Sunday, November 18, 2018 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.13 AM

ഈ ഓണം മാറ്റത്തിന്റേതാകട്ടെ

uploads/news/2018/08/243426/editorial.jpg

മലയാളികളെല്ലാം ഒരുമയോടെ ജീവിച്ച സുന്ദര കാലത്തെ ഓര്‍മിപ്പിക്കുന്ന ഓണം വീണ്ടും വിരുന്നിനെത്തുകയാണ്‌. ഓണം പ്രത്യാശ നല്‍കുന്ന സുദിനമാണ്‌. കേരളീയര്‍ സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച നാളുകളെ ഓര്‍മിപ്പിക്കുന്നു ഓണ ദിനങ്ങള്‍. കേരളത്തിന്റെ സമ്പത്ത്‌സമൃദ്ധിയെ ഓര്‍മ്മിപ്പിക്കുന്ന നാളുകളാണിവ.

നാടിനെ നടുക്കിയ പ്രളയത്തിനു ശേഷമെത്തുന്ന ഓണത്തിനു പ്രത്യേകതകള്‍ ഏറെയാണ്‌. നമ്മള്‍ ഒന്നാണെന്നു കേരളീയര്‍ ഒന്നടങ്കം പ്രഖ്യാപിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്‌. ജനങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തി ആഞ്ഞടിച്ച കൊടും മഴയേയും വെള്ളപ്പൊക്കത്തെയും മലയാളി സധൈര്യം നേരിട്ട്‌ തങ്ങളുടെ കരുത്തും ഐക്യവും ലോകത്തിനു കാട്ടിക്കൊടുത്തു. ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്കത്തെ മനക്കരുത്തും കൂട്ടായ്‌മയും കൊണ്ടാണ്‌ കേരളീയര്‍ നേരിട്ടത്‌. ഈ നാട്ടിലെ അധികാരികളും ഉദ്യോഗസ്‌ഥരും വിവിധ സേനാംഗങ്ങളും സംഘടനകളും യുവജനങ്ങളും എല്ലാം കൈമെയ്‌ മറന്ന്‌ ജനരക്ഷയെന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നേറിയപ്പോള്‍ ദുരന്തം മറികടക്കാനായി.

കനത്തമഴയും വെള്ളപ്പൊക്കവും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സൃഷ്‌ടിച്ച ആഘാതം വളരെ വലുതാണ്‌. കോടിക്കണക്കിനു രൂപയുടെ നാശനഷ്‌ടങ്ങളുണ്ടായി. അനേകം വീടുകള്‍ തകര്‍ന്നു. ധാരാളം റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉപയോഗശൂന്യമായി. അവ ഉപയോഗയോഗ്യമാക്കുന്നത്‌ ഏറെ ശ്രമകരമാണ്‌. കോടിക്കണക്കിന്‌ രൂപ ഇതിനു വേണ്ടി വരും. ഈ പ്രതിസന്ധിയും മറികടക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സാധിക്കും എന്ന വെളിവാക്കുന്ന ഊര്‍ജദായകമായ അനേകം ഉദാഹരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക്‌ കാണാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള, ജന്മനാടിനോട്‌ സ്‌നേഹമുള്ള മലയാളികള്‍ പണം എത്തിക്കാന്‍ മത്സരിക്കുകയാണ്‌. ദുരിതബാധിതര്‍ക്ക്‌ വേണ്ടത്‌ എന്തൊക്കെയെന്നു തിരിച്ചറിഞ്ഞ്‌ അവ കേരളത്തിനകത്തുനിന്നും അകത്തുനിന്നും പുറത്തുനിന്നു എത്തിക്കാനും നമുക്കു കഴിഞ്ഞു.

പഴയതൊക്കെ പുനഃസ്‌ഥാപിക്കുകയല്ല, പുതിയ കേരളം കെട്ടിപ്പടുക്കുകയാണു ലക്ഷ്യമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പുതിയ കേരളമെന്നാല്‍ പുതിയ കെട്ടിടങ്ങളും പുതിയ പാലങ്ങളും പുതിയ റോഡുകളും പുതിയ വീടുകളും മാത്രമല്ല, പുതിയ മനുഷ്യര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌. പ്രളയത്തിനു മുമ്പുണ്ടായിരുന്ന മനുഷ്യരെയല്ല പ്രളയകാലത്തു കേരളം കണ്ടത്‌. മുന്‍പ്‌ അന്യോന്യം സംഘര്‍ഷത്തിലായിരുന്നവര്‍ പോലും പ്രളയകാലത്ത്‌ ഒരുമയോടെ നിന്നു.

പ്രളയത്തെ അതിജീവിക്കാന്‍ നമ്മെസഹായിച്ചത്‌ ഈ കൂട്ടായ്‌മയാണ്‌. എന്നാല്‍ പ്രളയം കഴിഞ്ഞതോടെ വീണ്ടും പഴയ സംഘര്‍ഷം തിരിച്ചുവന്നു. രാഷ്‌ട്രീയ എതിര്‍പ്പുകളുടെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. താന്‍പോരിമയും പ്രമാണിത്തവും കാണിക്കാനുള്ള സമയമല്ലിത്‌. ആത്യന്തികമായ വിജയം കേരളത്തിനാണു വേണ്ടതെന്ന ബോധം എല്ലാവര്‍ക്കും വേണം. പുതിയ കേരളം കെട്ടിയുയര്‍ത്താനുള്ള ശ്രമം തുടങ്ങാന്‍ ഓണം പോലെ മറ്റൊരു ദിനമില്ലെന്നു പറയാം. സമ്പത്ത്‌സമൃദ്ധിയുടെ കേരളം സൃഷ്‌ടിക്കാനുള്ള തുടക്കം ഈ ദിനത്തില്‍ നിന്നാകട്ടെ.

Ads by Google
Saturday 25 Aug 2018 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW