Friday, September 14, 2018 Last Updated 28 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.44 AM

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 31 വരെ 139 അടിയില്‍ കൂടരുത്‌: സുപ്രീം കോടതി

uploads/news/2018/08/243342/d2.jpg

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഈ മാസം 31 വരെ 139 അടിയില്‍ നിലനിര്‍ത്തണമെന്ന്‌ സുപ്രീം കോടതി. അനുവദിച്ചിട്ടുള്ള പരമാവധി ജലനിരപ്പായ 142 അടിയേക്കാള്‍ രണ്ടോ മൂന്നോ അടി താഴെയായി നിലനിര്‍ത്തണമെന്ന മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ നിര്‍ദേശം അംഗീകരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌. കേരളത്തിന്റെ സത്യവാങ്‌മൂലത്തില്‍ മറുപടി നല്‍കാനും തമിഴ്‌നാട്‌ ഉള്‍പ്പെടെയുള്ള കക്ഷികളോട്‌ ബെഞ്ച്‌ ആവശ്യപ്പെട്ടു. കേസ്‌ അടുത്തമാസം ആറിന്‌ വീണ്ടും പരിഗണിക്കും.
ദുരന്തനിവാരണമല്ലാതെ മറ്റൊരു വിഷയവും തങ്ങള്‍ പരിഗണിക്കില്ലെന്നും കേരളത്തിലെ പ്രളയസാഹചര്യം കണക്കിലെടുത്താണു ജലനിരപ്പ്‌ കുറയ്‌ക്കാന്‍ പറഞ്ഞതെന്നും സുപ്രീം കോടതി പറഞ്ഞു. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌ 139.998 അടിയാണെന്നു കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്‌. നരസിംഹ വ്യക്‌തമാക്കി. വ്യാഴാഴ്‌ച ചേര്‍ന്ന ഉപസമിതി യോഗം ജലനിരപ്പ്‌ 139 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്‌നാടിനോട്‌ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഉപസമിതിയുടെ നിര്‍ദേശം അംഗീകരിച്ച്‌ ബെഞ്ച്‌ ഉത്തരവിറക്കിയത്‌. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ തമിഴ്‌നാട്‌ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട്‌ ഇടുക്കി സ്വദേശി റസല്‍ ജോയി നല്‍കിയ ഹര്‍ജിയാണ്‌ സുപ്രീം കോടതിക്ക്‌ മുമ്പാകെയുള്ളത്‌.
മുല്ലപ്പെരിയാറില്‍നിന്ന്‌ ടണല്‍ വഴി തമിഴ്‌നാട്‌ കൂടുതല്‍ വെള്ളമെടുത്ത്‌ കൊണ്ടുപോകണമെന്നാണ്‌ കേരളം ആവശ്യപ്പെട്ടത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‌ സാധിക്കില്ലെന്നും പരമാവധി വെള്ളമെടുക്കുന്നുണ്ടെന്നുമാണ്‌ തമിഴ്‌നാട്‌ കോടതിയെ അറിയിച്ചത്‌. ജലനിരപ്പ്‌ 136 അടിയായപ്പോള്‍ത്തന്നെ കുറേശെയായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ 24 മണിക്കൂര്‍ കൂടി അധികമായി ലഭിക്കുമായിരുന്നുവെന്ന്‌ കേരളം സുപ്രീം കോടതിയെ അറിയിച്ചു. ആവര്‍ത്തിച്ചുള്ള ആവശ്യം തമിഴ്‌നാട്‌ ചെവിക്കൊണ്ടില്ലെന്നും ഒടുവില്‍ 13 ഷട്ടറുകളും ഒന്നിച്ച്‌ തുറന്നത്‌ പ്രളയത്തിന്റെ കാരണങ്ങളിലൊന്നായി മാറിയെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടി. 2014-ലെ സുപ്രീംകോടതി വിധി മറികടക്കാനാണ്‌ കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട്‌ വാദിച്ചു. മുല്ലപ്പെരിയാറില്‍ 142 അടി വരെ ജലനിരപ്പാകാമെന്നായിരുന്നു 2014-ലെ വിധി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 25 Aug 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW