വാഷിങ്ടണ്‍: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന് ഖാനുമായുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രഥമ സംഭാഷണം വിവാദത്തില്‍.
ഇമ്രാന് ആശംസയര്‍പ്പിച്ചുള്ള ഫോണ്‍ സംഭാഷണത്തിനിടെ പാകിസ്താന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു പോംപിയോ ആവശ്യപ്പെട്ടെന്ന യു.എസ്. വിദേശകാര്യ വകുപ്പിന്റെ പത്രക്കുറിപ്പാണ് പ്രകോപനത്തിനു കാരണമായത്. സംഭാഷണമധ്യേ ഇത്തരമൊരു പരാമര്‍ശം പോംപിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണു പാകിസ്താന്റെ വാദം. വാസ്തവവിരുദ്ധമായ ഭാഗം പത്രക്കുറിപ്പില്‍നിന്ന് ഉടന്‍ നീക്കണമെന്നു പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ്ഫൈസല്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. അടുത്തമാസം അഞ്ചിന് പോംപിയോ ഇസ്ലാമബാദ് സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നതാണു ശ്രദ്ധേയം.