Sunday, September 09, 2018 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.11 AM

നിലപാടുകള്‍ തുറന്നുപറഞ്ഞ കരുത്തന്‍

uploads/news/2018/08/243424/bft2.jpg

ആത്മധൈര്യം കൈവിടരുതെന്നു ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ എല്ലാ രോഗികളോടും പറയാറുണ്ട്‌. എന്നാല്‍, രോഗങ്ങളെ മുഖാമുഖം കാണുന്നവരില്‍ പലര്‍ക്കും അതിനു കഴിയാറില്ലെന്നതാണു യാഥാര്‍ഥ്യം. രോഗകാലത്തു പതറിപ്പോകുന്നവരാണ്‌ ഏറിയകൂറും. കെ.എസ്‌. ഡേവിഡ്‌ ഇക്കാര്യത്തില്‍ വേറിട്ടു നിന്നിരുന്നു. എന്റെ ചിരകാല ആത്മമിത്രമായിരുന്നു ഡേവിഡ്‌. ഒന്നും ഒളിച്ചുവയ്‌ക്കാത്ത മനസിന്റെ ഉടമ. ഉള്ളത്‌ തുറന്നുപറയുന്ന പ്രകൃതം.
ഞാനും ഡേവിഡും സമാനമായ വിഷയം കൈകാര്യം ചെയ്‌തിരുന്നതുകൊണ്ട്‌ മനസടുപ്പം ഏറെയായിരുന്നു. മനസ്‌ ഒട്ടും പതറാതെയാണ്‌ അദ്ദേഹം രോഗകാലഘട്ടത്തിലും ജീവിച്ചത്‌. ഒരു കാലില്‍ അഞ്ചാഴ്‌ച മുമ്പ്‌ പ്ലാസ്‌റ്റിക്‌ സര്‍ജറി നടത്തിയിരുന്നു. ഒരു വ്രണം, അതു പൊറുക്കാതെ കിടന്നിരുന്നു. ഒരിക്കല്‍ കാല്‍ മുറിച്ചുകളയണമെന്നുപോലും നിര്‍ദേശം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അതേക്കുറിച്ചു പറഞ്ഞപ്പോള്‍ തീരുമാനമെടുക്കാന്‍ രണ്ടു ദിവസം സമയം വേണമെന്നാണ്‌ അദ്ദേഹം മറുപടി പറഞ്ഞത്‌. കാല്‍ മുറിച്ചുകളഞ്ഞാലും സാരമില്ലെന്ന നിലപാട്‌ കൈക്കൊണ്ടുകൊണ്ടാണ്‌ പിന്നീട്‌ ആശുപത്രിയിലേക്കു വന്നത്‌. വിദഗ്‌ധോപദേശത്തെത്തുടര്‍ന്ന്‌, വ്രണം മാറ്റാന്‍ പ്ലാസ്‌റ്റിക്‌ സര്‍ജറി മതിയെന്നു പിന്നീട്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
അതു വിജയകരമായിരുന്നു. തമാശരൂപേണയാണ്‌ ഇക്കാര്യം അദ്ദേഹം പങ്കുവച്ചത്‌. "കാലൊരു വല്യവിഷയമായിരുന്നു. അതുമാറി. ഈ കാല്‍ പ്ലാസ്‌റ്റിക്‌ സര്‍ജന്റേത്‌, മറ്റേത്‌ എന്റെ സ്വന്തം കാലും!" അതുകേട്ട്‌ ഞങ്ങള്‍ക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല. രോഗത്തിനു മുന്നില്‍ ഭയത്തിന്റെ ലാഞ്‌ഛനപോലും അദ്ദേഹത്തെ കീഴ്‌പ്പെടുത്തിയില്ല. മരണഭയം ഡേവിഡിനെ തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു. രോഗാവസ്‌ഥ ഗുരുതരമെന്നറിഞ്ഞിട്ടും. പക്ഷേ, രോഗി പാലിക്കേണ്ട ചില ചിട്ടകള്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. ആശുപത്രിക്കിടക്കയിലെ അസ്വാതന്ത്ര്യം അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇത്ര കണിശമായി നോക്കിയിട്ടെന്തുകാര്യം, മരിക്കുമ്പോള്‍ മരിക്കും അത്രതന്നെ എന്നു എത്രയോ വട്ടം ഡേവിഡ്‌ പറഞ്ഞിട്ടുണ്ട്‌. മരിക്കും വരെ സുഖമായി ഇഷ്‌ടമുള്ളതുപോലെ കഴിയണം.
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹം മക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യമാണ്‌. മക്കളെ സ്വതന്ത്രരായി വിടണമെന്നും അവരുടെ ഇഷ്‌ടപ്രകാരം അവര്‍ ജീവിച്ചോട്ടെ എന്നെല്ലാം പലരും തട്ടിവിടാറുണ്ടെങ്കിലും സ്വന്തംകാര്യം വരുമ്പോള്‍ അതു മാറ്റിവയ്‌ക്കും. ഇവിടെ ഡേവിഡ്‌ വ്യത്യസ്‌തനാകുന്നു. മക്കളുടെ ജീവിതം അവരുടേതു മാത്രമാണെന്നും അവരാണ്‌ അതെങ്ങനെ കൊണ്ടുപോകണമെന്നു തീരുമാനിക്കേണ്ടതെന്നും ഉറച്ച നിലപാട്‌ എടുത്തിരുന്നു. എന്റെ ഓര്‍മയില്‍ മക്കള്‍ക്ക്‌ ഇത്രയധികം സ്വാതന്ത്ര്യം നല്‍കിയ ഒരു പിതാവ്‌ വേറെയില്ല.
മരിക്കുന്നതുവരെ സുഖമായി കഴിയുക, ജീവിതത്തെ സംഘര്‍ഷരഹിതമായി കാണുക, നിലപാടുകളില്‍ അണുവിട വീഴ്‌ച വരുത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ അദ്ദേഹം മാതൃകയായിരുന്നു. അസാധാരണ നര്‍മബോധം ആ വ്യക്‌തിത്വത്തിന്റെ സവിശേഷതയായിരുന്നു. മറ്റുള്ളവര്‍ക്ക്‌ ഉപദേശങ്ങള്‍ വാരിക്കോരി നല്‍കുന്നവരില്‍ പലരും സ്വജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കാത്തവരാണ്‌.
എന്നാല്‍ ഡേവിഡ്‌ പറയുന്നതുപോലെ ജീവിച്ചിരുന്നു. ഒരിക്കല്‍ പറഞ്ഞത്‌ മാറ്റിപ്പറയാന്‍ അദ്ദേഹത്തെ കിട്ടിയിരുന്നില്ല. ജീവിതാന്ത്യം വരെ യുക്‌തിവാദിയായി കഴിഞ്ഞിരുന്നതും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകള്‍ക്ക്‌ ഉത്തമ ഉദാഹരണം. ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. ഒരു കമ്യൂണിസ്‌റ്റുകാരന്‍ പാലിക്കേണ്ട എല്ലാ ചിട്ടകളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്‌ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ്‌ ഉണ്ടോയെന്നുപോലും അറിയില്ല.
പക്വമായ ക്യാമ്പസ്‌ രാഷ്‌ട്രീയം ഇല്ലാതെപോയതാണ്‌ ഇന്നു യുവത്വത്തിന്‌ ദിശാബോധം നഷ്‌ടമായതെന്ന്‌ അദ്ദേഹം എന്നും പറയുമായിരുന്നു. മദ്യപര്‍ക്ക്‌ അവകാശമില്ലേ എന്ന്‌ ഒരിക്കല്‍ ചോദിച്ചിരുന്നു. സര്‍ക്കാരിന്‌ ഇത്രയധികം വരുമാനം ഉണ്ടാക്കിനല്‍കുന്ന മദ്യപര്‍ക്ക്‌ വൃത്തിയായും സ്വസ്‌ഥമായും ഇരുന്ന്‌ മദ്യപിക്കാനുള്ള ഇടത്തിന്‌ അവകാശമുണ്ടെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്‌. മദ്യപന്റെ അവകാശത്തിനായി വാദിക്കുന്നത്‌ മഹാമോശം കാര്യമാണെന്നു പറയുന്നവര്‍ക്കു മുന്നിലായിരുന്നു ഈ തുറന്നുപറച്ചില്‍.
മാനസികാരോഗ്യ മേഖലയില്‍ അദ്ദേഹം ചെയ്‌ത ഏറ്റവും വലിയ സംഭാവന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു എന്നതു തന്നെയാണ്‌. ഈ ചികിത്സാസംവിധാനം ജനങ്ങള്‍ക്ക്‌ ആവശ്യമാണെന്ന ചിന്താധാര അദ്ദേഹം സൃഷ്‌ടിച്ചു. യുക്‌തിവാദികളായ പലരും മരണത്തിനോ അതിനു മുമ്പോ നിലപാടുകളില്‍ നിന്ന്‌ മാറിപ്പോകുന്നതു കാണാമായിരുന്നു. ഇപ്പോഴുണ്ടായ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്‌ മനസ്‌ തകര്‍ന്നവര്‍ക്ക്‌ ഡേവിഡ്‌ ഉണ്ടായിരുന്നെങ്കില്‍ വലിയ പ്രചോദനമാകുമായിരുന്നു. ജീവിതവ്യഥകളില്‍ ഉള്ളുലഞ്ഞ്‌ പോകാതെ ഉള്‍ക്കരുത്തോടെ നിലകൊള്ളാന്‍ സമൂഹത്തെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനു തീര്‍ച്ചയായും കഴിയുമായിരുന്നു.
നാലരവര്‍ഷം മുമ്പ്‌ അദ്ദേഹത്തിന്‌ ശക്‌തമായ ഹൃദയാഘാതം ഉണ്ടായിരുന്നു. അത്ഭുതകരമായിട്ടായിരുന്നു അദ്ദേഹം തിരിച്ചുവന്നത്‌. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 30 ശതമാനത്തോളം കുറവായിരുന്നു. പക്ഷേ, അതൊന്നും കൂസാതെ അദ്ദേഹം പുറത്തേക്കിറങ്ങി. സഞ്ചാരിയായി, പ്രഭാഷകനായി, എഴുത്തുകാരനായി, സാമൂഹിക മണ്ഡലങ്ങളില്‍ ഊര്‍ജസ്വലനായി ജ്വലിച്ചുനിന്നു. അദ്ദേഹം ഒരിക്കലും ഡിപ്രസ്‌ഡ്‌ ആയി കണ്ടിട്ടില്ല. പാന്റും ജൂബയും ധരിച്ച്‌ അത്രയ്‌ക്ക്‌ വെട്ടിയൊതുക്കാത്ത താടിയും തടവി കൊച്ചിയുടെ തെരുവുകളില്‍ ഇനി ഡേവിഡ്‌ ഇല്ല എന്ന തിരിച്ചറിവ്‌ വേദനിപ്പിക്കുന്നതാണ്‌.

ഡോ. സി.ജെ. ജോണ്‍

(ചീഫ്‌ സൈക്യാട്രിസ്‌റ്റ്‌, മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രി, കൊച്ചി)

-തയാറാക്കിയത്‌ ബൈജു ഭാസി

Ads by Google
Saturday 25 Aug 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW