Wednesday, April 24, 2019 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.08 AM

ഉത്രാടപ്പാച്ചിലുണ്ടായില്ല, ഇന്നു തിരുവോണം

uploads/news/2018/08/243419/re2.jpg

കോട്ടയം: തിരക്കുണ്ടായിരുന്നു, പക്ഷേ തിരക്കിനു പതിവ്‌ ഉത്രാടപ്പാച്ചിലിന്റെ വേഗമുണ്ടായിരുന്നില്ലെന്നു മാത്രം. പ്രളയ ദുരിതത്തില്‍ ജനങ്ങളും പ്രളയക്കുരുക്കില്‍ വ്യാപാരികളും അകപ്പെട്ട നിറംകെട്ട ഓണവിപണിയായിരുന്നു ഇത്തവണത്തേത്‌.
നിര്‍ജീവമായ ഓണക്കാലത്തിന്റെ പ്രതിഫലനമായി ഇന്നലത്തെ ഉത്രാടപ്പാച്ചിലും. നഗര, ഗ്രാമ പ്രദേശ വ്യത്യാസമെന്യേ എമ്പാടും വാഹനത്തിരക്കുണ്ടായിരുന്നുവെങ്കിലും വ്യാപാര സ്‌ഥാപങ്ങളില്‍ ഈ തിരക്ക്‌ പ്രതിഫലിച്ചതേയില്ല.
കോട്ടയം നഗരത്തില്‍ പതിവു ഉത്രാട നാളിലുണ്ടായിരുന്ന തിരക്കിന്റെ നാലിലൊന്നു പോലും ഇത്തവണയുണ്ടായിരുന്നില്ല. കോടിക്കണക്കിനു രൂപയുടെ സ്‌റ്റോക്ക്‌ ശേഖരിച്ചു ഓണനാളിലെ വില്‍പ്പന പ്രതീക്ഷിച്ച്‌ വസ്‌ത്ര വ്യാപാരികള്‍ ഒരുങ്ങിയിരുന്നുവെങ്കിലും വ്യാപാരം നന്നേ കുറഞ്ഞു. കഴിഞ്ഞ ഓണനാളില്‍ രാത്രി 12 വരെ തുറന്നിരുന്ന വസ്‌ത്രവ്യാപാര ശാലകള്‍ ഇത്തവണ ഏഴിനും എട്ടിനും അടയ്‌ക്കുന്ന കാഴ്‌ചയായിരുന്നു.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത്തവണ പച്ചക്കറി സുലഭമാകുകയും വില കുറയുകയും ചെയ്‌തിട്ടും പച്ചക്കറി മാര്‍ക്കറ്റിലും ഇത്തവണ കാര്യമായ തിരക്കുണ്ടായില്ല. മുന്‍വര്‍ഷങ്ങളില്‍ വില്‍ക്കുന്നതിന്റെ നാലിലൊന്നു പച്ചക്കറി പോലും വിറ്റില്ല. ഹോര്‍ട്ടികോര്‍പ്പിന്റെയും വി.എഫ്‌.സി.കെയുടെയും സജീവ പച്ചക്കറി മാര്‍ക്കറ്റുകള്‍ ഒന്നുമില്ലായിരുന്നു. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവയുടെ മാര്‍ക്കറ്റുകളും പേരിലൊതുങ്ങി.
ഉപ്പേരി, ശര്‍ക്കരവരട്ടി വിപണികളെയും ഇത്തവണ പ്രളയം തളര്‍ത്തിയിരുന്നു. വന്‍തോതില്‍ വ്യാപാരികള്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയുമൊക്കെ പാകം ചെയ്‌തു സൂക്ഷിച്ചിരുന്നവരും വെട്ടിലായി. വ്യാപാരം നന്നേ കുറഞ്ഞുവെങ്കിലും ഇന്നലെ വൈകിട്ടായതോടെ ഉപ്പേരിയുടെയും ശര്‍ക്കരവരട്ടിയുടെയും വില 400 കടന്നു.
ഓണം വിപണി പ്രളയത്തില്‍ മുങ്ങി. ഇക്കുറി ഓണത്തലേന്നത്തെ ഉത്രാടപ്പാച്ചില്‍ ഇഴഞ്ഞു. ഓണക്കമ്പോളത്തില്‍ മാന്ദ്യം നേരിടുകയാണെന്ന്‌ കച്ചവടക്കാര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ കിട്ടാനില്ല. ഉള്ളവയ്‌ക്ക് വില കൂടും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ്‌ അല്‍പ്പമെങ്കിലും വിലക്കുറവുള്ളത്‌. അതിജീവനത്തിന്റെ പോരാട്ടത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലാണ്‌ പലരുടെയും ഓണം.
പ്രളയക്കെടുതിയെ തുടര്‍ന്നു ഭൂരിഭാഗം പേരും ഓണം ആഘോഷിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കച്ചവടക്കാര്‍ക്ക്‌ ഇത്തവണ വറുതി ഓണമായി. പൂ വില്‍പ്പനയും നാമമാത്രമായാണ്‌ നടന്നത്‌. പൂക്കളുമായി എത്തിയ ഇതര സംസ്‌ഥാന കച്ചവടക്കാരും പതിയെ കളമൊഴിയുകയാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്‌ കോര്‍പ്പറേഷനുകളും ചുരുക്കം രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടെന്നുവച്ചു.
ദേശക്കുമ്മാട്ടികളും ജില്ലയില്‍ പലയിടത്തും ഉപേക്ഷിച്ചു. ചിലയിടത്ത്‌ ചടങ്ങിന്‌ മാത്രം നടത്താനും ധാരണയായി. പ്രശസ്‌തമായ പുലിക്കളിയും വേണ്ടെന്നുവച്ചു. മിക്കവാറും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്ന ഇവ ഉപേക്ഷിക്കുന്നത്‌ വന്‍ സാമ്പത്തിക നഷ്‌ടമാണ്‌ ഉണ്ടാക്കുക. വെല്ലുവിളി നേരിടുന്ന ഈ മേഖലയിലെ കലാകാരന്‍മാര്‍ക്കും ഇത്‌ തിരിച്ചടിയാകും. ഓണക്കാലത്ത്‌ സജീവമായി ലഭിക്കുന്ന വേദികള്‍ അവര്‍ക്ക്‌ ലഭിക്കില്ല. അത്തം മുതല്‍ തന്നെ മഴക്കെടുതികള്‍ രൂക്ഷമായിരുന്നു. പ്രളയം ആരംഭിച്ചതോടെ പൂക്കളമിടുന്ന പതിവുപോലും ഇല്ലാതെയായി. സര്‍ക്കാര്‍ ഓണാഘോഷം ഉപേക്ഷിച്ചത്‌ കലാസമിതികളും വാദ്യക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരെ ബാധിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമൂഹസദ്യകളും വേണ്ടെന്ന തീരുമാനത്തിലാണ്‌.
ഓണം ആഘോഷിക്കുന്നില്ലെന്ന മനോഭാവമാണ്‌ ഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്‌. ഇത്‌ ഓണവിപണിയെ നിര്‍ജീവമാക്കി. സാധാരണ ദിവസത്തെ തിരക്ക്‌ മാത്രമാണ്‌ കടകളില്‍ അനുഭവപ്പെടുന്നത്‌. പച്ചക്കറി വില്‍പ്പനയിലും ഇടിവുണ്ടായി. ഓണത്തിന്‌ പുതുവസ്‌ത്രം വാങ്ങാനും ആളുകള്‍ വളരെ കുറഞ്ഞു.

Ads by Google
Saturday 25 Aug 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW