Monday, September 24, 2018 Last Updated 57 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

നാഷണല്‍ ഹെറാള്‍ഡിനെതിരേ റിലയന്‍സിന്റെ മാനനഷ്‌ടക്കേസ്‌

uploads/news/2018/08/243656/2.jpg

ന്യൂഡല്‍ഹി/അഹമ്മദാബാദ്‌: റാഫേല്‍ യുദ്ധവിമാന ഇടപാട്‌ വിവാദത്തിലേക്ക്‌ അനാവശ്യമായി വലിച്ചിഴച്ചെന്നുകാട്ടി നാഷണല്‍ ഹെറാള്‍ഡിനും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമെതിരേ റിലയന്‍സിന്റെ മാനനഷ്‌ടക്കേസ്‌. അനില്‍ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഗ്രൂപ്പാണ്‌ അയ്യായിരം കോടി രൂപവീതം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌.
കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ദിനപത്രമായ നാഷണല്‍ ഹെറാള്‍ഡില്‍ റാഫേല്‍ ഇടപാടു സംബന്ധിച്ചു പ്രസിദ്ധീകരിച്ച ലേഖനം വാസ്‌തവവിരുദ്ധവും തങ്ങളുടെ യശസിനു കോട്ടംവരുത്തുന്നതും അപകീര്‍ത്തികരവുമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ ആദ്യത്തെ മാനനഷ്‌ടക്കേസ്‌. ഇതില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണല്‍സ്‌ പ്രസ്സാണു പ്രതിസ്‌ഥാനത്ത്‌.
ഇതിനുപുറമേ ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശക്‌തിസിന്‍ഹ്‌ ഗോഹിലിനെതിരേയും സമാന ആരോപണങ്ങളുന്നയിച്ച്‌ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തിട്ടുണ്ട്‌. അനില്‍ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഡിഫന്‍സ്‌, റിലയന്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, റിലയന്‍സ്‌ എയ്‌റോസ്‌ട്രക്‌ചര്‍ എന്നീ സ്‌ഥാപനങ്ങളാണ്‌ അഹമ്മദാബാദ്‌ സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജി മുമ്പാകെ രണ്ടു കേസും ഫയല്‍ ചെയ്‌തിരിക്കുന്നത്‌. അടുത്തമാസം ഏഴിനുമുമ്പ്‌ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട്‌ കോടതി കക്ഷികള്‍ക്കു നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.
സമാന ആരോപണങ്ങളുടെ പേരില്‍ റിലയന്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ (ആര്‍.ഇന്‍ഫ്ര) നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേയും മാനനഷ്‌ടക്കേസ്‌ നല്‍കിയിരുന്നു.
രണ്‍ദീപ്‌ സുര്‍ജേവാല, പവന്‍ ഖേര, പ്രിയങ്ക ചതുര്‍വേദി, ശക്‌തിസിന്‍സ്‌ ഗോഹില്‍, ജയ്‌വീര്‍ ഷെര്‍ഗില്‍, അര്‍ജുന്‍ മോധ്‌വാദിയ, സുനില്‍ ജാക്കര്‍ അടക്കമുള്ളവര്‍ക്കെതിരേ ഒരാഴ്‌ചമുമ്പാണു കേസ്‌ കൊടുത്തത്‌. ഫ്രാന്‍സില്‍നിന്ന്‌ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ. സര്‍ക്കാരിന്റെ കരാറില്‍ റിലയന്‍സിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളംചേര്‍ത്തെന്ന കോണ്‍ഗ്രസ്‌ ആരോപണമാണ്‌ മാനനഷ്‌ടക്കേസുകള്‍ക്ക്‌ ആധാരം.
അതിനിടെ കേസുകാട്ടി വിരട്ടേണ്ടെന്നും റാഫേല്‍ ഇടപാടിലെ അഴിമതി തുറന്നുകാട്ടുമെന്നും വ്യക്‌തമാക്കി കോണ്‍ഗ്രസ്‌ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ "സുഹൃത്തി"നായി രാജ്യതാല്‍പര്യം ബലികഴിച്ചെന്നാണ്‌ കോണ്‍ഗ്രസ്‌ ആക്ഷേപം. ഈ വസ്‌തുത പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ആവശ്യമായ പ്രചാരണത്തിനു പാര്‍ട്ടി നേതൃത്വം നല്‍കും.
ശതകോടികളുടെ അഴിമതിക്കഥകള്‍ വെളിച്ചത്തുകൊണ്ടുവന്ന്‌ അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ്‌ മോഡി സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടുകയാണു ലക്ഷ്യം. റാഫേല്‍ അഴിമതി സംബന്ധിച്ച വസ്‌തുതകള്‍ വിശദമാക്കാന്‍ അടുത്തമാസം ആറുവരെ രാജ്യമെമ്പാടും മുതിര്‍ന്ന നേതാക്കള്‍ പ്രത്യേക പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കും. സെപ്‌റ്റംബര്‍ ഏഴുമുതല്‍ 15 വരെ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ റാലികളടക്കമുള്ളവയും സംഘടിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW