാണെന്നു മനസിലാകും. പ്രകൃതിയുമായുള്ള മനുഷ്യന്റെ നാഭീനാള ബന്ധത്തെ മുറിച്ചുകൊണ്ട്‌ വിപണി ഭൂമിയെ അടക്കി ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിയന്ത്രണമില്ലാത്ത ഉപഭോഗം ലോകത്താകമാനം പടര്‍ന്നു. ജീവസ്രോതസുകളെ നശിപ്പിച്ചുകൊണ്ട്‌ ലാഭ കേന്ദ്രീകൃതമായ വികസന ചിന്തയെ വളര്‍ത്താന്‍ ശ്രമിക്കുന്നു. കേരള പശ്‌ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങള്‍ ഉത്തരാഖണ്ഡിനു സമാനമായ മനുഷ്യ നിര്‍മിതങ്ങളാണ്‌. 1558 അണക്കെട്ടുകളുള്ള ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ ഒരു ലക്ഷത്തിലേറെപേര്‍ മരണമടഞ്ഞിട്ടും മാധ്യമങ്ങളും സര്‍ക്കാരും ദുരന്തകാരണങ്ങളും മരണസംഖ്യയും ബോധപൂര്‍വം മറച്ചുവച്ചു. സമുദ്രനിരപ്പില്‍നിന്ന്‌ 8,000 അടി ഉയരം വരെ ജനവാസമുള്ള പ്രദേശമാണ്‌ കേരളം. 50 വര്‍ഷത്തിനിടയിലുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലുമായി 4,000 ത്തിലധികം പേര്‍ക്കാണ്‌ ഇവിടെ ജീവഹാനി സംഭവിച്ചത്‌. ഉരുള്‍പൊട്ടലിന്റെ എണ്ണം വര്‍ധിച്ചത്‌ അമ്പത്‌ വര്‍ഷത്തിനിടയിലാണ്‌. വംശഹത്യയിലേക്കു നയിക്കുന്ന വികസനമാണ്‌ ഇതിന്റെ ഉത്തരവാദി. അണക്കെട്ടുകള്‍ നിറയുമ്പോള്‍ ഭൗമ പാളികള്‍ക്കുമീതെ ഉണ്ടാകുന്ന സമ്മര്‍ദം ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കാരണമാകുന്നു. ഇടുക്കിയില്‍ മൂവായിരത്തിലധികം ഉരുള്‍പൊട്ടല്‍ മേഖലകളാണുള്ളത്‌. പതിനാറ്‌ ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ റോഡ്‌ നിര്‍മാണം പാടില്ല. എന്നാല്‍ 80 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളിലാണ്‌ റോഡ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഉത്തരാഖണ്ഡിലെ ലാഭക്കൊതി മൂത്ത തീര്‍ഥാടന ടൂറിസം ലക്ഷക്കണക്കിന്‌ വാഹനങ്ങളേയും ജനങ്ങളേയും അവിടത്തെ ലോലമായ ഭൂമിക്കുമീതെ എത്തിക്കുന്നു. വിഷ്‌ണുപ്രയാഗ്‌ എന്ന തടാകം തകര്‍ന്നതാണു കേദാര്‍നാഥിനെ ഇല്ലാതാക്കി ഉത്തരാഖണ്ഡിലെ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിച്ചതെന്ന സത്യം മാധ്യമങ്ങളും സര്‍ക്കാരും മറച്ചുവച്ചു.

കേരളത്തിലെ മലയോരങ്ങളിലെ ലക്ഷക്കണക്കായ നിര്‍മിതികള്‍ ഏതു നിമിഷവും അറബിക്കടലിലേക്ക്‌ ഒലിച്ചുവരാം. ദേശീയ ശരാശരിയേക്കാള്‍ വളരെവേഗത്തില്‍ വളരുന്ന സമ്പദ്‌ഘടനയില്‍ കൃഷിയുടെ പങ്ക്‌ കുറയുമ്പോള്‍ നിര്‍മാണത്തിന്റേയും ഖനനത്തിന്റേയും പങ്ക്‌ ഉയരുന്നു. പശ്‌ചിമഘട്ട മലനിരകള്‍ തകര്‍ക്കപ്പെടുന്നത്‌ കേരളത്തെ പാരിസ്‌ഥിതികമായും കാലാവസ്‌ഥാപരവുമായും തകര്‍ക്കുമെന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ വിവേകത്തോടെ വേണമെന്ന നിര്‍ദേശംവച്ചതിനാണ്‌ ഗാഡ്‌ഗിലിനെതിരെ ഖനനലോബിയും ടൂറിസം ലോബിയും കൈയേറ്റ മാഫിയയും കൊലവിളി നടത്തുന്നത്‌.

പ്രകൃതിയെ നശിപ്പിക്കുന്ന നിയമഭേദഗതികള്‍

പ്രകൃതി ധ്വംസനങ്ങളെ കര്‍ശന നിയമങ്ങള്‍ മുഖേന നേരിടേണ്ടത്‌ ഭരണകൂടത്തിന്റെ ചുമതലയാണ്‌. എന്നാല്‍, ചൂഷണങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും സഹായകരമായ നിയമഭേദഗതികളാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. 2022 ഓടെ സമ്പൂര്‍ണ നെല്‍വയല്‍ വിമുക്‌ത സംസ്‌ഥാനമാക്കി ഈ ഭരണകൂടം കേരളത്തെ മാറ്റിത്തീര്‍ത്തേക്കാം. നെല്‍വയലുകള്‍ ഇല്ലാതാക്കി ലക്ഷക്കണക്കിന്‌ കെട്ടിടങ്ങള്‍ നിര്‍മിച്ചതാണ്‌ ഇടനാട്ടിലെ വെള്ളപ്പൊക്ക പ്രതിസന്ധിയുടെ കാരണം. കേരള ഇന്‍വെസ്‌റ്റ്‌മെന്റ്‌ പ്ര?മോഷന്‍ ആന്‍ഡ്‌ ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്‌ 2017 മുഖേന ഏഴു നിയമങ്ങളാണു കേര്‍പ്പറേറ്റുകള്‍ക്ക്‌ സഹായകരമാവുംവിധം ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്‌.
2002 ലെ കേരള ഗ്രൗണ്ട്‌ വാട്ടര്‍ (കണ്‍ട്രോള്‍ റെഗുലേഷന്‍) നിയമം ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നു. കുഴല്‍കിണറുകളില്‍നിന്നും വെള്ളം ശേഖരിച്ച്‌ വിപണനം ചെയ്യാനോ വ്യവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുവാനോ നിയന്ത്രണങ്ങള്‍ ഇല്ലാതായിരിക്കുന്നു. പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കി അവിടം കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുംവിധത്തില്‍ കേരള ഭൂപതിവ്‌ ചട്ടം ഭേദഗതി ചെയ്‌തത്‌ ഖനനമേഖലയുടെ സ്വാധീനത്തിന്‌ വഴങ്ങിയാണ്‌. ഖനന ചട്ടങ്ങള്‍ ഇടയ്‌ക്കിടെ ഭേദഗതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ദക്ഷിണേന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍നിന്നും 500 മീറ്ററും 300 മീറ്ററും അകലങ്ങളില്‍ മാത്രമേ ഖനനം അനുവദിക്കുകയുള്ളൂ. നമുക്ക്‌ ഈ അകലം 50 മീറ്റര്‍ മാത്രമാണ്‌.
കേരളത്തിന്റെ മലയോരങ്ങളില്‍ എണ്ണായിരത്തോളം പാറ കേ്വാറികളാണ്‌ സര്‍ക്കാര്‍ ഒത്താശയോടെ നിയമവിരുദ്ധമായി പ്രവര്‍ത്തക്കുന്നത്‌. പാവപ്പെട്ട ഭവനരഹിതര്‍ക്ക്‌ വീട്‌ വയ്‌ക്കാനെന്ന മറ പിടിച്ചാണ്‌ അതിസമ്പന്നര്‍ക്കുവേണ്ടി പശ്‌ചിമഘട്ടത്തെ തകര്‍ക്കുന്നത്‌. ഇന്ത്യയിലെ വനം-വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ക്ക്‌ കവചം ഒരുക്കിയത്‌ ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധിയിലൂടെയാണ്‌. ഇതനുസരിച്ച്‌ സംരക്ഷിതമേഖലകളില്‍നിന്നും നിശ്‌ചിത ദൂരം മാറി മാത്രമേ ഖനനാനുമതി നല്‍കാന്‍ പാടുള്ളൂ. ഈ ഉത്തരവ്‌ കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണ്‌.
അതിവേഗ വികസനത്തിന്റെ പല ഘടകങ്ങളും കാലാവസ്‌ഥാ മാറ്റത്തിന്‌ കാരണമായിതീരുന്നു. അത്തരം ആസക്‌തികളെ എങ്ങനെ വിവേകബുദ്ധിയോടെ പിടിച്ചുകെട്ടാമെന്നു ചിന്തിക്കേണ്ട കാലമാണിത്‌. ലോകമെങ്ങുമുള്ള ഭരണാധികാരികള്‍ ഈവിധമുള്ള ആലോചനകള്‍ക്ക്‌ പ്രാപ്‌തി കാണിക്കാത്തതു മൂലം ദുരന്തങ്ങള്‍ വര്‍ധിക്കുന്നു. വികസനാന്ധതയ്‌ക്കു രാഷ്‌ട്രീയഭേദങ്ങളില്ല.

ജോണ്‍ പെരുവന്താനം

(ലേഖകന്റെ ഫോണ്‍: 9947154564)

Ads by Google
ജോണ്‍ പെരുവന്താനം
Monday 27 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW