കോഴഞ്ചേരി: ആഘോഷങ്ങളും മേളപ്പെരുമയും ഒഴിവാക്കി, പമ്പയിലൂടെ ഭക്തിയുടെ നിറവില്‍ തിരുവോണത്തോണി ആറന്മുളയിലേക്കു തിരിച്ചു.
പ്രളയദുരിതത്തിന്റെ സാഹചര്യത്തില്‍ ആഘോഷം ഒഴിവാക്കിയാണ് മങ്ങാട്ടു ഭട്ടതിരിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍നിന്നും തോണി പുറപ്പെട്ടത്. എന്നാല്‍ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ണമായും പാലിച്ചിരുന്നു. യാത്രയ്ക്കു നേതൃത്വം നല്കാന് കുമാരനല്ലൂരില്‍നിന്ന് പുറപ്പെട്ട മങ്ങാട്ട് നാരായണ ഭട്ടതിരി ഇന്നലെ കാട്ടൂരിലെത്തി.
വൈകിട്ട് കാട്ടൂര്‍ ക്ഷേത്രത്തില്‍ തൊഴുതശേഷം ഓണവിഭവങ്ങളുമായി ഭട്ടതിരിയുടെ നേതൃത്വത്തില്‍ ആറന്മുളയിലേക്ക് യാത്ര തിരിച്ചു. കാട്ടൂരില്‍നിന്നും സ്വീകരിച്ച ദീപവുമായി തോണിയിലെത്തുന്ന ഭട്ടതിരിയെ പളളിയോടസേവാസംഘം, ഉപദേശക സമിതി, കരനാഥന്മാര് തുടങ്ങി യവര്‍ ചേര്‍ന്ന് ആചാരപരമായി സ്വീകരിക്കും. ക്ഷേത്രത്തിലെത്തി ദീപം അദ്ദേഹം മേല്‍ശാന്തിക്കു കൈമാറും.
മേല്‍ശാന്തി ദീപം അടുത്ത ഉത്രാടം വരേക്കും തെളിയുന്നതിനായി കെടാവിളക്കിലേക്കു പകരും. ഈ സമയം ഊട്ടുപുരയില്‍ തിരുവോണസദ്യയ്ക്ക് ഒരുക്കങ്ങള്‍ ആരംഭിക്കും. കരക്കാരും ഭട്ടതിരിയും ഭഗവാനൊപ്പം തിരുവോണസദ്യ കഴിക്കും. തിരുവോണ നാളില്‍ ദീപാരാധന തൊഴുന്ന ഭട്ടതിരി ദേവസ്വം ബോര്‍ഡ് നല്കുന്ന കിഴിപ്പണം സ്വീകരിച്ച് അതു ഭഗവാന് ദക്ഷിണയായി സമര്‍പ്പിച്ച് അടുത്ത വര്‍ഷവും ഇതിനുള്ള അവസരം തരണമെന്ന്് പ്രാര്‍ഥിച്ച് കുമാരനല്ലൂരിലേക്ക് മടങ്ങും.