Wednesday, November 21, 2018 Last Updated 43 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.44 AM

പശ്‌ചിമ ബംഗാള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കില്ല

uploads/news/2018/08/243338/d3.jpg

ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ച ഇരുപതിനായിരത്തോളം പഞ്ചായത്ത്‌ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
സംഘര്‍ഷം അഴിച്ചുവിട്ട തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ അംഗങ്ങളെ നാമനിര്‍ദേശ പത്രിക നല്‍കുന്നതില്‍ നിന്നു തടഞ്ഞെന്നാരോപിച്ച്‌ സി.പി.എമ്മും ബി.ജെ.പിയുമാണു സുപ്രീം കോടതിയെ സമീപിച്ചിരുന്നത്‌.
തെരഞ്ഞെടുപ്പിനെച്ചൊല്ലി ആക്ഷേപമുള്ളവര്‍ക്കു ബന്ധപ്പെട്ട കോടതികളില്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.
കഴിഞ്ഞ മേയിലാണു സംസ്‌ഥാനത്ത്‌ ഗ്രാമ പഞ്ചായത്ത്‌ വില്ലേജ്‌, ജില്ലാ പരിഷത്ത്‌, പഞ്ചായത്ത്‌ സമിതികളിലേക്കു തെരഞ്ഞെടുപ്പ്‌ നടന്നത്‌. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ 20,159 സീറ്റുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്ക്‌ എതിരാളി ഉണ്ടായിരുന്നില്ല.
ഇത്‌ അത്യന്തം ഗൗരവമാണെന്നു നേരത്തേ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട്‌ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇ-മെയില്‍, വാട്‌സ്‌ ആപ്പ്‌ എന്നിവയിലൂടെ പത്രിക നല്‍കാന്‍ അനുവദിച്ച കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്‌ അന്നു സ്‌റ്റേ ചെയ്യുകയും ചെയ്‌തു. ഏകദേശം 33 ശതമാനം സീറ്റുകളില്‍ സ്‌ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വിശദീകരണം.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരെ വിജയികളെന്നു വിജ്‌ഞാപനം ചെയ്യുന്നത്‌ കഴിഞ്ഞ 13-ന്‌ സുപ്രീം കോടതി വിലക്കി. ഈ പ്രശ്‌നത്തെച്ചൊല്ലി പഞ്ചായത്ത്‌ സമിതികള്‍ ചേരാന്‍ കഴിയാത്തത്‌ ഭരണഘടനാ പ്രതിസന്ധിക്കു കാരണമാകുമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ വാദം കൂടി കേട്ടതിനു ശേഷമാണു ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയത്‌.

Ads by Google
Saturday 25 Aug 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW