Wednesday, April 24, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.50 AM

മരണത്തിന്റെ വാതില്‍ കൊട്ടിയടയ്‌ക്കണം

uploads/news/2018/08/243660/1.jpg

അപകടങ്ങള്‍, അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍, മുന്‍കരുതലുകളുടെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങള്‍ക്ക്‌ എന്തു ന്യായീകരണമാണുള്ളത്‌. റെയില്‍വേയുടെ കാര്യം തന്നെ നോക്കൂ. ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചവരില്‍ 20 ശതമാനവും വാതില്‍നിന്നു വീണ്‌ അപകടത്തില്‍പ്പെട്ടവരാണ്‌. 2015-ല്‍ 806 പേരാണ്‌ ഇങ്ങനെ മരിച്ചത്‌. 2016-ല്‍ 657 പേര്‍. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. മുംബൈ സബര്‍ബന്‍ ട്രെയിനുകളില്‍നിന്നു കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25,722 പേര്‍ വീണെന്നാണു കണക്ക്‌. ഇവരില്‍ 6,989 പേര്‍ മരിച്ചു. കണക്കുകള്‍ ഇങ്ങനെ ഞെട്ടിക്കുമ്പോഴും മുന്‍കരുതല്‍ നടപടി ഇനിയുമില്ലെന്നതാണു വിചിത്രം.
ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌(80) കഴിഞ്ഞയാഴ്‌ചയാണു റെയില്‍വേയുടെ അശ്രദ്ധമൂലം മരണത്തിലേക്കു വീണത്‌. അതുപോലെ എത്രയെത്ര മലയാളികള്‍. 2016 സെപ്‌റ്റംബറില്‍ ചെന്നൈ മമ്പലം റെയില്‍വേ സ്‌റ്റേഷനില്‍ 18 മാസം പ്രായമുള്ള കുഞ്ഞ്‌ അമ്മയുടെ കൈയില്‍നിന്നു തെറിച്ചുവീണു മരിച്ചത്‌ ഏറെ വിവാദമായിരുന്നു. ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ അമ്മയ്‌ക്കു ബാലന്‍സ്‌ നഷ്‌ടപ്പെടുകയായിരുന്നു. ഫുട്‌ബോഡില്‍ യാത്ര ചെയ്‌ത കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചതു കഴിഞ്ഞമാസമാണ്‌. സെന്റ്‌ തോമസ്‌ മൗണ്ട്‌ സ്‌റ്റേഷനിലായിരുന്നു അപകടം.
ട്രെയിനില്‍ കയറിപ്പറ്റാനുള്ള തിരക്കിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനും കോച്ചിനും മധ്യേ കുടുങ്ങി മരിക്കുന്നവരാണു ഭൂരിപക്ഷവും. ഇതിനൊരു പ്രധാന കാരണം ട്രെയിനിലെ സ്‌റ്റീല്‍ കൈപ്പിടികളാണ്‌. ബ്രിട്ടീഷുകാരുടെ കാലത്തെ ഈ മാതൃക ഇന്നും റെയില്‍വേ ഉപേക്ഷിച്ചിട്ടില്ല. മിന്നിത്തിളങ്ങുന്ന സ്‌റ്റീല്‍ കൈപ്പിടികളില്‍ വിയര്‍പ്പും അഴുക്കും കുഴയുമ്പോള്‍ ആളുകള്‍ ട്രാക്കിലേക്കും മരണത്തിലേക്കും വഴുതുന്നു. ഓടുന്ന ട്രെയിനില്‍നിന്നു യാത്രക്കാരെ തള്ളിയിട്ട സംഭവങ്ങളും ഇന്ത്യയില്‍ കുറവല്ല. ഇത്തരത്തില്‍ കേരളത്തെ ഞെട്ടിച്ചൊരു കൊലപാതകം നടന്നിട്ട്‌ ഏറെ നാളായില്ലതാനും. പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കു കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. യു.പിയില്‍ കായികതാരത്തെ ട്രെയിനില്‍നിന്നു തള്ളിയിട്ടതും മറ്റൊരു ദൃഷ്‌ടാന്തം. ട്രെയിനുകള്‍ക്കുനേരെയുള്ള കല്ലേറില്‍ യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതും പതിവായി. ഭീകരാക്രമണം പോലുള്ള കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളും യാത്രക്കാരെ ലക്ഷ്യമിട്ടുണ്ടാകുന്നു.
യാത്രക്കാര്‍, അവര്‍ പലതിരക്കുകളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നു പോകുന്നവരാണ്‌. വേഗം ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തിലാകും അവര്‍. ട്രെയിനില്‍ ചാടിക്കയറാനും നിര്‍ത്താന്‍ പോകുന്ന ട്രെയിനില്‍നിന്നു പെട്ടെന്നു ചാടിയിറിങ്ങാനുമൊക്കെയുള്ള തത്രപ്പാട്‌ അതുകൊണ്ടാണ്‌. വാതില്‍പ്പടിയില്‍ അക്ഷമരായി ഇരിക്കുന്നവര്‍ തിരക്കില്‍പ്പെട്ടോ വാതില്‍തട്ടിയോ തെറിച്ചുപോയ സംഭവങ്ങള്‍ എത്രയെത്രയാണ്‌. വളവുകളിലും ട്രാക്ക്‌ മാറുന്ന ഘട്ടത്തിലും അമിതമായ കുലുക്കംമൂലം ബാലന്‍സ്‌ നഷ്‌ടപ്പെട്ടു വാതിലനരികില്‍ നില്‍ക്കുന്ന യാത്രക്കാര്‍ പുറത്തേക്കു വീഴുന്ന സംഭവങ്ങളും നിരവധി. രണ്ടു കൈയിലും ലഗേജുമായി നില്‍ക്കുന്നവര്‍ പിടിവിട്ടു മറിയുന്നു.
ഇത്തരം സ്വഭാവിക അപകടങ്ങളെ തടയാന്‍ അധികൃതര്‍ക്കു നിസാരമായി കഴിയുന്നതേയുള്ളൂ. മെട്രോ ട്രെയിനുകളിലെപ്പോലെ ഓട്ടോമാറ്റിക്‌ വാതിലുകളുണ്ടെങ്കില്‍ ഈ മരണങ്ങളൊക്കെ തടയാം. ട്രെയിനില്‍ കയറിപ്പറ്റുന്നതിനിടെ അപകടം ഒഴിവാക്കാനും മെട്രോയില്‍ സൗകര്യമുണ്ട്‌. സ്‌റ്റേഷനുകളില്‍ മാത്രം വാതിലുകള്‍ തുറക്കുന്ന സംവിധാനം മിക്ക രാജ്യങ്ങളിലെയും ട്രെയിനുകള്‍ക്കുണ്ട്‌. ഇന്ത്യന്‍ റെയില്‍വേയില്‍ വിരലില്‍ എണ്ണാവുന്ന തേജസ്‌ എക്‌സ്പ്രസുകളില്‍ മാത്രമാണ്‌ "ഓട്ടോമാറ്റിക്‌ ഡോര്‍" സൗകര്യം. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയില്‍ നിര്‍മാണത്തിലിരിക്കുന്ന "ട്രെയിന്‍ 18" എന്ന വേഗം കൂടിയ ട്രെയിനിലും ഈ സംവിധാനം റെയില്‍വേ പരീക്ഷിക്കുന്നുണ്ട്‌. ഇതൊക്കെ എന്നേ നടപ്പാക്കേണ്ടതായിരുന്നു. ഇനി വൈകരുത്‌. ഒന്നോ രണ്ടോ ട്രെയിനുകളില്‍ മാത്രമല്ല, എല്ലാ വണ്ടികളിലും ഈ പരിരക്ഷ വേണം. അതും ഒട്ടും വൈകാതെ. വൈകുന്തോറും ഓരോ ജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്‌. വിലപ്പെട്ട ജീവന്‍.

Ads by Google
Monday 27 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW