ഗര്‍ഭകാലത്തെ ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഗര്‍ഭിണികളിലെ ദന്തസംരക്ഷണവും. ഗര്‍ഭാവസ്ഥയിലെ ദന്തസംരക്ഷണത്തിലൂടെ അമ്മയുടെ ആരോഗ്യം മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കാനാകും.
ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് പല്ലിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയാത്തവര്‍ ഗര്‍ഭിണിയാകുന്ന സമയം തീര്‍ച്ചയായും ഡെന്റിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സകള്‍ ആരംഭിക്കണം. ഗര്‍ഭകാല ചെക്കപ്പുകള്ക്കൊപ്പം ദന്തപരിശോധനയും നടത്തുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തവസ്തുവായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണം.
മൂന്ന് മാസം അല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പല്ലുകള്‍ വൃത്തിയാക്കുന്നത് എല്ലാവിഭാഗം ആളുകള്‍ക്കും ഗുണം ചെയ്യും. എന്നാല്‍ സാധാരണയായി ഓറല്‍ ഹൈജിന്‍ അത്ര കൃത്യമായി പാലിക്കപ്പെടാറില്ല. പല്ലുകള്‍ക്ക് കേടുപാടുകളും വേദനയും അനുഭവപ്പെടുമ്പോള്‍ മാത്രമാണ് ചികിത്സ തേടാറുള്ളത്.
സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭധാരണത്തിനു മുന്‍പ് ഡെന്റിസ്റ്റിനെ കണ്ട് പല്ലുകള്‍ വൃത്തിയാക്കുന്നതാണ് നല്ലത്. ഓരോ ഗര്‍ഭധാരണ സമയത്തും ദന്തസംരക്ഷണത്തിനു നല്‍കേണ്ട പ്രാധാന്യം തീര്‍ച്ചയായും നല്‍കണം. ദന്തസംരക്ഷണത്തെക്കുറിച്ചു മനസിലാക്കി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അവ ചെയ്യണം.
ഭക്ഷണത്തിനു ശേഷം കൃത്യമായി പല്ലുകള്‍ വൃത്തിയാക്കുക, പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കുകള്‍ എടുത്തു കളഞ്ഞു വൃത്തിയാക്കുക, ചെറുചൂടുവെള്ളം വായില്‍ കവിള്‍കൊള്ളുക, ഇത്തരത്തിലുള്ള ഓറല്‍ ഹൈജിന്‍ പാലിക്കുന്നത് ഗര്‍ഭകാലത്തെ പല്ലുകളുടെ സംരക്ഷണത്തിനു വളരെയധികം സഹായിക്കും.
ആദ്യമൂന്നു മാസങ്ങളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഗര്‍ഭിണികളില്‍ ഉണ്ടാകുന്നത്. നാലാം മാസം മുതല്‍ ആറാം മാസം വരെയുള്ള രണ്ടാമത്തെ ട്രൈമസ്റ്ററില്‍ പല്ലിനുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ തെറ്റില്ല. കേടുപാടുള്ള പല്ലുകള്‍ നീക്കം ചെയ്യുക, പല്ലിന്റെ സുഷിരങ്ങള്‍ അടയ്ക്കുക,റൂട്ട് കനാല്‍ എന്നിവയിലൂടെ ഗര്‍ഭാവസ്ഥയുടെ നാലു മുതല്‍ ആറ് മാസം വരെയുള്ള സമയങ്ങളില്‍ വിദഗ്ധ നിര്‍ദേശത്തോടെ പരിഹരിക്കാവുന്നതാണ്.
മൂന്നാം ട്രൈമസ്റ്ററില്‍ അതായത് ഏഴാം മാസം മുതല്‍ ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം കൂടാനുള്ള സാധ്യതയുണ്ട്. ഈ സമയം പല്ലുവേദന അധികരിച്ചേക്കാം. അതിനാല്‍ പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ രണ്ടാം ട്രൈമസ്റ്ററില്‍ പരിഹരിക്കേണ്ടതുണ്ട്. അഥവാ ഗര്‍ഭാവസ്ഥയുടെ അവസാന മാസങ്ങളില്‍ എന്തെങ്കിലും ചികിത്സ ചെയ്യേണ്ടി വന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സ്ഥാനമുള്‍പ്പെടെ പരിഗണിച്ചു മാത്രമേ ചികിത്സിക്കാവൂ. അതായത് ഗര്‍ഭിണി ചികിത്സയ്ക്കായി ഇരുത്തുന്നതില്‍ പോലും ശ്രദ്ധിക്കണം.
ഗര്‍ഭാവസ്ഥയില്‍ സാധാരണയായി റേഡിയോഗ്രാഫ് അനുവദിക്കുന്നതല്ല. അപൂര്‍വമായി മാത്രം ചില കേസുകളില്‍ റേഡിയോഗ്രാഫ് എക്സറേ എടുക്കാറുണ്ട്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം ഉറപ്പാക്കി മാത്രമേ ഇവ ചെയ്യാവൂ.
ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് ഉചിതം. ഗര്‍ഭിണിയായതിനുശേഷം രണ്ടാം ട്രൈമസ്റ്ററിലെങ്കിലും ദന്തരോഗങ്ങള്‍ പരിഹരിക്കണം. അവസാന മൂന്നു മാസം ഗര്‍ഭിണികളെ സംബന്ധിച്ച് പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന കാലയളവാണ്.
കാലുകളില്‍ നീര്, നെഞ്ചിടിപ്പ് വര്‍ധിക്കുക, ചികിത്സാ സമയത്ത് ദന്തപരിശോധനകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. അതിനാല്‍ ദന്തപരിശോധനകള്ക്കും സംരക്ഷണത്തിനും ഉചിതമായ സമയത്ത് തന്നെ ആരംഭിക്കുക.
ഡോ. അനു എസ്. മോനി
റസിഡന്റ് ഡെന്റല്‍ സര്ജന്
ഡോക്ടര്‍ പ്രവീണ്‍സ് ഡെന്റല്‍
കോസ്മറ്റിക് സെന്റര്‍ കലൂര്‍, എറണാകുളം