Saturday, August 25, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.44 AM

700 കോടി : ഒടുവില്‍ സ്വാഹ! തുക പറഞ്ഞിട്ടില്ലെന്ന്‌ യു.എ.ഇ.

uploads/news/2018/08/243341/d1.jpg

ന്യൂഡല്‍ഹി: 700 കോടി രൂപയുടെ വിവാദം വീണ്ടും പുകയുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനുള്ള ധനസഹായം എത്രയെന്നു കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നു യു.എ.ഇ. നയതന്ത്രകാര്യാലയം. 700 കോടി രൂപയുടെ കണക്ക്‌ എവിടെനിന്നു വന്നുവെന്നു പരിശോധിക്കുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും അറിയിച്ചു.
കേരളത്തിന്‌ യു.എ.ഇ. 700 കോടി രൂപ സഹായം നല്‍കുമെന്ന്‌ അറിയിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടത്‌. എന്നാല്‍ സര്‍ക്കാര്‍നയം ചൂണ്ടിക്കാട്ടി വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കാനാവില്ല എന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയതോടെ വിവിധകോണുകളില്‍നിന്ന്‌ പ്രതിഷേധമുയര്‍ന്നു. അതിനിടെയാണ്‌ സഹായം സംബന്ധിച്ച്‌ ഔദ്യോഗികപ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല എന്ന വെളിപ്പെടുത്തലുമായി യു.എ.ഇ. അംബാസഡര്‍ രംഗത്തുവന്നത്‌.
ഇതോടെ ഇല്ലാത്ത കോടികളെച്ചൊല്ലിയാണു വിവാദമെന്നനിലയിലാണു കാര്യങ്ങളുടെ പുരോഗതി.
അതേസമയം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു കൈത്താങ്ങേകാനുള്ള ഉദ്യമങ്ങള്‍ക്കു ദേശീയ അടിയന്തരസമിതി യു.എ.ഇ. സര്‍ക്കാര്‍ രൂപീകരിച്ചെന്നു യു.എ.ഇ. അംബാസഡര്‍ അഹമ്മദ്‌ അല്‍ബന്നാം ഇന്നലെ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്‌ അര്‍ഹരായവര്‍ക്ക്‌ സഹായം ഉറപ്പാക്കുകയെന്നതും സമിതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നു. സഹായധനം സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ പദ്ധതികള്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്‌തത തങ്ങളുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അല്‍ബന്നാം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ആശയവിനിമയത്തിനിടെയു.എ.ഇ. ഭരണകൂടം സഹായവാഗ്‌ദാനം നല്‍കിയിരുന്നു. അതിനു മോഡി നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. സഹായം സ്വീകരിച്ചെന്നല്ല അത്‌ അര്‍ഥമാക്കുന്നത്‌. സഹായധനം സംബന്ധിച്ച്‌ പരാമര്‍ശമുണ്ടായതുമില്ല. സത്യം ഇതായിരിക്കെ 700 കോടി രൂപയുടെ കണക്ക്‌ എവിടെനിന്നാണു വന്നതെന്ന്‌ മനസിലാകുന്നില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച അവസാനവാക്ക്‌ കേന്ദ്രസര്‍ക്കാരിന്റേതായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 18 ന്‌ യു.എ.ഇ. പ്രധാനമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്‌തൂമാണു കേരളത്തിനുള്ള സഹായവാഗ്‌ദാനം ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്‌. പ്രളയക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ യു.എ.ഇയുടെ സഹായസന്നദ്ധത സ്‌ഥിരീകരിച്ചു.
സഹായധനമെന്ന നിലയില്‍ 700 കോടിരൂപ യു.എ.ഇ. ഭരണകൂടം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ഇക്കാര്യം യു.എ.ഇ. ഭരണകൂടം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പിണറായി വ്യക്‌തമാക്കിയിരുന്നു.

Ads by Google
Saturday 25 Aug 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW