Friday, April 19, 2019 Last Updated 56 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.51 AM

മാനവികതയുടെ മഹാഗുരുദര്‍ശനം

uploads/news/2018/08/243661/2.jpg

ഗുരുസന്ദേശങ്ങള്‍ അഭിസംബോധന ചെയ്യുന്നത്‌ മനുഷ്യരെയാണ്‌. മാനവ പുരോഗതിക്കുള്ള ഉത്‌ബോധനങ്ങളാണ്‌ ഗുരുസന്ദേശങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതും. അതുകൊണ്ടുതന്നെയാണ്‌ ഗുരുദര്‍ശനം മതാതീവും മാനവീകവുമാകുന്നത്‌. എന്നാല്‍, മാനവീകതക്കുപുറമൊരുമാനം ഗുരുദര്‍ശനങ്ങള്‍ക്കുണ്ട്‌. മനുഷ്യന്‍ വരുത്തിവയ്‌ക്കുന്ന വിപത്തിനെസംബന്ധിച്ച്‌ സഹോദരന്‍ അയ്യപ്പനുമായുണ്ടായ സംഭാഷണം ഗുരുവിന്റെ മാനവീകതയുടെ വേറിട്ടമാനം വെളിവാക്കുന്നതാണ്‌.
മനുഷ്യനറിഞ്ഞുകൂട താനെന്താണു ചെയ്യുന്നതെന്ന്‌. അവന്റെ ചെയ്‌തികളുടെ ദാരുണഫലം മനുഷ്യവര്‍ഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. വനത്തിലെ വാനരന്മാര്‍ക്കും പക്ഷികള്‍ക്കും മനുഷ്യര്‍ കാരണം സൈ്വര്യം ഇല്ലാതായിതീര്‍ന്നിരിക്കുന്നു. മനുഷ്യന്‍ തനിക്കു വരുത്തിക്കൂട്ടുന്ന വംശനാശത്തില്‍ മറ്റുള്ള ജീവികളെക്കൂടിപ്പെടുത്താതെ നിശേഷം നശിച്ച്‌ വെണ്ണീറായിപോയിരുന്നെങ്കില്‍ മറ്റുജീവികള്‍ അതൊരനുഗ്രമായി കരുതുമായിരുന്നു. മഹാസമ്മേളനങ്ങളില്‍ മുഴങ്ങുന്ന ശബ്‌ദം കൂടുതലും അതില്‍നിന്നുണ്ടാകുന്ന പ്രയോജനം തുച്‌ഛവുമാകാതിരിക്കാന്‍ മനുഷ്യന്‍ പ്രകൃതിയേയും സഹജീവികളേയും സ്‌നേഹിക്കേണ്ടതിന്റെ ആവശ്യത്തെ സംബന്ധിച്ച്‌ മനുഷ്യരെ ബോധവത്‌കരിക്കണമെന്നു ഗുരു സഹോദരന്‌ നിര്‍ദ്ദേശം കൊടുക്കുന്ന സന്ദര്‍ഭത്തില്‍ പറഞ്ഞ ഗുരുവിന്റെ വാക്കുകളാണ്‌ ഉദ്ധരിച്ചിരിക്കുന്നത്‌.
ഗുരുവിന്റെ ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ മനുഷ്യസ്‌നേഹത്തേക്കാള്‍ ജീവസ്‌നേഹമാണ്‌, പ്രകൃതിസ്‌നേഹമാണ്‌. ജീവകാരുണ്യപഞ്ചകമെന്ന കൃതിയിലും ജീവികളെ കൊല്ലുന്നതിനെ ഗുരു ശക്‌തമായെതിര്‍ത്തിട്ടുണ്ട്‌. ഒരു പീഢ എറുമ്പിനും വരുത്തരുതെന്നുള്ള ഗുരുവിന്റെ കല്‍പ്പന സുപ്രസിദ്ധമാണ്‌. ഈശ്വരവിശ്വാസികളായിട്ടുള്ളവര്‍ ദേവതാപ്രീതിക്കുവേണ്ടി ജന്തുബലിപോലുള്ള ആചാരങ്ങള്‍ പാടില്ലെന്ന്‌ പല സന്ദര്‍ഭങ്ങളില്‍ ഗുരു ഉപദേശിച്ചു.
വിശ്വാസവും ആചാരവും ഉപദേശക്കുന്നതില്‍ തിരുത്തപ്പെടുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ കടന്ന്‌ വിഗ്രഹത്തെ പ്രത്യേകിച്ചും ഭദ്രകാളി വിഗ്രഹത്തെ ഇളക്കിമാറ്റിയിട്ടുള്ളതും ചരിത്രമാണ്‌. ഗുരു മനുഷ്യനുവേണ്ടി ക്ഷേത്രങ്ങളുണ്ടാക്കിയിട്ടുള്ളതുപോലെ ജന്തുക്കള്‍ക്കുവേണ്ടി മനുഷ്യന്റെ പൂജാവിഗ്രഹങ്ങളെ പിഴുതുമാറ്റുകയും ചെയ്‌തിട്ടുണ്ടെന്നുള്ളത്‌ അധികമാരുമറിയുന്നില്ല.
ഗുരു പ്രകൃതിയുടെ ആസ്വാദകനായിരുന്നു. ഗുരുവിന്റെ സങ്കേതങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള സ്‌ഥലങ്ങളൊക്കെതന്നെയും പ്രകൃതിരമണീയമായിരുന്നു. മരുത്വാമലയും അരുവിപ്പുറവും കുന്നുംപാറയും ശിവഗിരിയുമൊക്കെ അതിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌. മറ്റുള്ള സ്‌ഥലങ്ങളെല്ലാം ഗുരുവിന്‌ വിശ്വാസികളാല്‍ സമര്‍പ്പിക്കപ്പെട്ടതായിരുന്നുവെങ്കില്‍ അദൈ്വതാശ്രമം സ്‌ഥിതിചെയ്യുന്ന ആലുവ പണം കൊടുത്തുവാങ്ങിയതായിരുന്നു. പെരിയാറിനോടുള്ള പ്രത്യേക താര്‍പര്യംകൊണ്ടാണു ഗുരുവിന്‌ ആലുവ ഇഷ്‌ടപ്പെട്ടത്‌. ശാന്തമായൊഴുകുന്ന പെരിയാറിനെ പ്രണയിച്ച്‌ ഗുരു ആലുവാപുഴയിലേക്ക്‌ കണ്ണുംനട്ട്‌ ദീര്‍ഘനേരം ചെലവഴിക്കുമായിരുന്നു. ജീവനേയും പ്രകൃതിയേയും സസ്യലതാതികളേയുമെല്ലാം ഒന്നുപോലെ സ്‌നേഹിച്ച ഗുരു പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ഒരു നൂറ്റാണ്ടിനുമുമ്പേ കേരളീയരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. പ്രകൃതിയേയും സഹജീവികളേയും കരുതാത്ത സ്വാര്‍ത്ഥതപൂണ്ട മനുഷ്യനാണു സര്‍വ്വനാശം വിതക്കുന്നത്‌. സ്വാര്‍ത്ഥനായ മനുഷ്യന്‍ സ്വന്തം വംശനാശം വരുത്തുന്നുവെന്നുമാത്രമല്ല സകല ജീവജാലങ്ങളെയും അവന്‍ കൊലക്കുകൊടുകകൂടി ചെയ്യുന്നു. മൂല്യമില്ലാത്ത മനുഷ്യന്‍ ഇല്ലാതാകുന്നതാണ്‌ നല്ലതെന്ന്‌ പറയുമ്പോള്‍ ഗുരുവിന്റെ മാനവീകതക്ക്‌ പുത്തന്‍ മാനമുണ്ടാക്കുകയാണ്‌.
ഗുരുവിന്റെ മാനവീകത കേവലം മനുഷ്യ കേന്ദ്രീകൃതമല്ല. അത്‌ മനുഷ്യകേന്ദ്രീകൃതമാകുന്നത്‌ മനുഷ്യന്‍ എത്രത്തോളം പ്രകൃതിയോടും സഹജീവികളോടും ഏകാത്മകമാകുന്നുവെന്നതിനെ ആശ്രയിച്ചാണ്‌. മനുഷ്യന്‍ ജീവജാലങ്ങളില്‍ സവിശേഷമാകുന്നത്‌ ബുദ്ധിയുടേയും ആലോചനയുടേയും കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ ബുദ്ധിയും ചിന്തയും പ്രകൃതിയേയും സഹജീവികളേയും സംരക്ഷിക്കുന്നതിനുവേണ്ടിയാകണം വിനിയോഗിക്ക പ്പെടുത്തേണ്ടത്‌. അങ്ങനെയല്ലാതെ മനുഷ്യന്‍ ബുദ്ധിയും ചിന്തയും വിനിയോഗിക്കുന്നുവെങ്കില്‍ മനുഷ്യനു സവിശേഷതയുണ്ടെന്ന്‌ അവകാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. സ്വന്തം നിലനില്‌പിനും വളര്‍ച്ചക്കും മാത്രം പ്രാധാന്യംകൊടുക്കുന്ന മനുഷ്യന്‍ ഗുരുദര്‍ശനത്തിലെ മാനവീകതയില്‍ ഉള്‍പ്പെടുന്നില്ല. അങ്ങനെയുള്ള മനുഷ്യന്‍ നശിച്ചാലുംവേണ്ടില്ല എന്നാണ്‌ സഹോദരന്‍ അയ്യപ്പനുമായുള്ള സംഭാഷണത്തിലൂടെ ഗുരു വ്യക്‌തമാകുന്നത്‌. അത്തരത്തിലുള്ള മനുഷ്യന്റെ നാശത്തിലൂടെയാണ്‌ പ്രകൃതിസംരംക്ഷിക്കപ്പെടുന്നത്‌.
പക്ഷിമൃഗാദികളും ഇഴജന്തുക്കളും അവരുടെ ജന്മാവകാശമായ സ്വാതന്ത്ര്യം വിനിയോഗിക്കണമെങ്കില്‍ ധ്വരപൂണ്ട മനുഷ്യന്‍ ഇല്ലാതാകണം. ഇത്തരം മനുഷ്യന്‍ ഇല്ലാതാകണമെങ്കില്‍ സ്വര്‍ത്ഥത വെടിയാനുതകുന്ന ബോധവത്‌കരണം നടത്തണമെന്നാണ്‌ ഗുരു സഹോദരനോടുപദേശിച്ചതിന്റെ താല്‍പര്യം.
സ്വാര്‍ത്ഥത മാത്രം കൈമുതലായുള്ള മനുഷ്യന്‌ അവന്റെ സന്തതി നാളെ ജീവിക്കണമെന്നോ താന്‍ തന്നെ നാളെ ജീവിച്ചിരിക്കണമെന്നോ ഉള്ള ചിന്തയില്ല. പണത്തിനുവേണ്ടി പ്രകൃതിയെ യാതൊരു തത്വദീക്ഷയുമില്ലാതെ ചൂഷണംചെയ്‌തതില്‍നിന്ന്‌ സര്‍വനാശത്തിന്റെ വക്കോളമെത്തിയ മനുഷ്യന്‌ ഈ വേളയിലെങ്കിലും ഗുരുവിന്റെ ജീവകേന്ദ്രീകൃതമായ മാനവീകതയെ തിരിച്ചറിയാന്‍ അവസരമുണ്ടാക്കിയാല്‍ അത്‌ തലമുറയോടുചെയ്യുന്ന വലിയ പുണ്യമായിരിക്കും.

ഡോ. എം.ആര്‍.യശോധരന്‍

(ഡയറക്‌ടര്‍, ശ്രീനാരായണ
അന്തര്‍ദേശീയ പഠനകേന്ദ്രം)

Ads by Google
Monday 27 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW