Friday, April 26, 2019 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.12 AM

ഡാമുകള്‍ എന്ന ശവസ്‌മാരകങ്ങള്‍

uploads/news/2018/08/243425/bft1.jpg

കേരളത്തിലെ മഹാപ്രളയത്തില്‍ രണ്ടു സി.പി.ഐ. മന്ത്രിമാരും കുടുങ്ങി; വനംമന്ത്രി ജര്‍മ്മനിയിലെ ദുരിതാശ്വാസക്യാമ്പിലായിരുന്നു; ഉടുതുണിയുമായി അദ്ദേഹം തിരികെയെത്തി. റവന്യൂമന്ത്രി, ഉദ്യോഗസ്‌ഥന്മാരുടെ വിവരദോഷക്യാമ്പിലാണ്‌ ഇപ്പോഴും; റവന്യൂമന്ത്രി പറയുന്നു: പ്രളയത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കേണ്ട സമയമാണോ ഇത്‌? അല്ല...അതേ, പ്രളയ ദുരന്തത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കേണ്ടത്‌ ഇപ്പോഴാണ്‌; നാളെ ഇതു സംഭവിക്കാതിരിക്കണമെങ്കില്‍. റവന്യൂമന്ത്രിയുടെ കാസര്‍ഗോഡ്‌ പ്രളയദുരിതം പേറാത്ത ജില്ലയാണ്‌. അതുകൊണ്ടാവും വനംമന്ത്രിയെപ്പോലെ പ്രളയം എന്നു കേള്‍ക്കുമ്പോള്‍ ഒരു നിസാര ഭാവം.
പ്രളയദുരന്തത്തെ സര്‍ക്കാര്‍ ആവുംവിധം നല്ലരീതിയില്‍ നേരിട്ടു; ദുരന്തത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ മുഖ്യമന്ത്രി മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ നിശ്‌ചയദാര്‍ഢ്യത്തിനു പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണരുന്നു. ഉറക്കംതൂങ്ങികള്‍ പിണറായിയെ ഭയന്നെങ്കിലും ഞെട്ടിയുണരുന്നു. പക്ഷേ, ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്‌ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മനുഷ്യനിര്‍മ്മിത ദുരന്തമാണ്‌ കടന്നുപോയത്‌; ഇനി കാത്തിരിക്കുന്നതും. പ്രതിസ്‌ഥാനത്തുള്ള ഉദ്യോഗസ്‌ഥര്‍ - െവെദ്യുതി ബോര്‍ഡിലെയും ജലവിഭവവകുപ്പിലെയും റവന്യുവകുപ്പിലെയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. സ്വന്തം കഴിവില്ലായ്‌മ മൂടിവയ്‌ക്കാന്‍ മഴയെ പഴിക്കുന്നു. പതിവിലധികം പെയ്‌തു എന്ന കാരണത്താല്‍ പേമാരി എന്നു വിളിച്ച്‌ തടിതപ്പുന്നു.
പമ്പയിലെ ഒന്‍പത്‌ ഡാമുകള്‍ ഒറ്റയടിക്ക്‌ ഓഗസ്‌റ്റ്‌ 14ന്‌ രാവിലെ മുതല്‍ തുറന്നുവച്ചത്‌ ഏതു മന്ത്രി പറഞ്ഞിട്ടാണ്‌? ഡാമുകള്‍ തുറക്കാന്‍ അനുവാദം നല്‍കേണ്ടത്‌ ജില്ലാ കലക്‌ടറാണ്‌. പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ഇതിന്‌ അനുമതി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ? ജില്ലാ കലക്‌ടറുടെ, സാമൂഹികമാധ്യമങ്ങളില്‍ കണ്ട, വീഡിയോ സന്ദേശത്തില്‍ ഇങ്ങനെ കണ്ടു: ഓഗസ്‌റ്റ്‌ 14ന്‌ അര്‍ദ്ധരാത്രി കഴിഞ്ഞ്‌ എനിക്ക്‌ ഒരു ഫോണ്‍ സന്ദേശം കിട്ടി. മൂഴിയാറില്‍ എന്തോ സംഭവിച്ചിരിക്കുന്നു. അപ്പോഴേക്കും വെള്ളം കയറിത്തുടങ്ങി. രാവിലെ ഞാന്‍ വില്ലേജ്‌ ഓഫീസര്‍മാരുടെ യോഗം വിളിച്ചു...

എന്താണ്‌ മൂഴിയാറില്‍ സംഭവിച്ചത്‌?

മുഖ്യമന്ത്രിക്കു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ട്‌; ഇനി ഉദ്യോഗസ്‌ഥര്‍ അധികം ഉരുണ്ടുകളിക്കണ്ട. പത്തനംതിട്ട കലക്‌ടറുടെ പ്രതികരണത്തില്‍നിന്ന്‌ എന്തു മനസിലായി? പമ്പയില്‍ ഡാമുകളില്‍നിന്നുള്ള വെള്ളം ഉയര്‍ന്നശേഷംമാത്രമാണ്‌ ഡാം തുറക്കാന്‍ അനുവാദം നല്‍കേണ്ട കലക്‌ടര്‍ വിവരം അറിഞ്ഞത്‌. ചില ഡാമുകളുടെ ഷട്ടറുകള്‍ തകറാറിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്‌; ജില്ലയിലെ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്‌. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ കാര്യം, എന്തു സംഭവിച്ചുവെന്ന്‌ ചീഫ്‌ സെക്രട്ടറി മിതമായ ഭാഷയില്‍ നാട്ടുകാരെ അറിയിച്ചുകഴിഞ്ഞു. ഈ പ്രളയകാലത്ത്‌ കേരളത്തിലെ സ്വകാര്യ െവെദ്യുതി പദ്ധതി നടത്തിപ്പു കമ്പനികള്‍ അവരുടെ ജലശേഖരം തുറന്നുവിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എപ്പോള്‍? ആരുടെ അനുവാദത്തോടെ?

പത്തനംതിട്ടയെ മുക്കിക്കൊന്നവര്‍

പത്തനംതിട്ടയെ മുക്കിക്കൊന്നത്‌ ഒരുകൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണ്‌. ട്രയല്‍ റണ്‍പോലും നടത്താതെ ഒന്‍പത്‌ ഡാമുകള്‍ ഒറ്റയടിക്ക്‌ തുറന്നിട്ട്‌ ഓടിപ്പോയവരാണ്‌. ശബരിമലയെ ദുരന്തഭൂമിയാക്കിയത്‌ ഇവരാണ്‌. ഉയര്‍ന്നപ്രദേശമായ റാന്നിയെയും താഴ്‌ന്ന പ്രദേശമായ ആറന്മുള, ചെങ്ങന്നൂര്‍ എന്നിവിടങ്ങളെയും ഒരേവിധം വെള്ളത്തില്‍ താഴ്‌ത്തിയത്‌ ഇവരാണ്‌. മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെയാണ്‌ ഇവര്‍ ഡാമുകള്‍ തുറന്നിട്ട്‌ ഓടിപ്പോയത്‌. ഇപ്പോഴും ചില ഡാമുകളുടെ ഷട്ടറുകള്‍ അടയ്‌ക്കാനാവുന്നില്ല എന്നാണ്‌ സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റാന്നി എം.എല്‍.എ. രാജു ഏബ്രഹാം ഈ സത്യം തനിക്കു പറ്റുംവിധം തുറന്നുപറഞ്ഞു. സമ്മര്‍ദ്ദം കൂടിയപ്പോള്‍ പഴയകാല ദേശാഭിമാനി റിപ്പോര്‍ട്ടര്‍ കൂടിയായ രാജുവിന്‌ തനിക്ക്‌ ബോധ്യമുള്ള വാര്‍ത്ത കില്‍ ചെയ്യേണ്ടിവന്നു.
പമ്പയില്‍ സംഭവിച്ചതാണ്‌ കേരളത്തില്‍ എല്ലായിടത്തും സംഭവിച്ചത്‌. ഉദ്യോഗസ്‌ഥര്‍ തോന്നുംപടി പ്രവര്‍ത്തിച്ചു. സ്വന്തം വീടിന്റെ വാതില്‍ തുറക്കുന്ന അതേ ലാഘവത്തോടെ ജലബോംബുകളുടെ ഷട്ടറുകള്‍ ഇവര്‍ തുറന്നിട്ടു. എന്നിട്ട്‌ മഴയെ ശപിക്കുന്നു. തക്കസമയത്ത്‌ തുറക്കാതെ, ഡാം പൊട്ടാറായപ്പോള്‍ ഇന്നാപിടിച്ചോ എന്ന മട്ടില്‍ തുറന്ന്‌ ജനങ്ങളെ ഇവര്‍ മുക്കിക്കൊന്നു. മാധ്യമങ്ങള്‍ക്കുവേണ്ടി ഡാം തുറക്കാന്‍ പറ്റില്ലെന്നു പരിഹസിച്ച െവെദ്യുതിമന്ത്രിക്കു പറ്റിയ ഈ ഉദ്യോഗസ്‌ഥരാണ്‌ കേരളത്തിലെ പ്രളയദുരന്തത്തിന്റെ കാരണക്കാര്‍.
ഡാമുകളാണ്‌ പ്രളയത്തില്‍നിന്നു കേരളത്തെ രക്ഷിച്ചതെന്ന്‌ െവെദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍ പിള്ളയുടെ തള്ള്‌ മാധ്യമങ്ങളില്‍ നിറയുകയാണ്‌. പരിഷ്‌കൃത ലോകം പൊളിച്ചുകളഞ്ഞുകൊണ്ടിരിക്കുന്ന അണക്കെട്ടുകളുടെ സ്വയംസേവകനാണ്‌ െവെദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍; ഡാമുകള്‍ കാരണം വെള്ളത്തില്‍ മുങ്ങിച്ചത്തവരുടെ ആത്മാക്കളെപ്പോലും ഈ പിള്ള വെറുതെ വിടുന്നില്ല. അല്ല, ഈ പ്രളയത്തില്‍ എത്രപേര്‍ മുങ്ങിച്ചത്തെന്ന്‌ പിള്ളയുടെ െകെയില്‍ കണക്കുണ്ടോ? എത്ര ട്രാന്‍സ്‌ഫോര്‍മര്‍ കേടായെന്ന കണക്കുകാണും. ചത്തവരെ എന്തിനോര്‍ക്കണം; കൊല്ലാന്‍ അണക്കെട്ടുകള്‍ ബാക്കിയുണ്ടല്ലോ.
മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും ഡാമുകളില്ലെങ്കിലും അവിടെ വെള്ളം പൊങ്ങിയല്ലോ എന്നാണ്‌ മരിച്ചവരുടെ ബന്ധുക്കളെ നോക്കി ഡാം ആരാധകരുടെ പരിഹാസം. അറബിക്കടലില്‍ മഴപെയ്യുന്നതു കടലില്‍ മരമുണ്ടായിട്ടാണോ എന്നു നിയമസഭയില്‍ ചോദിച്ച സീതി ഹാജിയുടെ പിന്മുറക്കാരാണിവര്‍. പമ്പ ഒഴുകിപ്പോകുന്നത്‌ ബി.ജെ.പിയും സി.പി.എമ്മും ഒഴുകുന്നപോലെ പരസ്‌പരം ശത്രുതയോടെയല്ല. ഒരിടത്തു കവിഞ്ഞാല്‍ മറ്റൊരിടത്തു നിറയും. വനമേഖലയിലെ എണ്ണിയാലൊടുങ്ങാത്ത കരിങ്കല്‍ക്വാറികള്‍ കാരണം ഉണ്ടായ ഉരുള്‍പൊട്ടലുകളും പമ്പയുടെ ഗതിമാറിയ ഒഴുക്കുമാണ്‌ നൂറുകണക്കിന്‌ ചെക്ക്‌ ഡാമുകളാല്‍ ജനം ചെക്ക്‌ പറഞ്ഞുവച്ചിരിക്കുന്ന മണിമല, അച്ചന്‍കോവില്‍ ആറുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം.
കേരളത്തിലുണ്ടായത്‌ മഴ ദുരന്തമല്ല; ഡാം ദുരന്തമാണ്‌; കാരണക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരുകൂട്ടം ഉദ്യോഗസ്‌ഥരാണ്‌. പ്രളയദുരന്തത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ െവെദ്യുതിബോര്‍ഡ്‌ ചെയര്‍മാന്‍. കേരളത്തിന്റെ ശവസ്‌മാരകങ്ങളാണ്‌ ഡാമുകള്‍. ഡാമുകള്‍ പ്രളയത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുമെന്ന്‌ ഇദ്ദേഹം പറയുന്നു. അങ്ങനെയെങ്കില്‍ ഒരു വലിയ ഡാം പണിഞ്ഞ്‌ സംസ്‌ഥാനത്തെ അതിനുള്ളിലാക്കണം; മുഴുവന്‍ മലയാളികളും രക്ഷപ്പെടും. ഒഴുകിപ്പോകുന്ന ശവങ്ങളെ കാണാതിരിക്കാനും ഡാമുകള്‍ എന്ന ശവസ്‌മാരകങ്ങള്‍ പ്രയോജനപ്പെടുത്താം.

Ads by Google
Saturday 25 Aug 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW