Friday, November 16, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.11 AM

സഭയുടെ ഭാരതീയ പാരമ്പര്യം അഭിമാനമാക്കിയ ഇടയന്‍

uploads/news/2018/08/243423/bft3.jpg

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസപ്രവര്‍ത്തകന്‍ എന്ന പേരിലായിരിക്കും കാലംചെയ്‌ത തോമസ്‌ മാര്‍ അത്താനാസിയോസിനെ ജനം അറിയുക. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ കഷ്‌ടതയനുഭവിക്കുന്നവര്‍ക്കു ഗുണകരമാകണമെന്ന അദ്ദേഹത്തിന്റെ അഭിലാഷമാണ്‌ ഇന്നു മലങ്കര സഭയ്‌ക്ക്‌ അഭിമാനിക്കാവുന്ന നിരവധി വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക്‌ അടിത്തറ പാകിയത്‌. ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തെ വളര്‍ച്ചയുടെ നാളുകളിലേക്കു നയിച്ചത്‌ ഈ ഇടയനാണ്‌. കേരളത്തിന്റ മത-സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയസാന്നിധ്യമായിരുന്നു. സൗന്ദര്യബോധവും കാര്‍ഷിക താല്‍പ്പര്യവും കൃത്യമായ അച്ചടക്കവും സഭാ ഭരണഘടനയിലെ അതിരറ്റ അറിവും അദ്ദേഹത്തെ മറ്റ്‌ ഇടയന്മാരില്‍നിന്നു വേറിട്ടുനിര്‍ത്തി. പുത്തന്‍കാവ്‌ കിഴക്കേത്തലയ്‌ക്കല്‍ കുടുംബത്തിലെ അനുഗ്രഹീത പൗരോഹിത്യത്തിന്റെ പിന്‍ഗാമിയായി പരിശുദ്ധ സഭയെ മൂന്നു ദശാബ്‌ദം മെത്രാപ്പോലീത്ത എന്ന നിലയില്‍ ശുശ്രൂഷിച്ചു. ജാതിമതഭേദമന്യേ എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിച്ച പിതാവായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഭാരതീയ സഭയാണെന്ന്‌ ആവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വളരെ അഭിമാനത്തോടെയാണ്‌ പ്രധാനമന്ത്രിയോട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഭാരതീയ സഭയാണെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. ഗുജറാത്തില്‍ നടത്തിയ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആ നാടിന്റെ എല്ലാ ആദരവുകളും ലഭിക്കുന്നതിനു കാരണമായിരുന്നു.
ഗുജറാത്തില്‍ വര്‍ഗീയ ലഹള രൂക്ഷമായപ്പോള്‍ മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌, അന്നു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌. ഗുജറാത്തിലെ ലഹളയില്‍ വീടും വസ്‌തുക്കളും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ആശ്വാസവും കരുതലുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഗുജറാത്തിലെ ജനങ്ങള്‍ നന്ദിയോടെയാണ്‌ സ്‌മരിക്കുന്നത്‌. തിരുമേനിയുടെ സപ്‌തതി ആഘോഷത്തോടനുബന്ധിച്ച്‌ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ വായ്‌പാ സ്‌കോളര്‍ഷിപ്‌ പദ്ധതി വഴി അനേകം കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ എല്ലാ പൊതു സാംസ്‌കാരികതലങ്ങളിലും ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കേരളത്തില്‍ ചിക്കുന്‍ ഗുനിയ പൊട്ടിപ്പുറപ്പെട്ട വേളയില്‍ ഈ രോഗം രേഖപ്പെടുത്തുന്നതിനു വിദേശത്തുനിന്ന്‌ മരുന്ന്‌ വരുത്തി ചെങ്ങന്നൂരിലും മറ്റും വിതരണം ചെയ്‌തു. ഏറ്റവുമൊടുവില്‍ ചെങ്ങന്നൂരിനെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ അതീവദുഃഖിതനായ തിരുമേനി, തെന്റ അവസാനത്തെ കല്‍പ്പനയില്‍ പറഞ്ഞത്‌ ചെങ്ങന്നൂരില്‍ സമീപ പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കൈത്താങ്ങുമായി സഭ ഒന്നാകെ രംഗത്തിറങ്ങണമെന്നായിരുന്നു.

ഫാ. സജി ആമയില്‍

(വൈദിക സെക്രട്ടറി ഓര്‍ത്തഡോക്‌സ്‌ സഭ)

Ads by Google
Saturday 25 Aug 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW